Quantcast

'ഇസ്രായേൽ ഫലസ്തീനികളുടെ ഭൂമി ഒഴിഞ്ഞുകൊടുക്കണം; അധിനിവേശം അവസാനിപ്പിക്കണം': അന്ന് വാജ്‌പെയി പ്രഖ്യാപിച്ചു

''അറബികളുടെ ഭൂമി ഒഴിഞ്ഞുകൊടുക്കണം. അത് ഫലസ്തീനികളുടേതാണ്. അവരുടെ ന്യായമായ അവകാശങ്ങൾ വകവച്ചുകൊടുക്കണം.''-പ്രസംഗത്തില്‍ വാജ്പെയി

MediaOne Logo

Web Desk

  • Updated:

    2023-10-08 18:18:48.0

Published:

8 Oct 2023 5:56 PM GMT

What AB Vajpayee said on Indias foreign policy in Palestine-Israel issue, AB Vajpayee on Israel, AB Vajpayee on Palestine, Palestine-Israel conflict, Israel attack, Hamas
X

എ.ബി വാജ്പെയി

ന്യൂഡൽഹി: ഹമാസ് ആക്രമണത്തിനു പിന്നാലെ ഇസ്രായേലിന് ഇന്ത്യയുടെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണമെന്നു വിശേഷിപ്പിച്ച്, സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മോദി ഇസ്രായേലിന് ഐക്യദാർഢ്യം ഉറപ്പാക്കുകയും ചെയ്തു. രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ ഇതാദ്യമായാണ് പശ്ചിമേഷ്യന്‍ സംഘർഷത്തിൽ കേന്ദ്രം പരസ്യമായി ഇസ്രായേൽ പക്ഷത്ത് നിലയുറപ്പിക്കുന്നത്. എന്നാൽ, മോദി ഭരണകൂടത്തിന്റെ നിലപാടിനെ തന്നെ ചോദ്യംചെയ്യുന്നതാണ് മുൻ പ്രധാനമന്ത്രിയും തലമുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന എ.ബി വാജ്‌പെയി വിഷയത്തില്‍ ഇന്ത്യയുടെ വിദേശനയം വിശദീകരിച്ചു നടത്തിയ പഴയൊരു പ്രസംഗം.

അനധികൃതമായി കൈയടക്കിവച്ച അറബികളുടെ ഭൂമി ഇസ്രായേൽ ഫലസ്തീനു തിരിച്ചുകൊടുക്കണമെന്നാണ് പ്രസംഗത്തിൽ വാജ്‌പെയി ആവശ്യപ്പെട്ടത്. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യൻ സംഘർഷത്തിന് അന്താരാഷ്ട്രസമൂഹം ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു. 1977ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാരിൽ വിദേശകാര്യ മന്ത്രിയായി അധികാരമേറ്റ ശേഷം ഡൽഹിയിൽ നടന്ന ഒരു റാലിയിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട് പ്രഖ്യാപനം.

വിഷയത്തിൽ ഇസ്രായേലിനൊപ്പം നിൽക്കണമെന്ന വാദവുമായി ചിലർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ചിലതു പറയുന്നുവെന്നു പറഞ്ഞായിരുന്നു അദ്ദേഹം തുടങ്ങിയത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാണെന്നം അദ്ദേഹം പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് അദ്ദേഹത്തിന്റെ പ്രഖ്യാപനം സ്വീകരിച്ചത്.

പ്രസംഗത്തിൽനിന്ന്:

ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചുകഴിഞ്ഞു. തങ്ങൾ ഇസ്രായേലിനൊപ്പമേ നിൽക്കൂ, അറബികൾക്കൊപ്പമില്ലെന്ന് ഇപ്പോൾ ചിലർ പറഞ്ഞുവരുന്നുണ്ട്. ബഹുമാനപ്പെട്ട മൊറാർജി ഭായ്(അന്നത്തെ പ്രധാനമന്ത്രി) സർക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. തെറ്റിദ്ധാരണ മാറ്റാനായി ഒരുകാര്യം കൂടി പറയുന്നു, ഈ സർക്കാർ ഓരോ വിഷയവും അതിന്റെ ഗുണവും ദോഷവുമെല്ലാം നോക്കിയാണു വിലയിരുത്തുന്നത്.

പശ്ചിമേഷ്യൻ വിഷയം സുവ്യക്തമാണ്. ഇസ്രായേൽ തങ്ങൾ അനധികൃതമായി കൈയടക്കിവച്ച അറബ് ഫലസ്തീനികളുടെ ഭൂമി ഒഴിഞ്ഞുകൊടുക്കണം. അധിനിവേശക്കാർ കൈയേറ്റങ്ങളുടെ ഫലം അനുഭവിക്കുന്ന ഒരു സാഹചര്യം നമുക്ക് അംഗീകരിക്കാനാകില്ല. നമ്മുടെ കാര്യങ്ങളിലുള്ളത്(ജമ്മു കശ്മീർ വിഷയം) മറ്റുള്ളവർക്കും ബാധകമാണ്. അറബികളുടെ ഭൂമി ഒഴിഞ്ഞുകൊടുക്കണം. അത് ഫലസ്തീനികളുടേതാണ്. അവരുടെ ന്യായമായ അവകാശങ്ങൾ വകവച്ചുകൊടുക്കണം.

ഇസ്രായേലിന്റെ അസ്തിത്വത്തെ സോവിയറ്റ് യൂനിയനും അമേരിക്കയുമെല്ലാം അംഗീകരിച്ചിട്ടുണ്ട്. നമ്മളും അംഗീകരിക്കുന്നു. എന്നാൽ, ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പരിഹാരം കാണണം. അതുവഴി മേഖലയിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുകയും വേണം.

Summary: 'For permanent peace in the Middle-East, Israel must vacate Palestinian land it has illegally occupied'': When AB Vajpayee declared India's foreign policy on Palestine issue in 1977

TAGS :

Next Story