ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം കെ.പി.സി.സി ആസ്ഥാനത്ത്; ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്‌കാരം.
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം കെ.പി.സി.സി ആസ്ഥാനത്ത് എത്തിച്ചു. നൂറുകണക്കിന് പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ഇന്ദിരാഭവനിൽ എത്തി. നിശ്ചയിച്ചതിലും അഞ്ച് മണിക്കൂർ വൈകിയാണ് മൃതദേഹം എത്തിക്കാനായത്. നാളെ രാവിലെ ഏഴ് മണിയോടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും.
കോട്ടയത്ത് തിരുനക്കരയിലും പുതുപ്പള്ളിയിലും പൊതുദര്‍ശനമുണ്ടാകും. സംസ്കാര ചടങ്ങിന് മെത്രോപോലിത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രധാന കാർമികത്വം വഹിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്‌കാരം.
തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ജഗതിയിലെ വസതിയിലും ദർബാർ ഹാളിലുമായാണ് പൊതുദർശനത്തിന് വച്ചത്. ആയിരങ്ങളാണ് അന്ത്യമോപചാരം അർപ്പിക്കാനായി ഒഴുകിയെത്തിയത്. ബംഗളൂരുവിൽ നിന്നും എയർ ആംബുലൻസിൽ തിരുവനന്തപരത്ത് എത്തിച്ച ഭൗതിക ദേഹം അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് ആദ്യം കൊണ്ടുവന്നത്. ഇവിടെ നിന്നും പിന്നീട് ദർബാർ ഹാളിലേക്കാണ് ഭൗതിക ദേഹം കൊണ്ടു പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ദർബാർ ഹാളിലെത്തിയാണ് അന്ത്യമോപചാരം അർപ്പിച്ചത്.
Adjust Story Font
16