Quantcast

പത്തനംതിട്ടയിൽ പോരാട്ടം മുറുകുന്നു; പ്രചാരണം ശക്തമാക്കി മുന്നണികൾ

പരമ്പരാഗത വോട്ടുകള്‍കൊണ്ട് ഒരു മുന്നണിക്കും വിജയിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്

MediaOne Logo

Web Desk

  • Published:

    20 April 2019 2:15 AM GMT

പത്തനംതിട്ടയിൽ പോരാട്ടം മുറുകുന്നു; പ്രചാരണം ശക്തമാക്കി മുന്നണികൾ
X

വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ പ്രചാരണ രീതികളിൽ മാറ്റം വരുത്തി മുന്നണികള്‍. വോട്ടു ബാങ്കുകളായ സമുദായ നേതാക്കളേയും സ്ഥാപനങ്ങളിലുള്ളവരേയും നേരില്‍ കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥികള്‍. ദേശീയ നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം നടത്തിയ ശേഷം കലാശക്കൊട്ട് കൊഴുപ്പിക്കാനുള്ള ശ്രമത്തിലുമാണ് മുന്നണികള്‍.

വാഹന പ്രചാരണ ജാഥകള്‍ക്കും മണ്ഡലം കണ്‍വന്‍ഷനുകള്‍ക്കും ശേഷം സ്ഥാനാര്‍ത്ഥികള്‍ ഇപ്പോള്‍ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രചാരണത്തിലാണ്. അതേ സമയം മുന്നണികള്‍ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളും നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരമ്പരാഗത വോട്ടുകള്‍കൊണ്ട് ഒരു മുന്നണിക്കും വിജയിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് അതു കൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളില്‍ പരമാവധി വോട്ടുകള്‍ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.

മൂന്നു മുന്നണികളും വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുമ്പോള്‍ പത്തനംതിട്ടയിലെ വിജയവും പ്രവചനാതീതമായി തുടരുന്നു. പരമാവധി ദേശീയ നേതാക്കളെ മണ്ഡലത്തിൽ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനുള്ള ശ്രമത്തിലുമാണ് മൂന്നണികള്‍. രാഹുല്‍ ഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലായിട്ടുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ് മുന്നണി. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മുഖ്യ പ്രചരണ വിഷയമാക്കി തന്നെയാണ് ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജിന്റേയും അവസാന ഘട്ട പ്രചാരണം. രണ്ടു തവണ കൈവിട്ട മണ്ഡലം കൃത്യമായ സംഘടനാ സംവിധാനത്തിലൂടെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് എല്‍.ഡി.എഫ്.മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

ശബരിമല വിഷയം മുഖപ്രചരണമാക്കി ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിലൂടെ വിജയിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇതിനിടയില്‍ പി.സി ജോര്‍ജ്ജിന്റെ വരവോടെ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും പരസ്യപിന്തുണ പ്രഖ്യാപിക്കാത്തത് ബി.ജെ.പിയെ ആശങ്കയിലാക്കുന്നുണ്ട്.

TAGS :

Next Story