Quantcast

പറക്കുന്നതിനിടെ ഐസിടിച്ച് വിമാനത്തിന്റെ ചില്ല് തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റൊരു വിമാനത്തിൽ നിന്ന് അടർന്ന ഐസ് കഷ്ണമാണ് ബോയിങ് 777-ന്റെ വിൻഡ്ഷീൽഡിൽ വന്നിടിച്ചത്

MediaOne Logo

André

  • Updated:

    2021-12-29 06:55:56.0

Published:

29 Dec 2021 6:47 AM GMT

പറക്കുന്നതിനിടെ ഐസിടിച്ച് വിമാനത്തിന്റെ ചില്ല് തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
X

ആകാശ യാത്രയ്ക്കിടെ 35,000 അടി ഉയരത്തിൽ യാത്രാവിമാനത്തിന്റെ മുൻഭാഗത്തെ ചില്ല് (കോക്ക്പിറ്റ് വിൻഡ്ഷീൽഡ്) തകർന്നെങ്കിലും യാത്രക്കാർ അപായമില്ലാതെ രക്ഷപ്പെട്ടു. 200 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് കോസ്റ്ററിക്കയിലെ സാൻ ഹോസെയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനമാണ് വിചിത്രമായ അപകടത്തിൽപ്പെട്ടത്. 36,000 അടി ഉയരത്തിൽ പറന്ന ജെറ്റ് വിമാനത്തിൽ നിന്നു തെറിച്ചുവീണ ഐസ് കഷ്ണം തട്ടിയാണ് ബുള്ളറ്റ് പ്രൂഫിനോളം സുരക്ഷിതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിൻഡ്ഷീൽഡിൽ ഉടനീളം വിള്ളലുകൾ രൂപപ്പെട്ടത്. വിൻഡ്ഷീൽഡിൽ ഐസ് വന്നിടിച്ചപ്പോൾ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും വിമാനം സുരക്ഷിതമായി സാൻ ഹോസെയിൽ ഇറക്കി.

ഡിസംബർ 23-ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നു പുറപ്പെട്ട ബോയിങ് 777 വിമാനമാണ് 'പത്ത് ലക്ഷത്തിൽ ഒന്ന്' മാത്രം സാധ്യതയുള്ള അപകടത്തിൽപ്പെട്ടത്. രണ്ടു ദിവസത്തിലേറെ സമയമെടുത്ത് റിപ്പയർ ചെയ്ത ശേഷമാണ് വിമാനം സാൻ ഹോസെയിൽ നിന്ന് ലണ്ടനിലേക്ക് തിരികെ പറന്നത്. ഇക്കാരണത്താൽ യാത്രക്കാർക്ക് ക്രിസ്മസ് ആഘോഷങ്ങൾ നഷ്ടമായി.


പക്ഷികളും അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളും ഇടിച്ചാൽ ഒന്നും സംഭവിക്കാതിരിക്കുന്ന വിധത്തിലാണ് കോക്ക്പിറ്റ് വിൻഡ്ഷീൽഡുകളുടെ നിർമാണം. മിനറൽ ഗ്ലാസുകളുടെ പല പാളികളും പ്ലാസ്റ്റിക് ലാമിനേഷനും ചേർത്തുകൊണ്ട് രണ്ടിഞ്ചോളം ഘനത്തിൽ നിർമിക്കുന്ന ഈ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് സമാനമാണ്. ഉയരെ പറക്കുന്ന വിമാനത്തിന്റെ ബോഡിയിൽ നിന്ന് ഐസ് കഷ്ണം അടർന്ന് മറ്റൊരു വിമാനത്തിൽ പതിക്കുന്നത് അത്യപൂർവ സംഭവമാണെന്നും ഐസ് കഷ്ണത്തിന്റെ വലുപ്പവും വേഗതയും കൊണ്ടാകാം ഗ്ലാസ് തകർന്നതെന്നും വിദഗ്ധർ പറയുന്നു.

ഡിസംബർ 23-ന് തന്നെ സാൻ ഹോസെയിൽ നിന്ന് ലണ്ടനിലേക്ക് പറക്കേണ്ടിയിരുന്ന എയർ ബ്രിട്ടീഷ് വിമാനം 50 മണിക്കൂറോളം വൈകി ക്രിസ്മസ് ദിനം വൈകീട്ട് 8.45 ഓടെയാണ് പുറപ്പെട്ടത്. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും വിമാനങ്ങളും ജീവനക്കാരും ലഭ്യമല്ലാത്തതിനാൽ പകരം സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞില്ല. വിമാനം പൂർണ സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷമേ സർവീസ് നടത്താൻ കഴിയൂ എന്നും എഞ്ചിനീയർമാർ ക്ലിയറൻസ് നൽകാത്തതു കൊണ്ടാണ് ക്രിസ്മസ് ദിനത്തിലെങ്കിലും യാത്രക്കാരെ ലണ്ടനിൽ എത്തിക്കാൻ കഴിയാതിരുന്നതെന്നും വിമാനക്കമ്പനി ക്ഷമാപണ സന്ദേശത്തിൽ വ്യക്തമാക്കി.

ലണ്ടനിലേക്കുള്ള യാത്ര റദ്ദാക്കുന്ന സഞ്ചാരികൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാമെന്ന് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി. ദീർഘമായ വൈകലിനുള്ള നഷ്ടപരിഹാരമായി എല്ലാ യാത്രക്കാർക്കും 520 പൗണ്ട് (52190 രൂപ) നഷ്ടപരിഹാരം നൽകി.

BA jet flying from London to SanCosta Rica has its windshield smashed by എ block of ice which fell from a plane flying 1,000ft above

Next Story