ബംഗാളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷം: 18ന് മുകളിലുള്ളവർക്കുള്ള വിവാദ വാക്‌സിൻ നയം തിരുത്തി കേന്ദ്രസർക്കാർ
18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്സിനേഷനെന്നായിരുന്നു ആദ്യ നിർദേശം. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
രാജ്യത്ത് പിടിമുറുക്കി കോവിഡ് രണ്ടാം തരംഗം. ഓക്സിജൻ പ്രതിസന്ധിക്കൊപ്പം വാക്സിൻ ക്ഷാമവും രൂക്ഷമാവുന്നു. ഡൽഹിക്ക് പിന്നാലെ ബംഗാളിലും സ്ഥിതി രൂക്ഷമാവുകയാണ്. ഇതിനിടെ മൂന്നാം ഘട്ടത്തിൽ വാക്സിൻ എടുക്കുന്നവർക്കായി പുറത്തിറക്കിയ മാർഗനിർദേശം കേന്ദ്രസര്‍ക്കാർ തിരുത്തി. മെയ് ഒന്നിന് മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിക്കാനിരിക്കെയാണ് രജിസ്ട്രേഷൻ നടപടിയുടെ മാർഗനിർദ്ദേശം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്സിനേഷനെന്നായിരുന്നു ആദ്യ നിർദേശം. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ശേഷം മണിക്കൂറുകൾക്കകം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം തിരുത്തി. സംസ്ഥാന സർക്കാരുകൾ നേരിട്ട് വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യാമെന്ന് തിരുത്തിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. മറ്റന്നാൾ മുതലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുക. എന്നാൽ മെയ് ഒന്നിന് ആരംഭിക്കേണ്ട വാക്സിനേഷനുള്ള വാക്സിൻ സമയബന്ധിതമായി ലഭിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനങ്ങൾ. ഇതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയാണ്.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്നലെയും ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചു. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഉത്പാദനം വർധിപ്പിക്കാൻ പ്ലാന്റുകൾക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ലിക്വിഡ് ഓക്സിജന്റെ മുഴുവൻ സ്റ്റോക്കും സർക്കാരിനു കൈമാറണമെന്ന് വ്യവസായ യൂണിറ്റുകളോടും ആവശ്യപ്പെട്ടു. അതിനിടെ സംസ്ഥാനത്തെ പ്രതിദിന കേസുകൾ കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസ് അറുപതിനായിരത്തിന് മുകളിൽ തന്നെ തുടരുന്നു. കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിനം മുപ്പതിനായിരത്തിന് മുകളിലാണ് രോഗികൾ. ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ വെസ്റ്റ് ബംഗാളിലും സ്ഥിതി രൂക്ഷമാവുകയാണ്.
Adjust Story Font
16