Quantcast

ആര്‍ ബാലശങ്കര്‍ ആരാണ്? കേരളം തിരയുന്നു

വെറും സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മാത്രമാണോ ആര്‍ ബാലശങ്കര്‍? അതിന് ഉത്തരം തിരയുകയാണ് രാഷ്ട്രീയ കേരളം.

MediaOne Logo

  • Published:

    16 March 2021 1:04 PM GMT

ആര്‍ ബാലശങ്കര്‍ ആരാണ്? കേരളം തിരയുന്നു
X

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പിഎ.മ്മും തമ്മിൽ ധാരണയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ കേരളം ചര്‍ച്ച ചെയ്യുന്ന ആര്‍ ബാലശങ്കര്‍ ആരാണ്? വെറും സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മാത്രമാണോ ആര്‍ ബാലശങ്കര്‍? അതിന് ഉത്തരം തിരയുകയാണ് രാഷ്ട്രീയ കേരളം.

ചെങ്ങന്നൂരില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ചര്‍ച്ചക്ക് ബാലശങ്കര്‍ വഴിമരുന്നിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്നായിരുന്നു ആര്‍ ബാലശങ്കറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ ധാരണയുടെ ഭാഗമായാണ് തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചത് എന്നായിരുന്നു ബാലശങ്കറിന്‍റെ ആരോപണം.പരാമർശങ്ങളിൽ സി.പി.എമ്മും ബിജെപിയും ഒരേസമയം പ്രതിരോധത്തിലായി. ആരോപണമുന്നയിച്ചയാൾ ചില്ലറക്കാരനല്ല എന്നതാണ് ഇരുപാർട്ടികളെയും കുഴക്കുന്നത്.

അമിത് ഷാ വിഭാവനം ചെയ്ത ബി.ജെ.പി നേതാക്കൾക്ക് പരിശീലനം നൽകുന്ന സമിതിയുടെ ദേശീയ കോ കൺവീനറും പാർട്ടി പബ്ലിക്കേഷൻ വിഭാഗം കോ കൺവീനറുമാണ് ഇദ്ദേഹം. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്‍റെ മുൻ എഡിറ്ററും കൂടിയാണ് ബാലശങ്കര്‍. മോദിയെ പ്രകീർത്തിച്ച് 'മോദി: ക്രിയേറ്റീവ് ഡിസ്‌റപ്റ്റർ, ദ മേക്കർ ഓഫ് ന്യൂ ഇന്ത്യ' എന്ന പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അമിത് ഷാ ആണ് പുസ്തകം പ്രകാശനം ചെയ്തത്. എട്ടു ഭാഷകളിലാണ് മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലശങ്കര്‍ എഴുതിയ പുസ്തകം ബി.ജെ.പി പുറത്തിറക്കിയത്.

1998-2004 കാലയളവിൽ മാനവവിഭവ ശേഷി വകുപ്പിലെ ഉപദേഷ്ടാവായി ആര്‍ ബാലശങ്കര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദ വീക്ക്, പ്രോബ്, ഓൺലുക്കർ, ഫൈനാൻഷ്യൽ എക്‌സ്പ്രസ്, ഫ്രീ പ്രസ് ജേണൽ എന്നീ മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയി ജോലി ചെയ്ത അനുഭവസമ്പത്തും ബാലശങ്കറിനുണ്ട്. കേസരി ആഴ്ചപ്പതിപ്പിലെ കോളമിസ്റ്റായും ബാലശങ്കര്‍ ജോലി നോക്കിയിട്ടുണ്ട്.

കോൺഗ്രസ് നേതാവായിരുന്ന മാമ്പറ്റ രാഘവൻ പിള്ളയുടെ മകനാണ് ഇദ്ദേഹം. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും ആല പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന വേളയിലാണ് ആർ.എസ്.എസ് അംഗത്വമെടുത്തത്. ഭാര്യ മംഗള മൂന്നു വർഷം മുമ്പ് മരിച്ചു. സംഘ്പരിവാറിന്‍റെ ദാര്‍ശനിക മുഖമായ ജി പരമേശ്വരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവ് കൂടിയാണ് ഇദ്ദേഹം. ശ്രീ എമ്മുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

2018ലെ ഉപതെരഞ്ഞെടുപ്പിൽ 35270 വോട്ട് നേടിയ മണ്ഡലമാണ് ചെങ്ങന്നൂർ. ഇവിടെയാണ് അവസാന നിമിഷം ബാലശങ്കറിനെ മറികടന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് എംവി ഗോപകുമാർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് ചെങ്ങന്നൂരിലേക്ക് വന്നത് എന്നാണ് ബാലശങ്കർ വ്യക്തമാക്കിയിരുന്നത്.

TAGS :

Next Story