''മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽനിന്ന് ഇറക്കിവിടണം''; കോവിഡ് മാനദണ്ഡങ്ങള്‍ കർശനമാക്കി ഡി.ജി.സി.എ
മുന്നറിയിപ്പിനുശേഷവും നിർദേശം പാലിച്ചില്ലെങ്കിൽ വിമാനയാത്രയ്ക്ക് വിലക്കുള്ള 'നോ ഫ്‌ളയിങ്' പട്ടികയിൽ ഇവരെ ഉൾപ്പെടുത്തുകയും പിഴ ഈടാക്കുകയും ചെയ്യാനും ഉത്തരവുണ്ട്
ന്യൂഡൽഹി: വിമാനയാത്രയ്ക്ക് മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ). ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഡി.ജി.സി.എ കോവിഡ് മാനദണ്ഡം പുതുക്കിയിറക്കിയത്. മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽനിന്ന് ഇറക്കിവിടാനാണ് നിർദേശം. പിഴയടക്കമുള്ള കടുത്ത നടപടികൾക്കും നിർദേശമുണ്ട്.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതിനിടെയും മാസ്‌ക് ധരിക്കാതെയുള്ള വിമാനയാത്ര പതിവുകാഴ്ചയാകുന്നതിനിടെയാണ് മാനദണ്ഡങ്ങൾ പുതുക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ കർശന നിർദേശം. മുന്നറിയിപ്പുകൾക്കുശേഷവും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ ഇവരെ ഡി.ജി.സി.എ നിയമങ്ങൾ പ്രകാരം നിയമലംഘകരായി കണക്കാക്കും. വിമാനയാത്രയ്ക്ക് വിലക്കുള്ള 'നോ ഫ്‌ളയിങ്' പട്ടികയിൽ ഇവരെ ഉൾപ്പെടുത്തുകയും ചെയ്യും. ആരോഗ്യ കാരണങ്ങള്‍ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് പുതിയ നിബന്ധനകളില്‍ ഇളവുള്ളത്.
ഈ മാസം മൂന്നിനാണ് ഡൽഹി ഹൈക്കോടതി ഇതു സംബന്ധിച്ച കർശന നിർദേശങ്ങളുമായി ഉത്തരവിറക്കിയത്. യാത്രക്കാർ മാസ്‌ക് അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ വിമാനത്താവള ഓപറേറ്റർമാർ പിഴ ചുമത്തണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. നിയമലംഘകരെ സുരക്ഷാ വിഭാഗത്തിനു കൈമാറണമെന്നും നിർദേശമുണ്ട്. ഇവരെ വിമാനത്തിൽനിന്ന് ഇറക്കിവിടണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
Summary: Directorate General of Civil Aviation (DGCA) on Wednesday issued new Covid-19 rules for airports and aircraft, making masks mandatory throughout the journey and allowing mask removal only under exceptional circumstances
Adjust Story Font
16