Quantcast

പോഖറ: വിസ്മയിപ്പിക്കുന്ന മലഞ്ചെരിവ്, ജീവനെടുക്കുന്ന ആകാശം

'നേപ്പാൾ വിമാനാപകട ചരിത്രം കൂടി വായിച്ചറിഞ്ഞാണ് സെപ്റ്റംബറിലെ ആ തണുത്ത പുലരിയിൽ കാഠ്മണ്ഡുവിൽനിന്ന് യാത്ര തുടങ്ങുന്നത്. തുടങ്ങിയപ്പോൾ തന്നെ അസാധാരണ രീതിയിൽ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും പറന്നുയരുന്ന യാത്രാനുഭവം. ഓരോ ചെറിയ കുലുക്കവും ഒരപകടം അതിജീവിച്ച ആശ്വാസം നൽകി.'

MediaOne Logo

എന്‍.പി ജിഷാര്‍

  • Updated:

    2023-01-16 05:39:09.0

Published:

15 Jan 2023 5:14 PM GMT

Pokhara travel, Nepal trip, NP Jishar
X

Pokhara, Nepal

കഴിഞ്ഞ സെപ്തംബറിൽ പോഖറ യാത്രയ്ക്കു വേണ്ടി കാഠ്മണ്ഡു വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരിക്കുന്നതിനിടെ ആവർത്തിച്ചുകേട്ട സന്ദേശം '... വിമാനം റദ്ദാക്കി' എന്നതാണ്. ഏതാണ്ട് ഒന്നര മണിക്കൂറിനിടെ റദ്ദാക്കിയത് മൂന്ന് സർവീസ്. എല്ലാത്തിനും കാരണം ഒന്നുതന്നെ: മോശം കാലാവസ്ഥ.

സെപ്റ്റംബർ താരതമ്യേന നേപ്പാളിൽ മെച്ചപ്പെട്ട കാലാവസ്ഥയാണ്. ആഗസ്റ്റ് വരെ നീളുന്ന മൂന്നുമാസത്തെ വർഷകാലം പിന്നിട്ട് താരതമ്യേന തെളിഞ്ഞ കാലാവസ്ഥയുണ്ടാകുന്ന, തിരക്കേറിയ വിനോദസഞ്ചാര സീസണിലേക്ക് കടക്കുന്ന സമയം. അപ്പോഴാണ് തുടരെത്തുടരെ കൺമുന്നിൽ വിമാനങ്ങൾ റദ്ദാകുന്നത്.

കാലാവസ്ഥ മോശമായതിനാൽ യാത്ര മുടങ്ങുമോ എന്ന ആശങ്കയിൽ വിമാനത്താവളത്തിനകത്തെ യതി എയർലൈൻ കൗണ്ടറിൽ ചെന്നപ്പോൾ വളരെ സ്വാഭാവികമായ മറുപടി: 'വിമാനം ഇതിനകം അവിടെനിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിൽ പ്രശ്‌നമില്ല. പോഖറയിലാണ് കാലാവസ്ഥ പ്രശ്‌നം. നിങ്ങളുടെ ഫ്‌ലൈറ്റ് ഇവിടെ ഇറങ്ങിയാൽ എന്തായാലും തിരിച്ചുപോകും'. അതുവരെയുണ്ടായിരുന്ന ആത്മധൈര്യം കൂടി അതോടെ കൈവിട്ടു. എങ്കിൽ അവിടെ ഇറങ്ങാൻ തടസ്സമുണ്ടാകില്ലേ എന്ന ആധിയെ ആ ജീവനക്കാരി അനായാസം നേരിട്ടു: 'ഇവിടന്ന് പുറപ്പെട്ട് അവിടെ എത്തുമ്പോഴേക്കും കാലാവസ്ഥ ഒക്കെ ശരിയാകും. ഇത് പതിവാണ്.'

ഫേവ തടാകം, പോഖറ

കാഠ്മണ്ഡുവിൽനിന്ന് പോഖറയിലേക്ക് ആകെ യാത്രാസമയം 25 മിനിറ്റാണ്. ഇത്ര ഗുരുതരമായ കാലാവസ്ഥ അത്രമേൽവേഗം ശാന്തമാകുമോയെന്ന തീരാസംശയവുമായി യതി എയർവേയ്‌സിന്റെ കൗണ്ടറിൽനിന്ന് മടങ്ങുമ്പോൾ ഓർമവന്നത് തലേരാത്രി കാഠ്മണ്ഡുവിലെ ഹോട്ടൽ ഹിമാലയ ജീവനക്കാരൻ തന്ന ഉപദേശമാണ്: 'പോഖറയിലേക്ക് റോഡ് യാത്ര ദുഷ്‌കരമാണ്. 200 കിലോമീറ്റർ ദൂരമാണെങ്കിലും 10 മണിക്കൂറിലധികം ചിലപ്പോൾ വേണ്ടിവന്നേക്കും. വിമാനയാത്രയ്ക്ക് സമയം ലാഭവും ചെലവ് കുറവുമാണ്. എന്നാൽ ഏതുസമയവും അത് റദ്ദാക്കപ്പെടാം. കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അപകടങ്ങളും വരെ കൂടുതലുമാണ്. എന്നാലും രണ്ട് ദിവസത്തെ നിങ്ങളുടെ പ്ലാനിന് വിമാനം തന്നെയാണ് ഏകവഴി'.

പോഖറയെക്കുറിച്ച എല്ലാ അന്വേഷണങ്ങളിലും നേപ്പാളികളുമായുള്ള അലോചനകളിലുമെല്ലാം ഈ അനിശ്ചിതത്വവും ആശങ്കകളും കൂടുതലായിരുന്നുവെന്നത് ഓർമയിലെത്തിയത് പെട്ടെന്നാണ്. കാഠ്മണ്ഡുവിൽ വച്ച് പരിചയപ്പെട്ട ഏതാനും മാധ്യമപ്രവർത്തകരുടെ വാക്കുകളിലാകട്ടെ ഈ ആശങ്ക അൽപം അധികമുണ്ടായിരുന്നു. മോശം കാലാവസ്ഥയാണെന്ന് ഉറപ്പായതിനാൽ യാത്ര റദ്ദാക്കണോ എന്ന ആശയക്കുഴപ്പം വിട്ടൊഴിഞ്ഞുമില്ല. പക്ഷെ, എല്ലാ ഭയാശങ്കകൾക്കും മേലെ പോഖറയിലെ കാഴ്ചകൾ ഒരു പ്രലോഭനമായി വന്നുപൊതിഞ്ഞു.

പോഖറ എന്ന സ്വപ്നത്താഴ്‌വര

നേപ്പാളിലെ ഏറ്റവും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രമാണ് പോഖറ. 2,700 അടി ഉയരത്തിൽ തടാകങ്ങളാൽ വലയം ചെയ്യപ്പെട്ട നഗരം. മഞ്ഞുമൂടുന്ന മലഞ്ചെരുവുകളിലൂടെ ഹിമാലയനിരകൾ കണ്ടുനടക്കാൻ കഴിയുന്ന അപൂർവനഗരമാണ് പോഖറ.

ഹിമാലയത്തിൽ 26,300 അടിവരെ ഉയരമുള്ള അന്നപൂർണ പർവതനിരകളിലേക്ക് യാത്ര ചെയ്യുന്ന സാഹസികരുടെ പ്രവേശനകവാടമാണ് പോഖറ. ഈ കൂറ്റൻ മലത്തലപ്പുകളുടെ വിസ്മയകരമായ കാഴ്ചാനുഭവം പോഖറയുടെ സവിശേഷതയാണ്. അതുവഴി കടന്നുപോകുന്നവരെയാകെ വരിഞ്ഞുചുറ്റുംപോലെ അരികിലേക്ക് പടർന്നെത്തുന്ന ഹിമാലയൻ പർവതശിഖരങ്ങളിൽ ആകാശഭൂമിക്കിടയിൽ കൊളുത്തിവച്ച സ്വപ്നത്താഴ്‌വരയാണ് ആ മലഞ്ചെരുവ്.


പർവതനിരകൾ പോലെത്തന്നെ താഴ്‌വാരമത്രയും ചുറ്റിക്കിടക്കുന്ന തടാകങ്ങളുമുണ്ട്. എട്ട് തടാകങ്ങളാണ് പോഖറയിലുള്ളത്. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാരപാതയായിരുന്ന പോഖറയിൽ ബുദ്ധമത ബന്ധം അടയാളപ്പെടുത്തുന്ന വിവിധ ചരിത്രസ്മാരകങ്ങളും കാണാം. നഗരകേന്ദ്രത്തിൽനിന്ന് മാറി നിർമിച്ച ശാന്തിസ്തൂപം അത്യാകർഷകമാണ്. ഹിമാലയൻ മലനിരകളും പോഖറ നഗരവും ഫേവ തടാകവും ഒറ്റക്കാഴ്ചയിലൊതുക്കാനാകുന്ന അപൂർവസ്ഥലം. പിന്നെയുമേറെ അത്ഭുതക്കാഴ്ചകൾ ഈ നഗരപരിധിയിലുണ്ട്.

വിമാനയാത്രികരുടെ പേടിസ്വപ്നം

ഇത്രയേറെ ആകർഷണീയതകളും അപൂർവതകളുമുണ്ടെങ്കിലും പോഖറയിലേക്കുള്ള വിമാനയാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. നേപ്പാൾ പൊതുവെ വിമാനയാത്രികരുടെ പേടിസ്വപ്നമാണ്. പോഖറ അതിൽ ഇത്തിരി മുന്നിൽ നിൽക്കും. കഴിഞ്ഞ വർഷം മെയിൽ 22 പേർ മരിച്ച വിമാന അപകടമുണ്ടായത് പോഖറ റൂട്ടിലാണ്. കഴിഞ്ഞ 60 വർഷത്തിനിടെ (1962-2022) 67 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. ഇതിൽ 818 പേർ മരിച്ചു.

യന്ത്രത്തകരാറ്, പക്ഷിയിടി, നിയന്ത്രണം നഷ്ടമാകൽ, കാലാവസ്ഥ തുടങ്ങിയവയാണ് പൊതുവെ വിമാനാപകടങ്ങൾക്ക് കാരണമാകാറുള്ളത്. എന്നാൽ, നേപ്പാൾ വിമാനാപകടങ്ങളിലെ പകുതിയും കാലാവസ്ഥ കാരണമാണ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ആകെ മരിച്ചവരിൽ 92 ശതമാനവും അപകടത്തിൽപെട്ടത് കാലാവസ്ഥ കാരണമുണ്ടായ അപകടങ്ങളിലാണ്. അതിനർഥം നേപ്പാളിലെ വലിയ വിമാനദുരന്തങ്ങൾക്കെല്ലാം കാലാവസ്ഥയാണ് മുഖ്യകാരണം എന്നാണ്.

സാരങ്കോട്ടില്‍ ലേഖകന്‍

നിമിഷങ്ങൾകൊണ്ട് മാറിമറിയുന്ന കാലാവസ്ഥയാണ് നേപ്പാളിലേത്. പൊടുന്നനെയുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വിമാനത്തിന്റെ സഞ്ചാരം ക്രമീകരിക്കുന്നതിൽ വരുന്ന വീഴ്ച പലപ്പോഴും അപകടകാരണമായിട്ടുണ്ട്. മലനിരകളെ മേഘങ്ങൾ മൂടി കാഴ്ച മറയ്ക്കുന്നതിനാൽ ഉണ്ടായ അപകടങ്ങളും കുറവല്ല.

ഇങ്ങനെ അടിക്കടിയുണ്ടാകുന്ന അതിവേഗമാറ്റം കൃത്യമായി രേഖപ്പെടുത്താനും വിമാനങ്ങൾക്ക് കൈമാറാനും കഴിയുന്ന സാങ്കേതിക സംവിധാനവും നേപ്പാളിലില്ല. 2019ൽ നേപ്പാൾ ഏവിയേഷൻ അഥോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. 'കാലാവസ്ഥയിലെ വൈവിധ്യവും അപകടകരമായ പ്രകൃതിഘടനയും ചെറുവിമാനങ്ങളുടെ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമാകുന്നു' എന്നാണ് കണ്ടെത്തൽ.

എന്നാൽ പോഖറയിൽ ഇപ്പോഴത്തെ അപകടത്തിന് കാലാവസ്ഥ കാരണമായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥയാകട്ടെ താരതമ്യേന വ്യക്തവും വിമാനയാത്രയ്ക്ക് അനുയോജ്യവുമായിരുന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം. വിമാനത്തിന്റെ പഴക്കവും സാങ്കേതിക പരിമിതകളുമാകാം കാരണമെന്ന് സംശയിക്കുന്നുമുണ്ട്. 15 കൊല്ലം പഴക്കമുള്ളതാണ് അപകടത്തിപെട്ട വിമാനം. ഇന്ത്യയിലുണ്ടായിരുന്ന കിങ്ഫിഷർ കമ്പനിയുടെ വിമാനങ്ങളാണ് യതി എയർലൈനായി മാറിയത്. കിങ്ഫിഷറിൽനിന്ന് തായ്‌ലൻഡ് വിമാനക്കമ്പനി വാങ്ങിയ വിമാനങ്ങൾ ഇവർ വഴിയാണ് യതി എർലൈനായി നേപ്പാളിലെത്തുന്നത്. പഴഞ്ചൻ സാങ്കേതിക സംവിധാനങ്ങളാണ് ഇതിൽ. ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ അത്രകണ്ട് വിശ്വസിനീയമല്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

കാലാവസ്ഥ കാരണമായുണ്ടാകുന്ന അപകടങ്ങൾ നേപ്പാളിൽ ഇതുവരെ ജനുവരിയിൽ സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ 60 വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരിക്കൊപ്പം, ഏപ്രിൽ, ജൂൺ, നവംബർ മാസങ്ങളിലും കാലാവസ്ഥ കാരണം അപകടമുണ്ടായിട്ടില്ല. അതിനാൽ ഇത്തവണയുണ്ടായതും ഈ ഗണത്തിൽപെടാനുള്ള സാധ്യത വളരെ കുറവാണ്. മെയ്, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇത്തരം വിമാനദുരന്തങ്ങൾ ഏറെയും സംഭവിച്ചിരിക്കുന്നത്. വിമാനത്തിൽ മാത്രമല്ല, വിമാനത്താവളങ്ങളിലും ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്.

ശാന്തിസ്തൂപം

വിമാനം ലാന്റ് ചെയ്ത ശേഷം നിർത്തിയിടുന്നതിനുമുമ്പ് തന്നെ യാത്രക്കാർ വിമാനത്തിനരികിലേക്ക് ഓടിയടുക്കുന്നത് പോഖറ വിമാനത്താവളത്തിലെ കൗതുകക്കാഴ്ചയാണ്. നമ്മുടെ നാട്ടിൽ ബസിൽ കയറാൻ വരിനിൽക്കുംപോലെ ആളിറങ്ങുന്നതുവരെ വിമാനവാതിലിൽ കൂട്ടംകൂടി കാത്തുനിൽക്കുന്ന യാത്രക്കാരെ ലോകത്ത് മറ്റെവിടെയും കാണാനായെന്ന് വരില്ല. തദ്ദേശീയരായ ആഭ്യന്തര യാത്രക്കാരുടെ അമിതസാന്നിധ്യം ഈ പ്രവണത വർധിക്കാനും കാരണമായിട്ടുണ്ടാകാം.

നവചൈതന്യവും പുനർജനിയും

നേപ്പാൾ വിമാനാപകട ചരിത്രം കൂടി വായിച്ചറിഞ്ഞാണ് സെപ്തംബറിലെ ആ തണുത്ത പുലരിയിൽ കാഠ്മണ്ഡുവിൽനിന്ന് യാത്ര തുടങ്ങുന്നത്. തുടങ്ങിയപ്പോൾ തന്നെ അസാധാരണ രീതിയിൽ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും പറന്നുയരുന്ന യാത്രാനുഭവം അപൂർവമാണ്. നേപ്പാൾ അപകടക്കഥകളുടെ അകമ്പടി വിവരങ്ങൾ ഓർമയിലേക്ക് ഇരച്ചെത്തുന്നതിനാൽ ഉള്ളിലെ ആധിയും ആശങ്കയും ഹിമാലയത്തോളം ഉയരത്തിലെത്തിയിരുന്നു. ഓരോ ചെറിയ കുലുക്കവും ഒരപകടം അതിജീവിച്ച ആശ്വാസം നൽകി. ഈ പേടി മറികടക്കാനാണ് അടുത്തിരുന്ന ചെറുപ്പക്കാരനോട് കുശലം ചോദിച്ചത്.

ദീപക് ഥാപ്പയെന്ന ആ പഴയ ഗൾഫ് പ്രവാസി യാത്രാവഴിയിലെ മലനിരകളോരോന്നും ചൂണ്ടി ഓരോ ഹിമാലയൻ രഹസ്യങ്ങൾ പകർന്നുതന്നു. ഓരോ കഥക്കും അനുബന്ധമായി പക്ഷെ ഓരോ വിമാനാപകട കഥകൂടി ആ ചെറുപ്പക്കാരൻ ചേർത്തുവച്ചു. മരിച്ചവരുടെ കഥ മാത്രമല്ല, മേഘക്കാടുകളിലേക്ക് പറന്നുപോയി അപ്രത്യക്ഷമായ വിമാനങ്ങളുടെ കഥകൾ കൂടി അങ്ങനെ അടുത്തറിഞ്ഞു. അവിടെ കാണാതാകുന്ന വിമാനങ്ങൾ കണ്ടെത്തുക ദുഷ്‌കരമാണത്രെ. ഇന്നലെ വിമാനദുരന്തമുണ്ടായപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ ഓടിയെത്തിയിരുന്നു. പേടിച്ചരണ്ട സഹയാത്രികരോട് വിമാനത്തിലരുന്ന് സെതി നദിയുടെ കഥപറയുമ്പോൾ ഇനി ഈ 72 പേരെക്കൂടി അയാളോർക്കും.

പോഖറ വിമാനത്താവളത്തിൽ വിമാനം കയറാനും ഇറങ്ങാനും ഒരേസമയം വിമാന വാതിലിൽ വരിനിൽക്കുന്നവർ

ഈ കഥകൾ കേട്ട് ഉള്ളുവിറച്ചിരിക്കുന്നതിനിടെയാണ്, പെട്ടെന്ന് ഗട്ടറിന് മുന്നിൽവച്ച് ബൈക്ക് വെട്ടിത്തിരിക്കുംപോലെ വിമാനം കുലുങ്ങിയത്. ആ ആഘാതത്തിൽ നിലവിളിച്ച അയർലണ്ടുകാരന് അരികിലേക്ക് ഓടിയെത്തിയ വിമാന ജീവനക്കാരി അയാളെ ആശ്വസിപ്പിച്ചു: 'പേടിക്കേണ്ട, 10 മിനിറ്റിനകം നമ്മൾ നിലംതൊടും.' പാതിചിരിച്ചും പാതി കണ്ണുമിഴിച്ചുമായിരുന്നു അതിനയാളുടെ മറുപടി: 'ലാൻഡിങ് സമയം എനിക്കറിയാം. അതിൽ പേടിയില്ല. പക്ഷെ അതുണ്ടാകുമോ എന്ന കാര്യത്തിലേ എനിക്ക് പേടിയുള്ളൂ.'

വേവലാതി ഇഴചേർത്ത് അപ്പോഴുയർന്ന കൂട്ടച്ചിരിയാണ് ആ വിമാന യാത്രയ്ക്കിടയിൽ കിട്ടിയ ഏക ആശ്വാസം. ആത്മാവിലേക്ക് നവചൈതന്യം പകരുന്നതാണ് പോഖറ കാഴ്ചകൾ. അവിടേക്കുള്ള വിമാനയാത്രയാകട്ടെ, അക്ഷരാർഥത്തിൽ പുനർജനിയുമാണ്.

Summary: A Journey To Pokhara, The Paradise of Nepal

TAGS :

Next Story