ഈജിപ്ത് കോടീശ്വരൻ നാഇൽ നാസറിനെ വിവാഹം കഴിച്ച് ബിൽ ഗേറ്റ്‌സിന്റെ മകൾ
ഈജിപ്ത് വംശജനായ നാഇൽ നാസർ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിന്റെയും മെലിൻഡയുടെയും മൂത്തമകൾ ജെന്നിഫർ കാതറീൻ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്ത് ശതകോടീശ്വരൻ നാഇൽ നാസറാണ് ജെന്നിഫറിന്റെ കഴുത്തിൽ മിന്നുകെട്ടിയത്. ഒക്ടോബർ 15ന് വെസ്റ്റ്‌ചെസ്റ്റർ കൺട്രിയിലെ ബംഗ്ലാവിൽ വച്ചായിരുന്നു വിവാഹം. 23കാരിയായ കാതറീനും മുപ്പതുകാരനായ നാസറും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു.
ഈജിപ്ത് വംശജനായ നായിൽ നാസർ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്. ഇപ്പോൾ കാലിഫോർണിയയിലെ സാൻ ഡിയാഗോയിലാണ് താമസം. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. സ്റ്റാബ്ൾസ് എൽഎൽസി എന്ന കമ്പനിയുടെ ഉടമയാണ്. വെള്ളിയാഴ്ച രാത്രി മുസ്‌ലിം മതാചാര പ്രകാരം ഇരുവരുടെയും വിവാഹം നടന്നതായി ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്തു. ക്ഷണിക്കപ്പെട്ട ഏതാനും അതിഥികൾ മാത്രമാണ് ആ ചടങ്ങിൽ പങ്കെടുത്തത്.
വിവാഹത്തനായി വിഖ്യാത അമേരിക്കൻ ഫാഷൻ ഡിസൈനർ വേര വാങാണ് ജെന്നിഫറെ അണിയിച്ചൊരുക്കിയത്. വെളുത്ത ഗൗണാണ് ഇവർ അണിഞ്ഞിരുന്നത്. 142 ഏക്കർ പടർന്നു കിടക്കുന്ന നോർത്ത് സലേം എസ്‌റ്റേറ്റിൽ നടന്ന വിവാഹത്തിന് രണ്ടു ദശലക്ഷം ഡോളറാണ് ചെലവെന്ന് യുഎസ് മാധ്യമങ്ങൾ പറയുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം മാതാപിതാക്കൾ ജെന്നിഫറിനായി വാങ്ങിയ ബംഗ്ലാവാണിത്.
ഈയിടെ വിവാഹമോചനം നേടിയ ശേഷം ബിൽ ഗേറ്റ്‌സും മെലിൻഡയും ആദ്യമായി ഒരുമിക്കുന്ന പൊതുപരിപാടി കൂടിയായി മകളുടെ വിവാഹം. ഇരുവരുടെയും ആദ്യ മകളാണ് ജെന്നിഫർ. റോറി ഗേറ്റ്‌സ്, ഫോബി ഗേറ്റ്‌സ് എന്നിവരാണ് മറ്റു മക്കൾ.
2020 ജനുവരി 30ന് വിവാഹനിശ്ചയം ഉറപ്പിച്ച വേളയിൽ ജെന്നിഫറും നാസറും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. 'ഒന്നിച്ചു ജീവിക്കാനും വളരാനും ചിരിക്കാനുമുള്ള കാലത്തിനായി കാത്തിരിക്കാനാകുന്നില്ല. അതേ, ദശലക്ഷക്കണക്കിന് സമയം കടന്നുപോയിരിക്കുന്നു.' - എന്നായിരുന്നു കാതറിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പുരുഷൻ എന്നാണ് നാസർ പ്രതികരിച്ചിരുന്നത്. ജെൻ, എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലുതാണ് നീ- അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16