Quantcast

സർവീസ് വൈകിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും; ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി

ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തതെങ്കിൽ യാത്രാനിരക്കിലെ വ്യത്യാസം തിരികെനൽകും

MediaOne Logo

Web Desk

  • Updated:

    2024-05-19 14:16:52.0

Published:

19 May 2024 2:13 PM GMT

KSRTC has distributed the first installment of salary to the employees,latest newsകെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു
X

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനമാണു പരിഷ്‌കരിച്ചത്. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങൾ ഇങ്ങനെ:

1. ഓൺലൈൻ റിസർവേഷൻ സേവനദാതാവ് മൂലമുണ്ടാകുന്ന സാങ്കേതികപിഴവുകൾക്ക് സേവനദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി തുക യാത്രക്കാർക്ക് നൽകും.

2. സർവീസ് റദ്ദാക്കൽ മൂലമുള്ള റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും.

(റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകും)

3. വാഹനത്തിൽ തകരാർ/അപകടം/മറ്റെന്തെങ്കിലും കാരണങ്ങളാൽ നിശ്ചിത ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ രണ്ടു ദിവത്തിനുള്ളിൽ തന്നെ റീഫണ്ട് ചെയ്യും. ഇതിന് ആവശ്യമായ രേഖകൾ ഇൻസ്‌പെക്ടർ/ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ.ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകണം.

4. റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനുശേഷം റീഫണ്ട് നൽകുന്നതിലോ ഉദ്യോഗസ്ഥരിൽനിന്നു കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നു പിഴയായി ഈ തുക ഈടാക്കും.

5. രണ്ട് മണിക്കൂറിലധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെനൽകും.

6. റിസർവേഷൻ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെനൽകും.

7. നിശ്ചിത പിക്കപ്പ് പോയിന്റിൽനിന്ന് യാത്രക്കാരനെ ബസ്സിൽ കയറ്റിയില്ലെങ്കിൽ ഈ ക്ലൈമിന് കെ.എസ്.ആർ.ടി.സി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെനൽകും

8. ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തതെങ്കിൽ യാത്രാനിരക്കിലെ വ്യത്യാസം തിരികെനൽകും

9. യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്രക്കാർക്ക് ഓൺലൈൻ മൊബൈൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഇ.ടി.എം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സിൽ യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാനനിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇ.ടി.എം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല.

നിലവിലെ റിസർവേഷൻ പോളിസിയിലുള്ള ന്യൂനതകൾ പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയുടെ ഫലമായാണ് യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ ടിക്കറ്റ് റിസർവേഷൻ പോളിസി വിപുലീകരിച്ചത്. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പരാതിൾക്കും rnsksrtc@kerala.gov.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.

Summary: KSRTC online reservation policy has been revised

TAGS :

Next Story