ലോക് ഡൗൺ കാലം സമ്മാനിച്ച വിരസതക്ക് വിരാമമിട്ട് അണിഞ്ഞൊരുങ്ങി ഭൂതത്താൻകെട്ട് അണക്കെട്ട്
കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ജലാശയത്തിലൂടെ കാനനഭംഗിയും, ഗ്രാമാന്തരീക്ഷവും ഒരുപോലെ ആസ്വദിച്ച് യാത്ര ചെയ്യാനാവും
ഓണക്കാലത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് എറണാകുളം ജില്ലയിലെ ഭൂതത്താൻ കെട്ട് അണക്കെട്ടിന്‍റെ പുതിയ മുഖം. ചൂണ്ടയിടാനും വർഷം മുഴുവൻ ബോട്ടിംഗ് നടത്താനുമെല്ലാം ഉള്ള സൗകര്യങ്ങളും ഒരുക്കിയാണ് ഭൂതത്താൻ കെട്ട് മുഖം മിനുക്കിയത്.
മുമ്പ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നത് കാനനഭംഗി ആസ്വദിച്ചു കൊണ്ടുള്ള ബോട്ട് യാത്രയാണ്. എന്നാൽ ഡാമിന്റെ ഷട്ടർ തുറന്നുവിടുന്നതിനാൽ വർഷത്തിൽ പകുതിയോളം മാസങ്ങൾ ബോട്ടിംഗ് നിർത്തിവെക്കുമായിരുന്നു. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് സ്ഥിരമായി ചെക്ക്ഡാം അടച്ച് ക്യാച്ച്‌മെന്റ് ഏരിയയിൽ വെള്ളം നിലനിർത്തി ബോട്ട് യാത്രക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ജലാശയത്തിലൂടെ കാനനഭംഗിയും, ഗ്രാമാന്തരീക്ഷവും ഒരുപോലെ ആസ്വദിച്ച് യാത്ര ചെയ്യാനാവും
അര മണിക്കൂറോളം നീണ്ടുനിൽക്കുന്ന ബോട്ട് യാത്രക്ക് നൂറു രൂപയാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വലുതും ചെറുതുമായ ബോട്ടുകളും, കയാക്കിംഗ്, പെഡൽ ബോട്ടുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബോട്ട് യാർഡിനു സമീപമുള്ള വിശാലമായ ജലാശയത്തിൽ ചൂണ്ടയിടുന്നതിനുള്ള സൗകര്യവുമുണ്ട്.
Adjust Story Font
16