Quantcast

വിഴിഞ്ഞം തുറമുഖനിർമാണം നിലച്ചതിലെ നഷ്ടം നികത്തണമെന്ന് അദാനി ഗ്രൂപ്പ്; ഹരജികൾ ഇന്ന് ഹൈക്കോടതിയിൽ

സമരം തീർന്ന പശ്ചാത്തലത്തിൽ കേന്ദ്രസേന വേണ്ടെന്ന് സർക്കാർ അറിയിക്കും

MediaOne Logo

Web Desk

  • Updated:

    2022-12-07 01:14:04.0

Published:

7 Dec 2022 1:11 AM GMT

വിഴിഞ്ഞം തുറമുഖനിർമാണം നിലച്ചതിലെ നഷ്ടം നികത്തണമെന്ന് അദാനി ഗ്രൂപ്പ്; ഹരജികൾ ഇന്ന് ഹൈക്കോടതിയിൽ
X

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമരം ഒത്തുതീർപ്പായതിനാൽ സുരക്ഷക്ക് കേന്ദ്രസേന വേണ്ടെന്ന കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ഒത്തുതീർപ്പ് വ്യവസ്ഥകളും സർക്കാർ കോടതിയിൽ ബോധ്യപ്പെടുത്തും. തുറമുഖ നിർമാണം നിലച്ചതിനെ തുടർന്നുണ്ടായ നഷ്ടം നികത്തണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചേക്കും. ജസ്റ്റിസ് അനുശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

അതേസമയം, സർക്കാരിനെ മുൾമുനയിൽ നിർത്തിയ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എതിരായ സമരം സമരസമിതി ഇന്നലെ അവസാനിപ്പിച്ചു. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കണമെന്നതടക്കം സമരസമിതി ഉന്നയിച്ച പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചില്ലെങ്കിലും സമരം അവസാനിപ്പിക്കുകയായിരുന്നു. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്‌തെന്ന് പറഞ്ഞ സമരസമിതി പൂർണ തൃപ്തിയോടെ അല്ല സമരം പിൻവലിച്ചതെന്നും വ്യക്തമാക്കി

സമരം പിൻവലിച്ചതിനാൽ എൽഡിഎഫിന്റെ വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു. 140 ദിവസമായി വിഴിഞ്ഞത്ത് നടന്ന സമരമാണ് മന്ത്രിതല സമിതിയും മുഖ്യമന്ത്രിയും നടത്തിയ ചർച്ചക്കൊടുവിൽ പിൻവലിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന വീട്ട് വാടക 5500 നിന്ന് 8000 ആക്കണമെന്നും അധികമായി നൽകേണ്ട 2500 അദാനിയുടെ സിഎസ് ആർ ഫണ്ടിൽ നിന്ന് വേണ്ട സർക്കാർ തന്നെ നൽകണമെന്നുമാണ് സമരസമിതി ആവശ്യപ്പെട്ടത്. കൂടാതെ തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ദ സമിതിയിൽ പ്രദേശിക പ്രതിനിധിയെ ഉൾപ്പെടുത്തണം. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുണ്ടോയെന്ന് പരിശോധിക്കാൻ മോണറ്ററിംങ് കമ്മിറ്റി വേണം,പൊലീസ് സ്റ്റേഷൻ അക്രമവുമായി ബന്ധപ്പട്ട് ജുഡീഷ്യൽ അന്വേഷണം വേണം തുടങ്ങിയവ ആയിരിന്നു സമരസമിതിയുടെ ആവശ്യങ്ങൾ.

എന്നാൽ ഇതിൽ ചിലത് മാത്രമാണ് സർക്കാർ അംഗീകരിച്ചത്. അധിക വാടകയായ 2500 രൂപ അദാനിയുടെ സി.എസ് ആർ ഫണ്ടിൽ നിന്ന് നൽകാമെന്ന സർക്കാർ നിലപാട് തള്ളിയ സമരസമിതി 5500 തന്നെ വാടക മതിയെന്ന് തീരുമാനിച്ചു. രണ്ട് മാസത്തെ വാടക അഡ്വാൻസ് ആയി സർക്കാർ നൽകും. മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്‌ളാറ്റ് നിർമ്മാണം ഒന്നരവർഷം കൊണ്ട് പൂർത്തികരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി.

തീരശോഷണം പഠിക്കുന്ന വിദ്ഗദ സമിതിയിൽ പ്രദേശിക പ്രതിനിധിയെ ഉൾപ്പെടുത്തില്ല പകരം മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തും. സർക്കാർ ഉറപ്പുകൾപാലിക്കുന്നുണ്ടോയെന്ന് നോക്കാൻ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയേയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കും.ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുന്നുവെന്നും പൂർണ്ണതൃപ്തിയില്ലെന്നും സമരസമിതി നേതാവ് യൂജിൻ പെരേര പറഞ്ഞു. മത്സ്യബന്ധനം നടത്തരുതെന്ന് സർക്കാർ നിർദേശം നൽകുന്ന ദിവസങ്ങളിൽ നഷ്ടപരിഹാരം സർക്കാർ നൽകാനും ധാരണയായിട്ടുണ്ട്. വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ച് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ നാളെ മാത്രമേ ഉണ്ടാവുകയുള്ളു.

TAGS :

Next Story