ചൈനക്കാരുടെ ജീവനും കണ്ണീരും വീണ ഗൂഡല്ലൂരിലെ തടവറയിൽ
കോടമഞ്ഞും തണുപ്പും തേയിലത്താതാഴ് വാരങ്ങളും കൊണ്ട് സമൃദ്ധമായ നാടുകാണിയിൽ നിന്ന് വലതുവശം ചേർന്നു പിടിച്ചാൽ 12 കി.മീ കൊണ്ട് ഗൂഡല്ലൂർ പട്ടണത്തിൽ എത്താം.
യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്രകണ്ടാലും മതി വരാത്ത സഞ്ചാരപാതയാണ് ഊട്ടി-മൈസൂർ. ഊട്ടിയിലേക്കുള്ള യാത്രയിൽ കേരളത്തിന്റെ അതിർത്തിയിൽ നിന്നും തമിഴ് ജനത നമ്മെ വരവേൽക്കുന്നത് പച്ചയിൽ പുതച്ചുകിടക്കുന്ന നീലഗിരി ജില്ലയുടെ കവാടമായ നാടുകാണിയിലൂടെയാണ്. പ്രകൃതിയുടെ പ്രണയാതുര ഭാവം കാണണമെങ്കിൽ നാടുകാണി-ഊട്ടി-മൈസൂർ പാതയിലൂടെ സഞ്ചരിക്കുക തന്നെ വേണം.
കോടമഞ്ഞും തണുപ്പും തേയിലത്താതാഴ് വാരങ്ങളും കൊണ്ട് സമൃദ്ധമായ നാടുകാണിയിൽ നിന്ന് വലതുവശം ചേർന്നു പിടിച്ചാൽ 12 കി.മീ കൊണ്ട് ഗൂഡല്ലൂർ പട്ടണത്തിൽ എത്താം. യൂക്കാലിപ്‌സ് മരങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞുള്ള യാത്ര അതിമനോഹരമാണ്. ഗൂഡല്ലൂരിലെ ടി ജംഗ്ഷനിൽനിന്നും ഇടതുഭാഗത്തുള്ള ഇടുങ്ങിയ റോഡിലൂടെ 13 കി.മീ സഞ്ചരിച്ചാൽ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നടുവട്ടം എന്ന കൊച്ചുപട്ടണം എത്തുന്നതിനുമുൻപ് മരം, തൂൺ കാലായി ഉപയോഗിച്ച് നീലയിൽ വെള്ള എഴുത്തുകൊണ്ട് രണ്ട് ബോർഡ് കാണാം, മുകളിൽ Ancient Jailഎന്നും താഴെ Tea museum എന്നും കാണാം.
ഈ കവാടം കടന്ന് 200 മീറ്റർ പോയാൽ നമ്മെ ആദ്യം വരവേൽക്കുന്നത് ഒരു ജയിലാണ്. ബ്രിട്ടീഷുകാർ യൂക്കാലിപ്‌സും, സിംകോണ എന്ന ചെറു തേക്കുകളും വെച്ചുപിടിപ്പിക്കാൻ തെരഞ്ഞെടുത്തത് നാടുകാണിയുടെ മലനിരകളെയാണ്. എന്നാൽ അവർ ഉദ്ദേശിച്ച രീതിയിൽ പ്ലാന്റേഷൻ മുന്നോട്ട് പോകാത്തതിനാൽ അവരുടെ തന്നെ കോളനിയായ ചൈനയിൽനിന്നും തടവുകാരെ കൊണ്ടുവന്നിരുന്നു ഇവിടെ. ചൈനയിൽനിന്ന് മാത്രമല്ല മറ്റുള്ള രാജ്യങ്ങളിൽ നിന്നും തടവുകാരായും, പലതരം ജോലികൾക്കുവേണ്ടിയും ഇവിടെ കൊണ്ടുവന്നിരുന്നു.
1864 ജൂലായ് എട്ടിന് സൂപ്രണ്ട് എം.സി മക് ഐവർ ആണ് ഈ ജയിലിന്റെ നിർമ്മാണത്തിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെന്റിനോട് നിർദ്ദേശിക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ചത് 1865-ലാണ്. അതിസുന്ദരമായ ബംഗ്ലാവിനോട് ചേർന്ന് ഒരു ഗോഡൗൺ പോലെയാണ് ജയിൽ.
ഒരു സെല്ലിൽ അൻപത് പേരെയെങ്കിലും പാർപ്പിക്കാവുന്ന തരത്തിൽ വരാന്തകളോട് കൂടിയ മൂന്നു ഭാഗങ്ങളിലായി 12 സെല്ലുകളുണ്ട്. ഒരേസമയം 560 തടവുകാർ വരെ ഇതിലുണ്ടായിരുന്നു എന്നാണ് ചരിത്രം. ജയിലിലെ കവാടത്തിലുള്ള ഇരുമ്പു ഗേറ്റുകൾ ഇപ്പോൾ പുതുക്കിപ്പണിതിട്ടുണ്ട്.
ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ ആദ്യം നമ്മെ സ്വീകരിക്കുന്നത് രണ്ടു പ്രതിമകളാണ്. അന്നത്തെ കാലത്തെ പട്ടാളക്കാരുടെ ചുവപ്പു കോട്ടണിഞ്ഞ രൂപവും, വെള്ള വസ്ത്രത്തിൽ കയ്യാമത്തോടെ നിൽക്കുന്ന ചൈനീസ് തടവുകാരുടെ രൂപവും. ഈ സെല്ലിന്റെ ചുമരുകളിൽ ജീവിതം ഹോമിച്ചവരുടെ തേങ്ങലുകൾ ഇപ്പോഴും അന്തരീക്ഷത്തിലുള്ളതുപോലെ. ഇന്നുകാണുന്ന നാടുകാണിയെ മനോഹരിയാക്കാൻ പെടാപ്പാട് പെട്ടവരുടെ കണ്ണീർ ഇന്നും ഇപ്പോഴും ഇവിടെ തളംകെട്ടിനിൽക്കുന്നത് പോലെ.
ജയിലിന്റെ ഭീകരതയിൽ നിന്നും അതിനേക്കാൾ നരകിച്ച കാഴ്ചയിലേക്കാണ് ഇനി നമുക്ക് പോകാനുള്ളത്. കാരാഗ്രഹത്തിലുള്ള തടവുകാരെ തൂക്കിക്കൊല്ലാൻ ഉണ്ടാക്കിയ ആദ്യകാഴ്ചയിൽ തന്നെ മനസ്സ് മടുപ്പിക്കുന്ന, ഇരുട്ടുനിറഞ്ഞ നമ്മെ ഭീതിപ്പെടുത്തുന്ന ഒരു പ്രത്യേകതരം സെല്ല്, മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ തറയിൽ അണ്ടർഗ്രൗണ്ട് ആയി ഒരു പ്രത്യേക അറ തന്നെയുണ്ട്. എത്രയെത്ര പച്ചയായ ജീവിതങ്ങൾ രാജ്യാതിർത്തിയും കടന്നു വന്ന് ഈ സെല്ലിൽ ജീവിതം ബലികഴിച്ചിട്ടുണ്ടാവും.
അത്തരം ജീവിതങ്ങളുടെ നരകയാതന തേങ്ങലായി അണ്ടർ ഗ്രൗണ്ടിൽ ഇപ്പോഴും ഉള്ളതുപോലെ തോന്നുന്നു. ഇത്തരം മനസ് മരവിച്ച കാഴ്ചയിൽ നിന്നും റിലാക്‌സ് ആകാൻ പുറത്തിറങ്ങിയാൽ കാണുന്നത് ടീ മ്യൂസിയമാണ്. ഇതിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ചായയുടെ ഗുണങ്ങളും അത് ഇന്ത്യയിലേക്ക് എത്തിയ നാൾവഴികളുമാണ് കാണാൻ സാധിക്കുന്നത്.
ഗൂഡല്ലൂർ ഊട്ടി യാത്രയിൽ ഈ ജയിലും ഒന്ന് കണ്ടു പോകണേ... കാരണം, ചരിത്രത്തിലെ അവശേഷിപ്പുകൾ ഒരു ഓർമപ്പെടുത്തലാണ്. ഇന്നു നാം നടന്നുനീങ്ങുന്ന വഴികളെ വാസയോഗ്യമാക്കിയവരെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ...
Adjust Story Font
16