തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 3000 രൂപ വീതം നൽകുമെന്ന് തെലങ്കാന സർക്കാർ
2018 ലെ നിയസഭാ തെരഞ്ഞെടുപ്പ് വേളയിൽ ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു തൊഴിൽരഹിതരായവർക്ക് ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ടിആർഎസ് പ്രകടനപത്രികയിലും ഈ വാഗ്ദാനമുണ്ടായിരുന്നു.
തൊഴിലില്ലായ്മ വേതനത്തിൽ വൻ വർധന പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. സംസ്ഥാനത്തെ തൊഴിൽരഹിതരായ മുഴുവൻ യുവതീ-യുവാക്കൾക്കും മാസം 3,016 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനം. അടുത്ത സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ മുതൽ ഇത് വിതരണം ചെയ്തു തുടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2018 ലെ നിയസഭാ തെരഞ്ഞെടുപ്പ് വേളയിൽ ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു തൊഴിൽരഹിതരായവർക്ക് ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ടിആർഎസ് പ്രകടനപത്രികയിലും ഈ വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മൂന്നുവർഷം പിന്നിട്ട ശേഷമാണ് സർക്കാർ ഇത് നടപ്പാക്കുന്നത്.
നിലവിലുള്ള സർക്കാർ ജീവനക്കാരെ പുതിയ ലോക്കൽ കേഡറുകളിലേക്കും പുതിയ സോണൽ സംവിധാനത്തിന്റെ അടിസ്ഥാനത്തിലും അനുവദിക്കുന്നതോടെ വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ എണ്ണം സംബന്ധിച്ച് വ്യക്തത വരും. നിലവിലുള്ള ഒഴിവുകളിലേക്ക് ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കാനും തൊഴിലില്ലാത്ത യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്നതുവരെ തൊഴിലില്ലായ്മ വേതനം നൽകാനുമാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ അഞ്ച് വർഷമായി ടിആർഎസ് സർക്കാർ പുതിയ തൊഴിൽ വിജ്ഞാപനങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. ഇതിനെതിരെ തൊഴിൽരഹിതരായ യുവാക്കൾക്കിടയിൽ കനത്ത രോഷം നിലനിൽക്കുന്നുണ്ട്. 2019ൽ തന്നെ തൊഴിലില്ലായ്മ വേതനം ഉയർത്തണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ ഇത് വൈകിപ്പിക്കുകയായിരുന്നു.
ഏകദേശം 10 ലക്ഷത്തോളം പേരാണ് സംസ്ഥാനത്തെ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 29 ലക്ഷത്തിലധികം പേർ സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Adjust Story Font
16