Quantcast

പങ്കെടുത്തത് വിവേകാനന്ദന്റെ ജന്മദിനാഘോഷത്തിൽ, ക്ഷണിച്ചത് വീരേന്ദ്രകുമാർ; ബി.ജെ.പി പുറത്തുവിട്ട ഫോട്ടോ പ്രചരിപ്പിച്ചത് സി.പി.എമ്മെന്ന് വി.ഡി സതീശൻ

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആർ.എസ്.എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2022-07-11 12:22:10.0

Published:

11 July 2022 7:30 AM GMT

പങ്കെടുത്തത് വിവേകാനന്ദന്റെ ജന്മദിനാഘോഷത്തിൽ, ക്ഷണിച്ചത് വീരേന്ദ്രകുമാർ; ബി.ജെ.പി പുറത്തുവിട്ട ഫോട്ടോ പ്രചരിപ്പിച്ചത് സി.പി.എമ്മെന്ന് വി.ഡി സതീശൻ
X

ആർഎസ്.എസ് പരിപാടിയിൽ പങ്കെടുത്തെന്ന വിവാദങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർ.എസ്.എസിന്റെ പരിപാടി ആയിരുന്നില്ല അതെന്നും വിവേകാനന്ദന്റെ 150ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങായിരുന്നു അതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആർ.എസ്.എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. നേരത്തെ സമാനമായ പരിപാടിയിലെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനായിരുന്നു. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളും ആരോപണങ്ങളും വി.എസ് അച്യുതാനന്ദനും കൂടി ബാധകമാണെന്ന് സി.പി.എമ്മുകാരും ഓർക്കണമെന്നും സതീശൻ പറഞ്ഞു. അന്ന് സിപിഎമ്മിന്റെ അനുവാദം ഇല്ലാതെ ആകുമോ പ്രതിപക്ഷ നേതാവ് വന്നിട്ടുണ്ടാകുക?

പരമേശ്വരനെ സാധാരണ സംഘ്പരിവാർ നേതാവിന് അപ്പുറത്താണ് പലരും കണ്ടിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഋഷിതുല്യമായ ജീവിതം നയിച്ചിരുന്നയാൾ എന്ന് വിശേഷിപ്പിച്ചത്. വിവേകാനന്ദന്റെ ജന്മവാർഷികത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ പ്രസംഗിച്ച കോൺഗ്രസ് നേതാവാണ് ഞാൻ. വിവേകാനന്ദൻ പറയുന്ന ഹിന്ദുവും ആർ.എസ്.എസ് പറയുന്ന ഹിന്ദുത്വയും രണ്ടാണ്. അതാണ് ഞാൻ അന്ന് പ്രസംഗിച്ചത്. കോൺഗ്രസിന്റെ ആ ഒരു ഐഡിയോളജിയുടെ പശ്ചാത്തലത്തിലായിരുന്നു എന്റെ പ്രസംഗവും. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത് വീരേന്ദ്രകുമാർ ആയിരുന്നു.

രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഒന്ന് 2006ൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിക്കുന്നത്. മറ്റൊന്ന് 2013ലെ പുസ്തക പ്രകാശനം. ഇതിൽ 2013 മാർച്ച് 13ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആണ് മാർച്ച് 24ന് ഞാൻ പങ്കെടുത്തത്. 2006ലെ ചിത്രത്തെ കുറിച്ച് ഇപ്പോൾ കൃത്യമായി ഓർമ്മിക്കുന്നില്ല. ഇത് കൃത്രിമമായി നിർമിച്ചതാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.

എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് ബിജെപി നേതാക്കൻമാർ പുറത്തുവിട്ട ഈ ഫോട്ടോയ്ക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയത് കേരളത്തിലെ സിപിഎമ്മുകാർ ആണെന്നതാണ്. സിപിഎമ്മിന്റെ സോഷ്യൽമീഡിയയിൽ കൂടിയും അവരുടെ മാധ്യമങ്ങളിൽ കൂടിയുമാണ് അതിന് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയത്. മന്ത്രി വി. മുരളീധരൻ വന്ന് എന്നെ ആക്രമിച്ച കൂട്ടത്തിൽ പറഞ്ഞു, ഞാൻ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്ന്. ആർഎസ്എസിനും സംഘ്പരിവാറിനും എതിരെ ആക്രമിച്ചാൽ അതെങ്ങനെ ആണ് ഹിന്ദുക്കൾക്കെതിരെയുളള ആക്രമണം ആകുന്നത്. ഹിന്ദുക്കളുടെ മുഴുവൻ അട്ടിപ്പേറ് ആർഎസ്എസും സംഘ്പരിവാറും എടുത്തിട്ടുണ്ടോ?, എന്നെ വിരട്ടാൻ വരേണ്ട. ഒരു ആർഎസ്എസുകാരനും ഒരു സംഘ്പരിവാറുകാരനും ഒരു വർഗീയവാദിയും എന്നെ വിരട്ടാൻ വരേണ്ട. ഒരു വർഗീയ വാദിയുടെയും മുന്നിൽ ഞാൻ മുട്ടുമടക്കില്ല. കേസ് കൊടുക്കുമെന്ന് പേടിപ്പിച്ചാൽ കേസ് കൊടുത്തോ. അതിനെതിരെ നിയമപരമായി തന്നെ ഞാൻ നീങ്ങിക്കോളാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സജി ചെറിയാൻ മന്ത്രിയായിരുന്നപ്പോൾ പറഞ്ഞ വാക്കുകൾ, ഗോൾവാക്കർ അദ്ദേഹത്തിന്റെ വിചാരധാരയിൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ്, അതേ ആശയങ്ങൾ തന്നെയാണ് ഒരു വ്യത്യാസവുമില്ല.

ഞാൻ ഇതുവരെ ഒരു അവസരത്തിലും ഒരു വർഗീയവാദിയുടെയും വോട്ട് ചോദിച്ച് പോയിട്ടില്ല. ആർഎസ്എസിന്റെ വോട്ട് ചോദിച്ച് പോയിട്ടില്ല. എന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതൽ മാർച്ച് ചെയ്തിരിക്കുന്നത് സംഘ്പരിവാറുകാരാണ്, ആർഎസ്എസുകാരാണ്. 2016ൽ എന്നെ തോൽപ്പിക്കാൻ പറവൂരിൽ ഹിന്ദുമഹാസംഗമം നടത്തിയിരുന്നു. അതിൽ കുമ്മനം രാജശേഖരനും വെളളാപ്പളളി നടേശനും ശശികല ടീച്ചറും തുടങ്ങി സന്യാസിമാർ അടക്കമുളളവരാണ് പങ്കെടുത്തത്.

ആർ.വി ബാബുവിനെതിരെയും വി.ഡി സതീശൻ പ്രതികരിച്ചു. ബാബു എന്ന് പറവൂരിൽ വന്നു എന്നതും എന്തിന് വന്നു എന്നതും അന്വേഷിക്കണം. നിയമസഭ തെരഞ്ഞെടുപ്പുകളിൽ സഹായം ആവശ്യപ്പെട്ട് വി ഡി സതീശൻ ആർ.എസ്.എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നായിരുന്നു ആർ.വി ബാബുവിന്റെ ആരോപണം. തന്നെ രാഷ്ട്രീയ വനവാസത്തിന് വിടുമെന്ന് പറഞ്ഞവരാണ് ആർഎസ്എസുകാർ. അവരുമായി താൻ ചങ്ങാത്തത്തിലാണെന്നൊക്കെ പറയുന്നത് ആരേലും വിശ്വസിക്കുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

TAGS :

Next Story