തിരുവനന്തപുരത്തെ പ്രചാരണം ഊര്‍ജിതമാക്കാന്‍ പ്രമുഖ നേതാക്കളിറങ്ങും
കോൺഗ്രസ് അഭിമാന പോരാട്ടമായി കാണുന്ന തിരുവനന്തപുരത്തെ പ്രചരണത്തിന് ചൂടുപിടിപ്പിക്കാൻ പ്രധാന നേതാക്കൾ തന്നെ അവസാന ദിവസങ്ങളിൽ കളത്തിലിറങ്ങുകയാണ്.
തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണത്തിന് ആക്കം കൂട്ടാൻ കോൺഗ്രസ് നേതാക്കൾ ഇന്നും നാളെയും തിരുവനന്തപുരത്ത്. രമേശ് ചെന്നിത്തല ഇന്ന് രണ്ട് പൊതുപരിപാടികളിൽ പങ്കെടുക്കും. ഉമ്മൻചാണ്ടി, എ.കെ ആൻറണി എന്നിവരുടെ റോഡ് ഷോ നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കും.
കോൺഗ്രസ് അഭിമാന പോരാട്ടമായി കാണുന്ന തിരുവനന്തപുരത്തെ പ്രചാരണത്തിന് ചൂടുപിടിപ്പിക്കാൻ പ്രധാന നേതാക്കൾ തന്നെ അവസാന ദിവസങ്ങളിൽ കളത്തിലിറങ്ങുകയാണ്. മണ്ഡലം പ്രത്യേകം ശ്രദ്ധിക്കാൻ ചുമതല നൽകിയിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂർണമായി തിരുവനന്തപുരത്ത് ഉണ്ടാകും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്ന പ്രതിപക്ഷ നേതാവ് ശ്രീകാര്യം, വള്ളക്കടവ് എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി, ശശി തരൂരിന്‍റെ പ്രാദേശിക മാനിഫെസ്റ്റോ പ്രകാശനം ചെയ്യും. വൈകിട്ട് തീരദേശ മേഖലയിൽ റോഡ് ഷോയും നടത്തും.
ഉമ്മൻചാണ്ടിയും പൊഴിയൂർ മുതൽ പൂന്തുറ വരെ റോഡ് ഷോ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ രാഹുൽ ഗാന്ധിയുടെ പരിപാടി നടന്നത് യു.ഡി.എഫ് ക്യാമ്പിൽ ആവേശം പകർന്നിട്ടുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന നേതാക്കൾ കൂടി ശശി തരൂരിന് രംഗത്തിറങ്ങുന്നതോടെ തിരുവനന്തപുരം മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. കഴിഞ്ഞ തവണ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബി.ജെ.പിയെ പിടിച്ചുകെട്ടാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ചില മണ്ഡലങ്ങളിൽ ബി.ജെ.പി ലീഡ് കുറയ്ക്കാൻ കഴിയുമെങ്കിൽ മറ്റു ചില മണ്ഡലങ്ങളിൽ യു.ഡി.എഫിന് അനുകൂലമാകും. നഗര മണ്ഡലങ്ങളിലെ പ്രധാന സാന്നിധ്യമായ നായർ വോട്ടുകൾ കഴിഞ്ഞ തവണത്തേക്കാൾ അനുകൂലമാകും എന്നാണ് വിലയിരുത്തൽ. പാറശാല, നെയ്യാറ്റിൻകര, കോവളം തുടങ്ങിയ മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുക കൂടി ചെയ്താൽ വിജയം ഉറപ്പിക്കാം എന്നാണ് യു.ഡി.എഫ് ക്യാമ്പിന്‍റെ കണക്കുകൂട്ടൽ.
Adjust Story Font
16