അയോധ്യയിൽ കെ.എഫ്.സി ആരംഭിക്കാം, പക്ഷെ ചിക്കൻ പാടില്ല
വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ വ്യക്തമാക്കി
ചിക്കൻ വിഭവങ്ങളിൽ ലോകത്തിൽ തന്നെ മുൻനിരയിലുള്ള ബ്രാൻഡാണ് കെ.എഫ്.സി (കെന്റക്കി ഫ്രൈഡ് ചിക്കൻ). അയോധ്യയിൽ രാമക്ഷേത്രത്തിന് സമീപം കെ.എഫ്.സി ആരംഭിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് സർക്കാർ വൃത്തങ്ങൾ. അതേസമയം, വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ വ്യക്തമാക്കി.
വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ചാൽ കെ.എഫ്.സിക്ക് പോലും സ്ഥലം നൽകാൻ തങ്ങൾ തയ്യാറാണെന്ന് സർക്കാർ ഉദ്യോഗസ്ഥനായ വിശാൽ സിങ് വ്യക്തമാക്കി. ക്ഷേത്രത്തോട് ചേർന്ന പഞ്ച് കോസി മാർഗിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിൽ മാംസവും മദ്യവും വിളമ്പുന്നത് നിരോധിച്ചിട്ടുണ്ട്. രാമക്ഷേത്രത്തോട് ചേർന്നുള്ള 15 കിലോമീറ്റർ പരിധിയിലാണ് ഈ നിരോധനം.
അയോധ്യയിൽ പുതിയ സ്റ്റോറുകൾ തുടങ്ങാൻ വിവിധ കമ്പനികളിൽനിന്ന് ഓഫറുകൾ ഉണ്ടെന്ന് വിശാൽ സിങ് പറഞ്ഞു. ഞങ്ങൾ അവരെയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിക്കും. പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ പഞ്ച് കോസിക്കുള്ളിൽ നോൺ വെജ് ഭക്ഷണം വിളമ്പരുത് -വിശാൽ സിങ് പറഞ്ഞു.
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ഉദ്ഘാടനം ചെയ്തശേഷം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
Adjust Story Font
16