സഞ്ജീവ് ഭട്ടിന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മക്കള്‍
വിശ്വസ്ഥനായ ഒരുദ്യോഗസ്ഥനോടിങ്ങനെ ചെയ്തിട്ടും രാജ്യം നിശബ്ദമായി നോക്കി നിന്നു
സഞ്ജീവ് ഭട്ടിന്റെ അമ്പത്തേഴാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മക്കളായ ആകാശിയും ശാന്തനുവും. വിശ്വസ്ഥനായ ഒരുദ്യോഗസ്ഥനോടിങ്ങനെ ചെയ്തിട്ടും രാജ്യം നിശബ്ദമായി നോക്കി നിന്നതായി മക്കള്‍ പറയുന്നു. ആകാശിന്റെയും ശാന്തനുവുന്റെയും ആശംസാ കുറിപ്പിലെ പ്രസക്തമായ വരികള്‍...
"ഇന്ന് ഞങ്ങളുടെ പിതാവ് സഞ്ജീവ് ഭട്ടിന്റെ അമ്പത്തേഴാം ജന്മദിനമാണ്. അദ്ദേഹത്തെ സംബോധന ചെയ്യും മുമ്പ് ഞാൻ എന്റേതെന്ന് വിളിക്കുന്ന ഈ രാജ്യത്തിലെ പൗരന്മാരോട് ചിലത് പറയാനുണ്ട്. ഇവിടുത്തെ ഒരുത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ അങ്ങേയറ്റം പ്രതികാരബുദ്ധിയോടെ കെട്ടിച്ചമക്കപ്പെട്ട ഒരു കേസിൽ തടവിലാക്കിയിട്ട് രണ്ടു വർഷവും മൂന്നു മാസവും പതിനേഴ് ദിവസവും ആയി. സത്യത്തിന്റെ പക്ഷത്ത് നിന്ന് ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ അദ്ദേഹം ഉയർത്തിയ ധീരമായ ശബ്ദത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തെ തടവിലാക്കിയത്.
വിശ്വസ്ഥനായ ഒരുദ്യോഗസ്ഥനോടിങ്ങനെ ചെയ്തിട്ടും രാജ്യം നിശബ്ദമായി നോക്കി നിന്നു. അദ്ദേഹത്തെ നിരന്തരമായി ടാർജറ്റ് ചെയ്ത് ഇരയാക്കിയിട്ടും രാജ്യം പുറംതിരിഞ്ഞു നിന്നുകളഞ്ഞു. അദ്ദേഹത്തിന്റെ വീട് അവർ തകർത്തു. അപ്പോഴും നമ്മുടെ രാജ്യം കണ്ണും കാതും അടച്ചുപിടിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരിൽ അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി കുടുംബത്തിൽ നിന്ന് പറിച്ചെടുത്ത് അന്യായമായി അഴികൾക്കുള്ളിലടച്ചപ്പോഴും രാജ്യം നിസ്സംഗമായി നോക്കി നിന്നു.
വ്യക്തിജീവിതത്തിലും തന്റെ തൊഴിൽ മേഖലയിലും ഒരുപാട് നഷ്ടങ്ങൾ സഹിച്ചാണ് ഞങ്ങളുടെ പിതാവ് സഞ്ജീവ് ഭട്ട് ഇവിടുത്തെ സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ നിലയുറപ്പിച്ചത്. അദ്ദേഹം കാണിച്ച സത്യസന്ധതയുടെയും ഉത്തരവാദിത്വ ബോധത്തിന്റെയും ധീരതയുടെയും കനത്ത വിലയാണ് അദ്ദേഹമിന്ന് ഒടുക്കിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ മുട്ട് മടക്കിയില്ല എന്നതും അന്യായമായ ഇരയാകാൻ നിന്നുകൊടുത്തില്ല എന്നതും മാത്രമാണ് അദ്ദേഹം ചെയ്ത തെറ്റ്. ഞങ്ങളുടെ പിതാവ് എന്നും ഇവിടെ നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിച്ച ഒരു രാജ്യമുണ്ട്. ആ രാജ്യത്തിലെ പൗരന്മാരാകാൻ മുന്നോട്ട് വരണമെന്ന് ഈ സന്ദർഭത്തിൽ നിങ്ങളെല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്.
പ്രിയപ്പെട്ട ഡാഡീ......
താങ്കളാണ് ഡാഡ് ഞങ്ങളുടെ ഹീറോ. ഞങ്ങളുടെ അഭിമാനം. ദയവായി ഓർമിക്കൂ, അങ്ങോരിക്കലും ഒറ്റക്കല്ല തന്നെ.അങ്ങിനെ ആവുകയുമില്ല. ഇപ്പോൾ താങ്കളുടെ കുടുംബം ഞങ്ങൾ മൂന്ന് പേര് മാത്രമല്ല. ലോകത്തുടനീളമുള്ള അങ്ങയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് മനുഷ്യർ നമ്മോടൊപ്പമുണ്ട്. നീതിക്കു വേണ്ടിയുള്ള താങ്കളുടെ പോരാട്ടത്തിൽ അവർ എന്നും ഒപ്പമുണ്ടാവുകയും ചെയ്യും......
താങ്കൾക്കൊരിക്കലും ഊഹിക്കാൻ പോലും കഴിയാത്തത്ര അളവിൽ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു.
yours and only yours
ആകാശി, ശാന്തനു
പരിഭാഷ: മുഹമ്മദ് നജീബ്
Adjust Story Font
16