ഗൂഗിളും വഴിതെറ്റിക്കാം! ശ്രദ്ധിക്കണം ഈ 10 കാര്യങ്ങൾ
മഴക്കാലത്തടക്കം ഗൂഗിള്‍ മാപ്പിനെ അപ്പാടെ വിശ്വസിച്ചു വാഹനമോടിച്ചാല്‍ അപകടങ്ങൾക്കു സാധ്യതയേറെയാണ്
കോഴിക്കോട്: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് അപകടത്തിൽപെടുന്നത് ഇപ്പോൾ സ്ഥിരംവാർത്തയായിരിക്കുകയാണ്. കേരളത്തിൽ തന്നെ ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് അപകടത്തിൽപെട്ടു മരിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇന്ന് എറണാകുളം പറവൂരിൽ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണു രണ്ട് ഡോക്ടർമാർക്കാണു ജീവൻ നഷ്ടമായത്.
ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര തിരിച്ച സംഘം ഗോതുരുത്ത് പാലത്തിന് സമീപത്തു വഴിതെറ്റി കടവാതുരത്തിൽ അപകടത്തിൽപെടുകയായിരുന്നു. ഈ പ്രദേശത്തുണ്ടായ കനത്ത മഴയിൽ വഴിയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. റോഡിലേക്ക് വെള്ളം കയറിയതാണെന്നു തെറ്റിദ്ധരിച്ച് സംഘം പുഴയിലേക്ക് വാഹനമോടിച്ച് പോകുകയായിരുന്നു. പുഴയിലേക്ക് മുങ്ങിത്താഴ്ന്ന കാർ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൂന്ന് ഡോക്ടർമാരും ഒരു നഴ്‌സും ഒരു മെഡിക്കൽ വിദ്യാർത്ഥിയുമാണ് കാറിലുണ്ടായിരുന്നത്.
അതിനിടെ, ഗൂഗിൾ മാപ്പിനെ അപ്പാടെ വിശ്വസിക്കുംമുൻപ് ചില മുൻകരുതലുകളെടുക്കണമെന്നാണ് കേരള പൊലീസ് ആവശ്യപ്പെടുന്നത്. മഴക്കാലത്തടക്കം ഗൂഗിളിനെ ആശ്രയിച്ചുപോയാൽ അപകടങ്ങൾക്കു സാധ്യതയേറെയാണ്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് കേരള പൊലീസ് സോഷ്യൽ മീഡിയയിൽ അറിയിച്ചിരിക്കുന്നത്.
1. വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.
2. മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പമെത്തുന്ന വഴിയായി നമ്മെ നയിക്കാറുണ്ട്. എന്നാൽ, തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.
3. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിച്ചേക്കാം. എന്നാൽ അതു നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
4. അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. രാത്രികാലങ്ങളിൽ ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.
5. സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മനഃപൂർവമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽപെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
6. സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള വഴികളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
7. മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അതു തിരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴിതെറ്റാം.
8. ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പായി നൽകിയാൽ വഴിതെറ്റുന്നത് ഒഴിവാക്കാം.
9. വഴിതെറ്റിയാൽ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചുതരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ, അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.
10. ഗതാഗതതടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്‌നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇതു പിന്നീട് അതുവഴി പോകുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.
അത്യാവശ്യം വന്നാൽ 112 എന്ന പൊലീസ് കൺട്രോൾ റൂമിൽ വിളിക്കാൻ മറക്കേണ്ട.
Summary: 10 Google Maps Tricks Travelers Need to Know
Adjust Story Font
16