Quantcast

‘’പപ്പാ ചായ താ’': വൈറലായി കുഞ്ഞാവയുടെ ചായകുടി

‘’വീഡിയോ കണ്ടാല്‍ അവള്‍ ഒരു കുറുമ്പിപ്പെണ്ണാണെന്ന് തോന്നുമെങ്കിലും സത്യത്തില്‍ ആള് പാവമാണ്.. സാധുവാണ്..’’

MediaOne Logo

Web Bureau

  • Published:

    3 Sep 2019 12:38 PM GMT

‘’പപ്പാ ചായ താ’: വൈറലായി കുഞ്ഞാവയുടെ ചായകുടി
X

കല്യാണരാമന്‍ സിനിമയില്‍ വേസ്റ്റ് ഗ്ലാസുമായി വരുന്ന ഇന്നസെന്‍റിനെ ഓര്‍മയില്ലേ... അതുപോലെ ചായകുടിക്കുന്ന പപ്പയ്ക്കരികിലേക്ക് ചായ കുടിക്കാന്‍ ഒരു ഗ്ലാസുമായെത്തിയ രണ്ടുവയസ്സുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള എന്ത് നിമിഷവും മൊബൈലില്‍ പകര്‍ത്തുന്നവരാണ് ഇന്ന് നമ്മള്‍. അത്തരമൊരു വീഡിയോയിലെ ഒരു കുഞ്ഞിപ്പെണ്ണും അവളുടെ ചായകുടിയും പപ്പായെന്നുള്ള വിളിയും എല്ലാവരും നെഞ്ചിലേറ്റിക്കഴിഞ്ഞു.

തറയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്ന പപ്പയുടെ അടുത്തേക്ക് ഒരു കാലി ഗ്ലാസുമായാണ് ഈ കുഞ്ഞാവ വന്നത്. വെറുതെ പപ്പയ്ക്ക് നേരെ ഗ്ലാസ് നീട്ടുക മാത്രമല്ല, പപ്പാ ചായ താ എന്ന് പറയുന്നു കൂടിയുണ്ട് അവള്‍. ഇത് പപ്പേടെ ചായയല്ലേ എന്ന് പപ്പ പറഞ്ഞപ്പോള്‍ അവള്‍ക്ക് ആദ്യം ദേഷ്യം വന്നു. അപ്പോ പപ്പയ്ക്കിട്ട് ആദ്യം ഒരടി, പിന്നെ ചെയ്തത് ശരിയായില്ലെന്ന് തോന്നിയപ്പോള്‍, സോപ്പിടാനായി മുഖം മുഴുവന്‍ ഉമ്മകള്‍.. അവസാനം ഒരല്പം ചായ, പപ്പ ആ കുഞ്ഞിപ്പെണ്ണിന് കൊടുത്തു. കൂടെ ഒരു ഉപദേശവും, ജ്യൂസ് കുടിക്കുന്ന പോലെയല്ല, ചായ കുടിക്കേണ്ടത് എന്ന്. ആ ഉപദേശം ആ വികൃതിക്ക് അത്ര ഇഷ്ടായില്ല.. ഉപദേശിക്കുന്നതിനിടെ പപ്പ അവള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയിരുന്നു. ആ വിരലില്‍ പിടിച്ച് നല്ല കടി കൊടുത്തു. ഒന്നല്ല രണ്ട് തവണ... വീണ്ടും ഒരല്‍പം കൂടി ചായ ഗ്ലാസിലേക്ക് ഒഴിച്ച് കൊടുത്ത്, ഒറ്റവലിക്ക് പപ്പ ചായ കുടിച്ച് തീര്‍ത്തു. ചായ തീര്‍ന്നെന്ന് കണ്ടപ്പോള്‍ കുഞ്ഞാവയ്ക്കും സന്തോഷം.. കാലിയായ രണ്ട് ഗ്ലാസുമായി ആള് അകത്തേക്ക് പോയി..

കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു.. തീർത്തും യാദൃശ്ചികമായിരുന്നു...

Posted by Mohamed Haneef Talikulam on Sunday, September 1, 2019

കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു.. തീർത്തും യാദൃശ്ചികമായിരുന്നു... എന്ന കുറിപ്പോടെ മുഹമ്മദ് ഹനീഫ് എന്ന യുവാവ് ആണ് ഈ കുറുമ്പ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ഇന്നലെയാണ് വീഡിയോ എഫ് ബിയിലിട്ടത്. അതോടുകൂടി കുഞ്ഞാവയും കുഞ്ഞാവയുടെ പപ്പയും വൈറലാകുകയായിരുന്നു. അലൈന മര്‍ജാന്‍ എന്നാണ് ഈ കുറുമ്പി പെണ്ണിന്‍റെ പേര്.

സത്യത്തില്‍ വൈറലാകുമെന്ന് പ്രതീക്ഷിച്ചേയല്ല വീഡിയോ എഫ് ബിയില്‍ ഇട്ടതെന്ന് പറയുന്നു മുഹമ്മദ് ഹനീഫ്. ''വീഡിയോ എടുത്തത് ഭാര്യയാണ്. ആ വീഡിയോ കണ്ടപ്പോള്‍ അതില്‍ ഒരു ക്യൂട്ട് നെസ്സ് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. എഫ് ബിയില്‍ ഇടയ്ക്ക് ചിലതൊക്കെ കുത്തിക്കുറിച്ച് സജീവമായി നില്‍ക്കുന്ന ഒരാളാണ് ഞാന്‍. ഇത് ഇട്ടാല്‍ രസായിരിക്കും എന്ന് എനിക്ക് തോന്നി... അതിന് ഒരു വൈറല്‍ മനോഭാവം ഉണ്ടെന്നൊന്നും കരുതിയല്ല ഇട്ടത്. പക്ഷേ, വീഡിയോ കയ്യീന്ന് പോയി.. എത്രയോ ഫോണ്‍ കോളുകളാണ് വന്നത്. എത്രയോ മെസേജുകള്‍ വരുന്നു. ഒരുപാട് സ്നേഹം നിറഞ്ഞ കമന്‍റുകള്‍ വരുന്നു. എല്ലാവരും മോളോട് ആശംസകള്‍ അറിയിക്കാന്‍ പറയുന്നു.. സത്യത്തില്‍ ഇതെല്ലാം വല്ലാതെ മനസ്സ് നിറയ്ക്കുന്നുണ്ട്.

ഈ വീഡിയോ കണ്ടാല്‍ അവള്‍ ഒരു കുറുമ്പിപ്പെണ്ണാണെന്ന് തോന്നുമെങ്കിലും സത്യത്തില്‍ ആള് പാവമാണ്.. സാധുവാണ്.. ഭയങ്കര സ്നേഹമാണ്.. നല്ല ലവ്വിംഗായ കുട്ടിയാണ്. ഞാനുമായി ഭയങ്കര അറ്റാച്ച്ഡ് ആണ്..'' - എന്നു പറയുന്നു മുഹമ്മദ് ഹനീഫ്.

അലൈന മര്‍ജാന്‍

തൃശൂര്‍ തളിക്കുളം സ്വദേശിയാണ് മുഹമ്മദ് ഹനീഫ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അ‍ജ്മാനിലാണ് ഇപ്പോള്‍ താമസം. ഭാര്യ ബിന്‍സിയ അജ്മാന്‍ ഇന്ത്യന്‍ സ്കൂളില്‍ ടീച്ചറാണ്. അലൈന മര്‍ജാന് മൂത്തതായി രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. മൂത്തയാള്‍ക്ക് 13 വയസ്സ്, രണ്ടാമത്തെ ആള്‍ക്ക് 11 വയസ്സും. ദുബൈയില്‍ ഐ.ടി ടെക്നീഷ്യന്‍ ആയിട്ട് വര്‍ക്ക് ചെയ്യുകയാണ് വീഡിയോയിലെ പപ്പ മുഹമ്മദ് ഹനീഫ്.

TAGS :

Next Story