Quantcast

കേസ് തോറ്റാൽ വക്കീലിനെതിരെ കേസ് കൊടുക്കാമോ? സുപ്രീം കോടതിയുടെ വിശദീകരണം ഇങ്ങനെ

ഹരജി തള്ളിയതോടെ സേവനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് നന്ദ്ലാൽ ലൊഹാരിയ അഭിഭാഷകരിൽനിന്ന് 15 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ഫോറത്തെ സമീപിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-11 10:55:23.0

Published:

11 Nov 2021 10:41 AM GMT

കേസ് തോറ്റാൽ വക്കീലിനെതിരെ കേസ് കൊടുക്കാമോ? സുപ്രീം കോടതിയുടെ വിശദീകരണം ഇങ്ങനെ
X

പണം നൽകി വാങ്ങുന്ന വസ്തുക്കളോ സേവനങ്ങളോ തൃപ്തികരമല്ലെങ്കിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുക എന്നത് സാധാരണമാണല്ലോ. എന്നാൽ, പണം നൽകി ഏർപ്പാടാക്കിയ വക്കീൽ വാദിച്ച കേസ് തോറ്റാൽ ഉപഭോക്തൃ കോടതിയെ സമീപിക്കാൻ വകുപ്പുണ്ടോ? ഇക്കാര്യത്തിൽ നിർണായകമായൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീം കോടതി. കേസായാൽ ഒരു കക്ഷി ഏതായാലും തോൽക്കുമെന്നും, അത്തരം സന്ദർഭങ്ങളിൽ സേവനത്തിൽ വീഴ്ച ആരോപിച്ച് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധിക്കെതിരായ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കവെ ജസ്റ്റിസുമാരായ എം.ആർ ഷായും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കേസ് തോൽക്കാനായി വക്കീൽ മനഃപൂർവം വീഴ്ച വരുത്തിയാൽ ഉപഭോക്തൃ കോടതിയെ സമീപിക്കുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

നന്ദ്‌ലാൽ ലൊഹാരിയ എന്നയാൾ ബി.എസ്.എൻ.എല്ലിനെതിരെ മൂന്നു വക്കീലുമാരെ വെച്ച് ജില്ലാ ഉപഭോക്തൃ ഫോറത്തിൽ ഹരജി നൽകി. പരാതി കഴമ്പില്ലെന്നു കണ്ട് ഫോറം മൂന്നും തള്ളുകയും ചെയ്തു. ഹരജി തള്ളിയതോടെ സേവനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ലൊഹാരിയ 15 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ഫോറത്തെ സമീപിക്കുകയായിരുന്നു. ലൊഹാരിയയുടെ ഈ പരാതിയും ഫോറം തള്ളി. ഇതിനെതിരെ ഇയാൾ ദേശീയ കമ്മീഷനെ സമീപിച്ചെങ്കിലും ജില്ലാ ഫോറത്തിന്റെ ഉത്തരവ് ശരിവെക്കുകയാണ് കമ്മീഷൻ ചെയ്തത്.

ദേശീയ കമ്മീഷന്റെ വിധിക്കെതിരെ ലൊഹാരിയ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകർ കേസ് വാദിക്കുകയും തോൽക്കുകയും ചെയ്ത സാഹചര്യത്തിൽ സേവനത്തിൽ വീഴ്ചവരുത്തിയെന്ന പരാതി നിലനിൽക്കുകയില്ലെന്നും ജില്ലാ ഫോറത്തിന്റെയും ദേശീയ കമ്മീഷന്റെയും വിധി ശരിയായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

'അഭിഭാഷകൻ മനഃപൂർവം വീഴ്ച വരുത്തുന്ന സന്ദർഭങ്ങളുണ്ടായാൽ അതിൽ കേസുണ്ടാകാം. എന്നാൽ, അഭിഭാഷകൻ വാദിക്കുകയും മെറിറ്റിന്റെ അടിസ്ഥാനത്തിൽ കേസ് തോൽക്കുകയും ചെയ്താൽ അതിനെ സേവനത്തിൽ വീഴ്ച വരുത്തിയതായി കാണാൻ കഴിയില്ല. ഹരജിക്കാരന്റെ പേരിലുള്ള കേസ് പരിഗണനക്കെടുക്കുകയും തോൽക്കുകയും ചെയ്താൽ, വക്കീലിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുന്ന പ്രവണതയുണ്ട്. അഭിഭാഷകൻ വാദിച്ച ശേഷം കേസ് മെറിറ്റിൽ തോൽക്കുന്നത് സേവനത്തിലെ വീഴ്ചയല്ല. എല്ലാ വ്യവഹാരത്തിലും ഏതെങ്കിലും ഒരു ഭാഗം തോൽക്കും. എന്നാൽ, അതിന്റെ പേരിൽ മാത്രം ഉപഭോക്തൃ ഫോറത്തെ സമീപിക്കുന്നത് അനുവദനീയമല്ല.' - ഉത്തരവിൽ പറയുന്നു.



TAGS :

Next Story