ശ്രീലങ്കയിലെ പ്രക്ഷോഭം: ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്, രാമേശ്വരത്ത് കനത്ത സുരക്ഷ
ഇന്ധനവും ഭക്ഷണവും ഇല്ലാതായതിനെ തുടർന്ന് വലിയ പ്രതിഷേധത്തിലായ ശ്രീലങ്കൻ ജനത ശനിയാഴ്ചയാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യേറി പിടിച്ചടക്കിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുളള ജനകീയ പ്രതിഷേധത്തിൽ കലാപകലുഷിതമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിർദേശം നൽകിയത്. ഇതോടെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഇതിനെ തുടർന്ന് രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ലങ്കയിലെ സ്ഥിതിഗതികളിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഇന്ധനവും ഭക്ഷണവും ഇല്ലാതായതിനെ തുടർന്ന് വലിയ പ്രതിഷേധത്തിലായ ശ്രീലങ്കൻ ജനത ശനിയാഴ്ചയാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യേറിയത്. പതിനായിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് പാഞ്ഞെത്തിയതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ വസതി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകാരികൾ തീയിടുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധി കൂടി ഉടലെടുത്തതോടെ അടിയന്തരമായി സർവകക്ഷി യോഗം ചേരുകയായിരുന്നു.
പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആദ്യം രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റും രാജി സന്നദ്ധത അറിയിച്ചതായി സ്പീക്കർ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയോടെ രാജിയുണ്ടാകുമെന്നാണ് സ്പീക്കർ അറിയിച്ചത്. നിലവിൽ സ്പീക്കറായ അജിത് രജപക്‌സെ ആക്ടിങ് പ്രസിഡന്റാകും. ഒരു മാസത്തിനുളളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഇടക്കാല സർക്കാരിന് കീഴിലായിരിക്കും തെരഞ്ഞെടുപ്പ്.അതേസമയം ഔദ്യോഗിക വസതികളിൽ നിന്ന് ഇനിയും പ്രക്ഷോഭകാരികൾ പിരിഞ്ഞുപോയിട്ടില്ല. പ്രസിഡന്റ് രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് ഇവർ അറിയിച്ചിട്ടുളളത്.
Adjust Story Font
16