Quantcast

ആശുപത്രി ആക്രമണം: ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി അറബ് ലോകം

ജോർദാനിൽ ജനങ്ങൾ ഇസ്രായേൽ എംബസി ആക്രമിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-18 01:37:53.0

Published:

18 Oct 2023 12:20 AM GMT

More than 500 killed in Israeli bombardment of Al Ahli Hospital in Gaza: Palestinian Ministry of Health
X

ഗസ്സ സിറ്റി: ഗസ്സയിലെ അൽ അഹ്ലി അൽ അറബ് ആശുപത്രിക്ക് മേൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ 500 ലേറെ പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി അറബ് ലോകം. ഇസ്രായേലിൻ്റെ നടപടിയിൽ ഖത്തർ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, ഇറാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വൻ പ്രതിഷേധം രേഖപ്പെടുത്തി.

ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പടണമെന്നും ഐക്യരാഷ്ട്ര സഭയിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു. ഉന്നം തെറ്റി റോക്കറ്റ് പതിച്ചാണ് ആശുപത്രിയിൽ സ്‌ഫോടനമുണ്ടായതെന്ന ഇസ്രായേൽ പ്രചാരണം നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകോപിതരായ ജനങ്ങൾ ഇസ്രായേൽ എംബസി കയ്യേറിയതിനെ തുടർന്ന് അമ്മാനിൽ ഫലസ്തീൻ നേതാക്കളുമായി നടക്കാനിരുന്ന യു.എസ് - ഈജിപ്ത് ഉച്ചകോടി ഉപേക്ഷിച്ചതായി ജോർദാൻ അറിയിച്ചു. ആശുപത്രി ആക്രമണം ഭയാനകം ആണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആൻ്റോനിയോ ഗുട്ടറസ് പ്രതികരിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഹീനമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

ഇസ്രായേലിന്റെ ഗസ്സ ആക്രമണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇറാൻ വിദേശമന്ത്രി ഹുസൈൻ അമിർ അബ്ദുല്ലാഹിൻ ജിദ്ദയിലെത്തിയതായി ഇറാനിയൻ വൃത്തങ്ങൾ അറിയിച്ചു. ഇസ്രായേൽ - ഫലസ്തീൻ യുദ്ധത്തെപ്പറ്റി ചർച്ച ചെയ്യാൻ സൗദിയും പാകിസ്താനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താൻ വിദേശമന്ത്രി ജലീൽ അബ്ബാസ് ചൊവ്വാഴ്ച സൗദിയിൽ എത്തിയിരുന്നു.

ഗസ്സയിൽ ആശുപത്രിക്കു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ യു.എൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന് ഫലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. '21-ാം നൂറ്റാണ്ടിൽ മറ്റൊരു നക്ബ സംഭവിക്കാൻ ഇടയാക്കരുത്. ഞങ്ങൾ ഫലസ്തീൻ വിട്ടുപോകില്ല. ഞങ്ങൾ ഉറച്ചുനിൽക്കും. എത്ര ബലികഴിക്കേണ്ടി വന്നാലും ഞങ്ങൾ ഗസ്സയിൽ രക്തപ്പുഴ ഒഴുക്കാൻ സമ്മതിക്കില്ല.' അബ്ബാസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഗസ്സ സിറ്റിയിലെ അൽ അഹ്ലി അൽ അറബ് ആശുപത്രിക്ക് നേരെ ഇസ്രായേലിൻ്റെ ശക്തമായ വ്യോമാക്രമണം ഉണ്ടായത്. ജറുസലേമിലെ എപ്പിസ്കോപ്പൽ ചർച്ചിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി സുരക്ഷിത സ്ഥാനമാണെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് അറിയിച്ചിരുന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരണ നിരക്ക് ഇനിയും വർധിക്കാമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story