വരൻ പൈലറ്റ്; വന്നിറങ്ങിയത് ഹെലികോപ്ടറിൽ... വെറൈറ്റിയായി കഴക്കൂട്ടത്തെ വിവാഹം
ചെറുപ്പം മുതൽക്കേ വിമാനം പറത്തുക എന്നതായിരുന്നു ഷിറാസിന്റെ സ്വപ്നം; ഒപ്പം വിവാഹത്തിന് പറന്നിറങ്ങണമെന്നൊരു ആഗ്രഹവുമുണ്ടായിരുന്നു...
കഴക്കൂട്ടം: അറബി വേഷം ധരിച്ച് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി വരന്‍. വരനെ സ്വീകരിക്കാൻ അറബിഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്തച്ചുവടുകളുമായി കലാകാരികളും കലാകാരന്മാരും. തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിൽ ഇന്‍ഫോസിസിന് സമീപം പ്രവര്‍ത്തിക്കുന്ന അല്‍ സാജ് അരിനയിലാണ് ഏറെ പുതുമയും വ്യത്യസ്തതയുമുള്ള വിവാഹക്കാഴ്ചകള്‍ അരങ്ങേറിയത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ക്യാപ്റ്റന്‍ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹം, ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം നവ്യാനുഭവമാണ് സമ്മാനിച്ചത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മൂന്നരവര്‍ഷമായി പൈലറ്റാണ് വരന്‍ ഷിറാസ്. ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമായാണ് ഷിറാസ് സ്വന്തം കല്യാണത്തിന് വിവാഹവോദിയിലേക്ക് പറന്നിറങ്ങിയതും. കോപ്റ്ററില്‍ പറന്നിറങ്ങിയ നവവരനെ അറബി ഗാനത്തിന് ഒത്ത് ചുവടുകള്‍ വെച്ച കലാകാരന്മാരും കലാകാരികളും ചേര്‍ന്നാണ് സ്വീകരിച്ചത്. വധുവിനെയും ഇതേരീതിയില്‍ തന്നെ വേദിയിലെത്തിച്ചു. മതാചാരപ്രകാരമാണ് ചടങ്ങുകളെല്ലാം നടന്നത്.
കാഞ്ഞിരംപാറ ബീകോം ഗ്രീന്‍ ലീവ്‌സില്‍ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മൂത്ത മകനാണ് ഷിറാസ്. സ്‌കൂള്‍ വിദ്യാഭ്യാസം ഗല്‍ഫിലായിരുന്നെങ്കിലും പ്ലസ് വണ്‍ മുതൽ സ്കൂൾവിദ്യാഭ്യാസം തിരുവനന്തപുരത്താണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പൂനെയിലും ഫ്രാന്‍സിലുമായി വിമാനം പറത്താനുള്ള പഠനവും പൂർത്തിയാക്കി. ചെറുപ്പം മുതലെ പൈലറ്റാകണമെന്നായിരുന്നു ഷിറാസിന്റെ സ്വപ്നം. വിവാഹത്തിന് ഹെലികോപ്റ്ററിൽ വന്നിറങ്ങണമെന്നൊരു ആഗ്രഹവുമുണ്ടായിരുന്നു. സ്വപ്നങ്ങൾ സാക്ഷാല്‍ക്കരിക്കുന്നതിനായി കുടുംബക്കാര്‍ ഒപ്പം നിന്നതായി ഷിറാസ് പറയുന്നു.
വധു ലാമിയ ഷിബു രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം കണിയാപുരം കരിച്ചാറ അഹ്ലം വീട്ടില്‍ ഷിബു ഷീന ദമ്പതികളുടെ മകളാണ് ലാമിയ. ഹെലികോപ്റ്ററില്‍ വിവാഹശേഷം ചുറ്റിയടിക്കാനായതിന്റെ ത്രില്ലിലാണ് ലാമിയ ഷിബു. അല്‍സാജ് ഇവന്‍സിന്റെ നേതൃത്വത്തിലായിരുന്നു വിവാഹത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. ആദ്യമായാണ് അല്‍സാജില്‍ ഇത്തരത്തില്‍ ഒരു കല്യാണം നടക്കുന്നത്.
Groom is pilot; arrived by helicopter... wedding at Kazhakoottam is a variety affair
Adjust Story Font
16