കോടമഞ്ഞ് പുതച്ച് ഗവി; സഞ്ചാരികൾ എത്തിതുടങ്ങി..
കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഗവി കാണാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്
കോവിഡ് കാരണം മാസങ്ങൾ നീണ്ട അവധിക്കുശേഷം ഗവി വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിതുടങ്ങി. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഗവി കാണാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഗവി ഇക്കോ ടൂറിസം കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നുനൽകിയത്.
ഓൺലൈൻ വഴി ബുക്ക്ചെയ്ത വാഹനങ്ങളാണ് ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക്പോസ്റ്റ് വഴി കടത്തിവിടുന്നത്. ഒരാൾക്ക് 60 രൂപയും വിദേശികൾക്ക് 120 രൂപയുമാണ് പ്രവേശന ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 വാഹനങ്ങൾക്കാണ് പോകാൻ അനുമതി. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർ ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ രാവിലെ എട്ടിന് ടിക്കറ്റ് വാങ്ങി വേണം യാത്ര ആരംഭിക്കാൻ. ആങ്ങമൂഴിയിൽനിന്ന് ഗവിയിലേക്ക് കിളിയെറിഞ്ഞാംകല്ലിൽ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റ് കടന്നുപോകണം. കേരള വനം വികസന കോർപറേഷൻ സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നുണ്ട്.
വണ്ടിപ്പെരിയാർ വഴി വരുന്നവർക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 4.30 വരെ ഗവിയിൽ ചെലവഴിക്കാം. പരിശീലനം ലഭിച്ച ഇക്കോ ടൂറിസത്തിലെ ഗൈഡിന്റെ സേവനം, ഗവി ഡാമിൽ ബോട്ടിങ്, സുരക്ഷിത മേഖലകളിൽ ട്രക്കിങ്, സൈക്ലിങ്, മൂടൽമഞ്ഞ് പുതച്ചു കിടക്കുന്ന ചെന്താമരക്കൊക്ക, ശബരിമല വ്യൂ പോയന്റ്, ഏലത്തോട്ടം സന്ദർശനം എന്നിവയടക്കം പ്രത്യേക പാക്കേജാണ്. ഇതിൽ പ്രഭാതഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ എന്നിവയും ലഭിക്കും.
രാത്രികാല താമസം ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം പകൽ രണ്ടു മുതൽ പിറ്റേന്ന് രണ്ടു വരെ ഗവിയിൽ തങ്ങാനുള്ള പാക്കേജുമുണ്ട്. രാവിലെ വനത്തിലൂടെ വാഹനസവാരിക്കും അവസരം കിട്ടും. രാത്രി വനത്തിനുള്ളിൽ ക്യാമ്പ് ചെയ്യാൻ സുരക്ഷിതമായ ടെന്റുകൾ സ്ഥാപിച്ചും സൗകര്യമൊരുക്കും. രാത്രിയുടെ നിശ്ശബ്ദതയിൽ വന്യജീവികളുടെ സാന്നിധ്യം ശബ്ദമായും ഗന്ധമായും കാഴ്ചയായും ചുറ്റുമെത്തുന്നത് അറിയാനാവും.
സീതത്തോടു പഞ്ചായത്തിൽ പെടുന്ന ഗവിയിൽ 100 കിലോമീറ്ററോളം വനത്തിലൂടെയുള്ള യാത്ര നവ്യാനുഭൂതി പകരും. പെരിയാർ കടുവ സങ്കേതത്തിന്റെ സംരക്ഷിത മേഖല കൂടിയാണിവിടം. സഞ്ചാരികളെ കാത്ത് ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ലിന് സമീപം കക്കാട്ടാറിൽ കുട്ടവഞ്ചി സവാരിയുണ്ട്. ഇത് ബുധനാഴ്ച പുനരാരംഭിക്കും. സീതത്തോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുട്ടവഞ്ചി സവാരിക്ക് പാസുണ്ട്. 16 കുട്ടവഞ്ചികളാണ് ഒരുക്കിയിട്ടുള്ളത്. ബുക്കിങ്ങിന്: www.kfdcecotourism.com
Adjust Story Font
16