"ഞാനവർക്ക് ഷഹീൻ ബാഗിൽ നിന്നുള്ള തീവ്രവാദിയായിരുന്നു": ഷർജീൽ ഉസ്മാനി
ജയിലനുഭവങ്ങൾ, അറസ്റ്റുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രതികരണം, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് ഷര്‍ജീല്‍ ഉസ്മാനി സംസാരിക്കുന്നു
(ആപ് കെ ലിയേ ജോ ലോഗ് ജയിൽ മെ ഹെ, ജിൻ ലോഗോ നെ ആപ്കെ ലിയേ ലടാ ഹെ, ഉന്കെ ചേഹരേ മത് ഭൂലിയേഗ) "നിങ്ങൾക്കായി പോരാടുകയും ജയിലിൽ കഴിയുകയും ചെയ്യുന്നവരുടെ മുഖം മറക്കരുത്"
2019 ഡിസംബർ 15ന് അലിഗഢ് മുസ്‍ലിം സര്‍വകലാശാല കാമ്പസിലുണ്ടായ അക്രമവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് 2020 ജൂലൈ 8ന് ഉത്തർപ്രദേശ് എ.ടി.എസ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) 23കാരനായ സി.എ.എ വിരുദ്ധ പ്രക്ഷോഭകനും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനിയെ അറസ്റ്റ് ചെയ്യുന്നത്.
വിഘടനവാദം പ്രചരിപ്പിക്കുക, നിയമവിരുദ്ധമായി സമ്മേളിക്കുക, പൊതുസേവകന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, പൊതുപ്രവർത്തകരെ ആക്രമിക്കുക എന്നീ കുറ്റങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു കേസുകൾ.
153 എ വകുപ്പിനു കീഴിലുള്ള 682ഉം 697ഉം, 147,188 ഐ.പി.സിയുടെ 353, ഐ.ടി നിയമത്തിലെ 67 എന്നീ കേസുകളിൽ സെപ്റ്റംബർ 2 ബുധനാഴ്ച്ച ഉസ്മാനിക്ക് അലിഗഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
“പ്രതിയുടെ അക്കാദമിക രേഖകൾ അദ്ദേഹം മികച്ചൊരു വിദ്യാർഥിയാണെന്ന് വ്യക്തമാക്കുന്നു": സ്പെഷ്യൽ ജഡ്ജി നരേന്ദ്ര സിംഗ് പറഞ്ഞു.
"തെളിവുകൾ നശിപ്പിക്കാൻ പാടില്ലെന്നും, ആവശ്യപ്പെടുമ്പോൾ സ്വയമോ അല്ലെങ്കിൽ അഭിഭാഷകൻ മുഖേനയോ വിചാരണാ കോടതിയിൽ ഹാജരാകണമെന്നുമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം അനുവദനീയമാണ്" എന്നും കോടതി കൂട്ടിച്ചേർക്കുന്നു.
ജയിലിലെ തന്റെ അനുഭവങ്ങൾ, അറസ്റ്റുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രതികരണം, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് ക്വിന്റ് ഉസ്മാനിയുമായി വിശദമായി സംസാരിക്കുന്നു.
ജൂലൈ 8 രാത്രിയിൽ എന്താണ് സംഭവിച്ചത്?
"ഞാനും എന്റെ കുടുംബവും ഡിസംബർ 15 മുതൽ ആ ദിവസത്തിനായി മാനസികമായി തയ്യാറായിരുന്നു. എന്തെങ്കിലും അനിഷ്ടകരമായത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, എ.ടി.എസ് അറസ്റ്റുചെയ്യുമെന്ന് കരുതിയില്ല", ഉസ്മാനി പറഞ്ഞു.
"എ.ടി.എസിന് വ്യത്യസ്ത രീതിയിലുള്ള അറസ്റ്റുകളാണ്. അവർ ഒരു പച്ചക്കറി കച്ചവടക്കാരനായി വസ്ത്രം ധരിച്ചോ അല്ലെങ്കിൽ ഒരു ഫാർമസിയിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതായി നടിക്കുകയോ ചെയ്യും. പെട്ടെന്ന് അവരുടെ കയ്യിലുള്ള പിസ്റ്റൾ ഉപയോഗിച്ച് നിങ്ങളെ വളയും", അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ചല്ല, മറിച്ച് കാശ്മീരുമായുള്ള ബന്ധത്തെക്കുറിച്ചാണ് ചോദ്യംചെയ്യപ്പെട്ടതെന്ന് ഷർജീൽ കൃത്യമായി ഓർത്തെടുക്കുന്നു.
തന്റെ കണ്ണുകൾ കെട്ടിവെക്കപ്പെട്ടിരുന്നുവെന്നും വ്യക്തിപരമായ സാധനങ്ങളെല്ലാം കണ്ടുകെട്ടിയതായും ഉസ്മാനി പറഞ്ഞു. ഇതിൽ അസംഘഢിലെ വീട്ടിൽ നിന്ന് എടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും ഉണ്ടായിരുന്നു. ഉസ്മാനിയുടെ കുടുംബത്തിന് 24 മണിക്കൂറോളം അദ്ദേഹം എവിടെയാണെന്ന് അറിയില്ലായിരുന്നു.
"എന്റെ അറസ്റ്റിനെക്കുറിച്ച് എന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. പക്ഷേ, അവർ അറിഞ്ഞിരുന്നില്ല. അവർ എന്റെ വീട്ടിൽ നിയമവിരുദ്ധമായി തിരച്ചിൽ നടത്തി എന്റെ സ്വകാര്യ വസ്തുക്കൾ എടുത്തതായി എനിക്ക് അറിയില്ലായിരുന്നു. എനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ, ഞാനാണതിന്റെ ഉത്തരവാദി, എന്റെ കുടുംബമല്ല. എന്റെ കുടുംബത്തിന് അവരുടേതായ അവകാശങ്ങളുണ്ട്. ഭരണകൂടം അവരുടെ അന്തസ്സിൽ കൈകടത്താൻ പാടില്ലായിരുന്നു,” ഉസ്മാനി പറഞ്ഞു.
എന്നോട് കശ്മീറിനെ കുറിച്ചാണ് ചോദിച്ചത്, എ.എം.യുവിനെ കുറിച്ചല്ല!
ലോക്കൽ പോലീസല്ല, എ.ടി.എസാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഉസ്മാനി പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചല്ല, മറിച്ച് കശ്മീരുമായുള്ള ബന്ധത്തെക്കുറിച്ചാണ് താൻ ചോദ്യംചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.
എ.ടി.എസ് ചോദ്യംചെയ്യലിനെക്കുറിച്ച് ഉസ്മാനി പറഞ്ഞതിങ്ങനെ: “എന്തുകൊണ്ടാണ് എനിക്ക് കശ്മീരിൽ നിന്ന് ഇത്രയധികം സുഹൃത്തുക്കൾ ഉള്ളതെന്ന് അവർ എന്നോട് ചോദിച്ചു. നേപ്പാളിലെ മദ്രസയിൽ നിന്ന് അറസ്റ്റ് ചെയ്തതായി അവർ അവകാശപ്പെടുന്ന ഷാഡാ മുന്നയുമായി (പേര് മാറ്റി) എനിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അവർ എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. റഫറൻസിനായി അവർ ഒരിക്കൽ മാത്രം എ.എം.യുവിനെക്കുറിച്ച് ചോദിച്ചു"
സാമൂഹ്യപ്രവർത്തകരുടെ ഓൺലൈൻ സ്വകാര്യതയെക്കുറിച്ച് സംസാരിച്ച ഉസ്മാനി പറഞ്ഞു: "പ്രൈവസി നാം കി കോയി ചീസ് നഹി ഹെ ഹമാരെ ഫോൺ മെ" (നമ്മുടെ ഫോണുകളിൽ സ്വകാര്യത എന്ന് വിളിക്കപ്പെടുന്ന ഒരു കാര്യവും നിലവിലില്ല).
അവരുടെ കയ്യിൽ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഉണ്ട്. അവർ എനിക്ക് എന്റെ ചാറ്റുകൾ വായിച്ച് കേൾപ്പിക്കുന്നു. അവർ ഇന്റർനെറ്റ് ഫോൺ വിളികൾ അടക്കമുള്ള ഞങ്ങളുടെ എല്ലാ ഫോൺവിളികളും ശ്രദ്ധിക്കുന്നു. അത്ര എളുപ്പമായിരുന്നില്ല, വളരെ സമ്മർദത്തിലായിരുന്നു ചോദ്യംചെയ്യൽ, ഉസ്മാനി പറഞ്ഞു.
‘ജയിലിൽ നിങ്ങൾക്ക് ഒരു പേന പേപ്പർ പോലും ലഭിക്കില്ല’
“ഹം ആസാദ് ഹൂം 70 സാൽ ഹോ ഗയ്, പർ ജയിൽ മെ ലിഖ്‌നെ കോ പെൻ-പേപ്പർ കെ ലിയേ താരാസ് ജയെങ്കെ (നമ്മൾക്ക് 70 വർഷം മുമ്പ് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ ജയിലിൽ നിങ്ങൾക്ക് ഒരു പേനയോ പേപ്പറോ പോലും ലഭിക്കില്ല), ഉസ്മാനി പറഞ്ഞു.
ജയിലുകളിലെ അവസ്ഥയെക്കുറിച്ച് സംസാരിച്ച ഉസ്മാനി, നമ്മുടെ സമൂഹത്തിൽ പ്രചാരത്തിലുള്ള ജാതിവ്യവസ്ഥ പോലുള്ള എല്ലാ തിന്മകളും മൗലികമായി ജയിലുകളിലും നിലനിൽക്കുന്നു എന്ന് പറയുന്നു. ജയിലുകളിൽ മനുഷ്യജീവനുകൾക്ക് ഒരു വിലയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"ജയിലുകളിലെ മുറികൾ ഇടുങ്ങിയതാണ്. 40 പേർക്കുള്ള ഇടത്തിൽ 145 തടവുകാരെ നിറച്ചിരുന്നു. അതിനാൽ എല്ലാവരേയും കുറിച്ച് പറയുന്ന കാര്യങ്ങൾ ഞങ്ങൾ കേൾക്കുന്നു. എന്നെ 'ഷഹീൻ ബാഗ് വാല ആതങ്ക് വാദി' എന്നാണ് വിളിച്ചിരുന്നത് (എന്നെ ഷഹീൻ ബാഗിൽ നിന്നുള്ള തീവ്രവാദി എന്നാണ് വിളിച്ചിരുന്നത്)", അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് മാസമായി കുടുംബത്തെ കാണാൻ തനിക്ക് അനുവാദമില്ലെന്നും ആഴ്ചയിൽ ഒരു കോൾ വിളിക്കാൻ മാത്രമാണ് അനുവദിച്ചതെന്നും ഉസ്മാനി ഓർത്തെടുക്കുന്നു. കഴിഞ്ഞ ആറുമാസമായി താൻ ഉമ്മയെ കണ്ടില്ലെന്നും എന്നാൽ അവർ ഏറെ ധൈര്യമുള്ളയാളാണെന്നും ഉസ്മാനി കൂട്ടിച്ചേര്‍ത്തു.
"ഉമ്മ മാനസികമായി ശക്തയാണ്, അവർ എന്നെക്കുറിച്ച് അഭിമാനിക്കുന്നു, പക്ഷേ, ചില ബന്ധുക്കൾ അവരെ വിളിച്ച് എന്നെക്കുറിച്ച് ചോദിച്ചാൽ അവർ കരഞ്ഞുപോകും", ഉസ്മാനി പറഞ്ഞു.
ഇത് എന്റെ വിജയമല്ല, ഭരണകൂടത്തിന്റെ പരാജയമാണ്
തന്റെ പുതിയ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച ഉസ്മാനി പറഞ്ഞു: "ഇത് ആഘോഷിക്കരുത്. ആദ്യം, നിങ്ങൾ ഒരു കാരണവുമില്ലാതെ ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നു. അതിനെ ഒരു വിജയമെന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇത് ഒരു വിജയമല്ല. ഇതിനർഥം ഭരണകൂടം പരാജയപ്പെട്ടു എന്നാണ്."
അവരുടെ കയ്യിൽ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഉണ്ട്. അവർ എനിക്ക് എന്റെ ചാറ്റുകൾ വായിച്ച് കേൾപ്പിക്കുന്നു. അവർ ഇന്റർനെറ്റ് ഫോൺ വിളികൾ അടക്കമുള്ള ഞങ്ങളുടെ എല്ലാ ഫോൺവിളികളും ശ്രദ്ധിക്കുന്നു. അത്ര എളുപ്പമായിരുന്നില്ല, വളരെ സമ്മർദത്തിലായിരുന്നു ചോദ്യംചെയ്യൽ
"അവർ അവരുടെ എല്ലാ വിഭവങ്ങളും ഉപയോഗിച്ചുകൊണ്ട് ഞങ്ങളെ ജയിലിലടക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ അവർ പരാജയപ്പെട്ടു. അതിനാൽ ഈ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടരുത്. ഈ കഷ്ടപ്പാടിനെ നമ്മൾ ഒരു വിജയമായി അവതരിപ്പിക്കുകയാണെങ്കിൽ, അതിനർഥം നമ്മൾക്ക് ഇതിനോടകം ഈ പോരാട്ടം നഷ്ടപ്പെട്ടുവെന്നാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എ.എ - എൻ.ആർ.സി സമരം എന്റേത് മാത്രമല്ല
സി.എ.എ-എൻ.ആർ.സി പ്രസ്ഥാനം വിഫലമാകുമെന്ന് ആശങ്കയില്ല. ഈ പോരാട്ടം തന്നെ കൂട്ടായ ശ്രമമായതിനാൽ അതിനെതിരെ പോരാടാൻ മാത്രം നമ്മുടെ ജനാധിപത്യം ശക്തമാണെന്നും ഉസ്‍മാനി പറഞ്ഞു.
ഈ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏതെങ്കിലും നേതാക്കളിലേക്ക് ചുരുക്കാനാവില്ലെന്നും, ആരെങ്കിലും ഒരു നേതാവിന്റെ വേഷം ഏറ്റെടുക്കുകയാണെങ്കിൽ അവരെ ‘സൂത്രധാരൻ’ എന്ന് വിളിക്കുമെന്നും, അത് അവർക്ക് ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. "സി.എ.എ വിരുദ്ധ പ്രതിഷേധം ഒരു സ്വാഭാവികമായ പ്രക്ഷോഭമായിരുന്നു. അത് എല്ലായിടത്തും ഒരു കൂൺ പോലെ വിരിഞ്ഞു. അത് വീണ്ടും തഴച്ചുവളരും. ഞാൻ അതിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ല", ഉസ്മാനി പുഞ്ചിരിയോടെ പറഞ്ഞു.
പരിഭാഷ: സിബ്ഗത്തുല്ല സാക്കിബ്
Adjust Story Font
16