Quantcast

ഇന്ത്യൻ ചരിത്രം ഫാത്തിമ ശൈഖിനെ വിസ്മരിച്ചത് എന്തുകൊണ്ട്?

ജ്യോതിറാവുവിന്റെ പിതാവ് അവരുടെ വീട് വീട്ടിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, ഫൂലെ ദമ്പതികൾക്കായി സ്വന്തം വീടിന്റെ വാതിലുകൾ തുറന്നുവെച്ചത് ഫാത്തിമയും സഹോദരൻ ഉസ്മാൻ ശൈഖുമാണ്.

MediaOne Logo

  • Published:

    7 Jan 2021 3:38 PM GMT

ഇന്ത്യൻ ചരിത്രം ഫാത്തിമ ശൈഖിനെ വിസ്മരിച്ചത് എന്തുകൊണ്ട്?
X

അധ്യാപികയും സാമൂഹ്യ പരിഷ്കർത്താവുമായ ഫാത്തിമ ശൈഖ് പലർക്കും അജ്ഞാതയാണ്. എത്രത്തോളമെന്നാൽ അവരുടെ ജനന തിയതി പോലും ഇന്നും തർക്കവിഷയമാണ്.

എല്ലാ വർഷവും ജനുവരി 3ന് സാവിത്രിബായ് ഫൂലെയുടെ ജന്മവാർഷികം ഇന്ത്യയൊട്ടാകെ ആഘോഷിക്കാറുണ്ട് (കുറഞ്ഞത് അംഗീകരിക്കപ്പെടാറെങ്കിലുമുണ്ട്). ആദ്യത്തെ ഇന്ത്യൻ അധ്യാപികയും പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിച്ച ആദ്യ വനിതയുമായിരുന്നു അവർ. എന്നാൽ, സാവിത്രിബായ് ഫൂലെയുടെയും ജ്യോതിറാവു ഫൂലെയുടെയും കൂടെ നിന്ന മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു. അവർ പെൺകുട്ടികളെ പഠിപ്പിക്കുന്ന ഫൂലെയുടെ 'ഭീദ്വാഡ' സ്കൂളിൽ ജോലി ചെയ്യുകയും, വീടുതോറും ചെന്ന് പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കാൻ അവരുടെ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്കൂൾ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. അവരുടെ സംഭാവന ഇല്ലായിരുന്നുവെങ്കിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ പദ്ധതി എവിടെയും എത്തുമായിരുന്നില്ല. എന്നിട്ടും ഇന്ത്യൻ ചരിത്രം ഫാത്തിമ ശൈഖിനെ പരമാവധി അരികുവത്കരിച്ചു.

ഈ വർഷവും സാവിത്രിബായ് ഫൂലെയുടെ ജന്മവാർഷികത്തിൽ ട്വിറ്ററിൽ അവർ ട്രെൻഡിങ് ലിസ്റ്റിൽ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്: "മഹതി സാവിത്രിബായ് ഫൂലെയുടെ ജന്മദിനത്തിൽ ഞാൻ അവരെ നമിക്കുന്നു. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനായി നീക്കിവെച്ച ജീവിതമായിരുന്നു അവരുടേത്". അതിനു പിന്നാലെ അദ്ദേഹത്തിന്റെ നിരവധി സഹപ്രവർത്തകരും മറ്റ് രാഷ്ട്രീയ നേതാക്കളും അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കഴിഞ്ഞ വർഷം ഗൂഗിൾ ഒരു ഡൂഡിൽ (ലോഗോയിൽ ക്രിയാത്മകമായ രൂപാന്തരങ്ങൾ) ഉപയോഗിച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. സാവിത്രിബായിയുടെ പ്രസിദ്ധമായ ബ്രാഹ്മണ വിരുദ്ധ വീക്ഷണങ്ങളും രചനകളുമുണ്ടായിരുന്നിട്ടും ആർ‌.എസ്‌.എസും അവരെ വണങ്ങി. പൂനെ സർവകലാശാലയെ 'സാവിത്രിബായ് ഫൂലെ സർവകലാശാല' എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി. മഹാരാഷ്ട്ര സർക്കാർ അവരുടെ പേരിൽ അവാർഡുകൾ ഏർപ്പെടുത്തി. അവരുടെ ജീവിതത്തെയും കൃതികളെയും അടിസ്ഥാനമാക്കി ഒരു ടിവി സീരീസ് പോലും നിലവിലുണ്ടായി. ഒന്നര നൂറ്റാണ്ടെടുത്തെങ്കിലും, സാവിത്രിബായ് ഫൂലെ ഇന്ന് മുഖ്യധാരയിൽ കൃത്യമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ചരിത്രം അവർക്ക് അർഹിച്ച ബഹുമതി നൽകി വരുന്നു.

സാവിത്രിബായിയുടെ പ്രസിദ്ധമായ ബ്രാഹ്മണ വിരുദ്ധ വീക്ഷണങ്ങളും രചനകളുമുണ്ടായിരുന്നിട്ടും ആർ‌.എസ്‌.എസും അവരെ വണങ്ങി. പൂനെ സർവകലാശാലയെ 'സാവിത്രിബായ് ഫൂലെ സർവകലാശാല' എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി

അപ്പോഴും ഫാത്തിമ ശൈഖ് പലർക്കും അജ്ഞാതയാണ്. എത്രത്തോളമെന്നാൽ അവരുടെ ജനന തിയതി പോലും ഇന്നും തർക്ക വിഷയമാണ്. ജനുവരി ഒമ്പതാം തീയതി, അവരുടെ ജന്മവാർഷികമാണെന്ന് പലരും വാദിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആരും അവരെ ആഘോഷിക്കാത്തത്?

ജ്യോതിറാവുവിന്റെയും സാവിത്രിബായിയുടേയും പരിഷ്കരണ അജണ്ടയോട് ദേഷ്യപ്പെട്ട ജ്യോതിറാവുവിന്റെ പിതാവ് അവരുടെ വീട് വീട്ടിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, ഫൂലെ ദമ്പതികൾക്കായി സ്വന്തം വീടിന്റെ വാതിലുകൾ തുറന്നുവെച്ചത് ഫാത്തിമയും സഹോദരൻ ഉസ്മാൻ ശൈഖുമാണ്. പെൺകുട്ടികളുടെ സ്കൂൾ ആരംഭിച്ചത് അതേ കെട്ടിടത്തിലായിരുന്നു. അക്കാലത്ത് എല്ലാ മതത്തിലും ജാതിയിലും പെട്ട സാമൂഹിക വരേണ്യ വർഗങ്ങൾ പെൺകുട്ടികൾ സ്കൂളിൽ പോകണമെന്ന ആശയത്തിന് വിരുദ്ധമായി ഏതറ്റം വരെ പോകുമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, അവർക്കത് എളുപ്പമായിരുന്നില്ലെന്നത് വ്യക്തം. എന്നിട്ടും, ഫാത്തിമ ശൈഖിനെക്കുറിച്ചുള്ള പരാമർശവും എവിടെയും കാണാനില്ല.

സാവിത്രിബായ് എളുപ്പത്തിൽ എല്ലാം നേടിയെടുത്തു എന്നല്ല ഇതിനർഥം. ഇന്ത്യൻ നവോഥാനത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ രാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, സ്വാമി ദയാനന്ദ, സ്വാമി വിവേകാനന്ദൻ, മഹാദേവോ ഗോവിന്ദ് റാണഡെ എന്നിവരെക്കുറിച്ച് മാത്രം സംസാരിച്ച മുഖ്യധാരാ ചരിത്രകാരന്മാർ സാവിത്രിബായിയോട് വളരെ ക്രൂരത കാണിച്ചു. ആദ്യകാല പാഠപുസ്തകങ്ങളിൽ സാവിത്രിബായിയുടെ പേര് പോലും പരാമർശിച്ചിരുന്നില്ല. പതിറ്റാണ്ടുകളുടെ വിസ്മൃതിക്ക് ശേഷമാണ് ദലിത്, ബഹുജൻ പ്രവർത്തകർ അവരെക്കുറിച്ച് എഴുതാൻ തുടങ്ങിയതും, ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപകനായ കാൻഷിറാം ആരംഭിച്ച സംഘടനയായ ബി.എ.എം.സി.ഇ.എഫിന്റെ ബാനറുകളിലും പോസ്റ്ററുകളിലും അവരുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും. കഴിഞ്ഞ പതിറ്റാണ്ടിലെ ഡിജിറ്റൽ ദലിതരുടെ വരവോടെ, സാവിത്രിബായിയുടെ പേരും സമൂഹത്തിന് നൽകിയ സംഭാവനയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്കെത്തി.

ഇന്ത്യൻ നവോഥാനത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ രാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, സ്വാമി ദയാനന്ദ, സ്വാമി വിവേകാനന്ദൻ, മഹാദേവോ ഗോവിന്ദ് റാണഡെ എന്നിവരെക്കുറിച്ച് മാത്രം സംസാരിച്ച മുഖ്യധാരാ ചരിത്രകാരന്മാർ സാവിത്രിബായിയോട് വളരെ ക്രൂരത കാണിച്ചു. ആദ്യകാല പാഠപുസ്തകങ്ങളിൽ സാവിത്രിബായിയുടെ പേര് പോലും പരാമർശിച്ചിരുന്നില്ല

എന്നാൽ ഫാത്തിമ ശൈഖിന്റെ കാര്യത്തിൽ മറ്റൊന്നാണ് സംഭവിച്ചത്. അവരെ പൂർണമായും അകറ്റിനിർത്തി. ഒരു അധ്യാപിക, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ അവരുടെ സംഭാവന ഫൂലെ ദമ്പതിമാരിൽ നിന്ന് ഒട്ടും കുറവായിരുന്നില്ല. മറിച്ച്‌ അവർ അതിലും വലിയ പ്രതിബന്ധങ്ങൾ നേരിട്ടിരിക്കണം. ഹിന്ദു ആധിപത്യമുള്ള പൂനെ സമൂഹത്തിൽ ഒരു മുസ്‌ലിം സ്ത്രീ, തികച്ചും അപ്രസക്തമായി കണക്കാക്കപ്പെട്ടിരുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഫാത്തിമ ശൈഖിന്റെ ജീവിതം രേഖയായി കൈവശമില്ലാത്തതിനാൽ കേവലം ഊഹങ്ങൾ മാത്രമേ സാധ്യമായുള്ളൂ. അവർ ചെയ്തതിനെ ഹിന്ദു സമുദായവും മുസ്‌ലിം സമുദായവും എതിർത്തിരുന്നതായി ചില എഴുത്തുകൾ സൂചിപ്പിക്കുന്നു. ബ്രാഹ്മണ വാദത്തിന്റെ വർഗീയതക്കെതിരെ പോരാടിയിരുന്ന ആളാണ് സാവിത്രിബായി. വ്യവസ്ഥയുടെ പ്രശ്നങ്ങൾക്കെതിരെ അവർ ആഭ്യന്തരമായി പോരാടി. ദലിതർക്ക് സ്കൂളിൽ പ്രവേശനം നൽകുന്നതുവഴി അവർ പുരുഷാധിപത്യത്തെയും ജാതി വ്യവസ്ഥയെയും ഒരേസമയം വെല്ലുവിളിച്ചു.

ഫാത്തിമ ശൈഖിന് വ്യത്യസ്തമായ പ്രമേയമുണ്ടായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇസ്‌ലാം വിലക്കിയിട്ടില്ല. ആയതിനാൽ, ഫൂലെ ആരംഭിച്ച ജാതി വിരുദ്ധ പദ്ധതിയുടെ ഭാഗമാകുന്നത് അവരെ കൂടുതൽ വിപ്ലവകാരിയാക്കുകയാണുണ്ടായത്. അവർ സ്വന്തം സമുദായത്തിനായി മാത്രമായിരുന്നില്ല പോരാടിയിരുന്നത്. ആധുനിക വിദ്യാഭ്യാസം മുസ്‌ലിം പെൺകുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെ മുസ്‌ലിം പുരോഹിതന്മാർ ഇഷ്ടപ്പെട്ടിരുന്നില്ല. സാവിത്രിബായ് തന്റെ ഭർത്താവിന് എഴുതിയ കത്തുകളിൽ ഫാത്തിമ ശൈഖിന്റെ സംഭാവനയെക്കുറിച്ച് പരാമർശിച്ചതിനാലാണ് ഇത്തരം കാര്യങ്ങൾ കുറച്ചെങ്കിലും നമുക്ക് അറിയാൻ സാധിച്ചത്. ഫാത്തിമ ശൈഖിനെ കുറിച്ചുള്ള ഒരു ഹ്രസ്വ പ്രൊഫൈൽ ഇപ്പോൾ മഹാരാഷ്ട്രയുടെ ഉറുദു സ്കൂൾ പാഠപുസ്തകത്തിന്റെ ഭാഗമാണ്.

ഫാത്തിമ ശൈഖിനെ കുറിച്ചുള്ള അവ്യക്തത മൂന്ന് നിർദ്ദേശങ്ങളിലൂടെ വിശദീകരിക്കാം.

ഒന്ന്, ഫാത്തിമ ശൈഖ് ഒരിക്കലും അവരുടെ ജീവിതത്തെക്കുറിച്ചോ തന്റെ പ്രവർത്തനത്തെക്കുറിച്ചോ ഒരു രേഖയും എഴുതിയിരുന്നില്ല. അതുകൊണ്ടുതന്നെ, അവരെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളെ നമുക്ക് ലഭ്യമായുള്ളു. നേരെമറിച്ച്, സാവിത്രിബായിയും അവരുടെ ഭർത്താവ് ജ്യോതിറാവു ഫൂലെയും ധാരാളം എഴുതിയിരുന്നു. അവർ തീസിസ്, ഉപന്യാസങ്ങൾ, നാടകങ്ങൾ, കവിതകൾ എന്നിവ എഴുതിയിരുന്നു, എന്തിനധികം പ്രണയ ലേഖനങ്ങൾ വരെ. ഫാത്തിമ ശൈഖിനെപ്പോലുള്ള ജാതി വിരുദ്ധ പരിഷ്കർത്താക്കളെ അവഗണിച്ചതിന് മേൽജാതി ചരിത്രകാരന്മാരെ കുറ്റപ്പെടുത്താൻ കഴിയുമെങ്കിലും, അവരുടെ ജീവിതത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും സൂചന നൽകാൻ കഴിയുന്നത്ര രേഖകൾ ലഭ്യമല്ല എന്ന വസ്തുത നാം ഒരുപരിധിവരെ അംഗീകരിക്കേണ്ടിവരും.

ബി.ആർ അംബേംദ്കർ

രണ്ട്, മഹാരാഷ്ട്രയിലെ ജാതി വിരുദ്ധ സാമൂഹിക പ്രസ്ഥാന വിവരണങ്ങളിൽ സാവിത്രിബായിയും ജ്യോതിറാവ് ഫൂലെയും കൃത്യമായി ചേർന്നുപോകും. അവരുടെ രചനകളും കൃതികളും ദലിത്-ബാഹുജൻ പ്രസ്ഥാനവുമായി പ്രതിധ്വനിക്കുന്നു. ഗെയിൽ ഓംവെഡ്, റോസലിൻഡ് ഓ ഹാൻലോൺ തുടങ്ങിയ പണ്ഡിതന്മാർ ഈ മേഖലയിലെ അവരുടെ സംഭാവന രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ആർ അംബേംദ്കർ തന്റെ 'ഹു വേർ ദി ശുദ്രാസ് ' എന്ന പുസ്തകം ജ്യോതിബാ ഫൂലേക്ക് സമർപ്പിച്ചിട്ടുമുണ്ട്. നേരെമറിച്ച്, ഫാത്തിമ ശൈഖിന്റെ സംഭാവനയെ ദലിത്-ബഹുജൻ പ്രസ്ഥാനം ഏറെക്കുറെ അവഗണിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ദലിത് പ്രസ്ഥാനം ഫൂലെ, ഷാഹുജി മഹാരാജ്, നാരായണ ഗുരു, ബസവണ്ണ തുടങ്ങിയ ദലിത് ഇതര ‘പിന്നാക്ക വർഗ’ ഐക്കണുകളെ അനായാസം സ്വീകരിച്ചെങ്കിലും, ഫാത്തിമ ശൈഖിനെ ഇഷ്ടപ്പെടുന്നതിലും അംഗീകരിക്കുന്നതിലും ഒരു പരിധിവരെ പരാജയപ്പെട്ടിട്ടുണ്ട്. ഇത് ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വിഭാഗീയത മൂലമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ എന്ന് ഗവേഷകർക്ക് കണ്ടെത്താനുള്ളതാണ്.

മൂന്ന്, മുസ്‌ലിം പണ്ഡിതന്മാർ പോലും ഫാത്തിമ ശൈഖിന്റെ സംഭാവനകളെ അവഗണിച്ചിരുന്നു. ഒരു മുസ്‌ലിം സ്ത്രീ, ജാതിയില്ലാത്ത സമൂഹത്തിനുവേണ്ടിയും പെൺകുട്ടികൾക്കുള്ള ആധുനിക വിദ്യാഭ്യാസത്തിനായും പോരാടുന്നത് ഒരുപക്ഷേ മുസ്‌ലിം ആധിപത്യ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടിരുന്നില്ല. 1848ലാണ് ഫാത്തിമ ശൈഖും സാവിത്രിബായിയും പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിച്ചത്. സർ സയ്യിദ് അഹമ്മദ് ഖാൻ 1875ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചു. പിന്നീട് അതാണ് അലിഗഡ് മുസ്‌ലിം സർവകലാശാലയായത്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരിൽ ഒരാളായി ഖാൻ കണക്കാക്കപ്പെടുന്നു. എന്നാൽ അതേ പ്രക്രിയയിൽ മുന്നേ നടന്ന ഫാത്തിമ ശൈഖിന് തുല്യമായ പദവി ലഭിച്ചില്ല. ഫാത്തിമ ശൈഖ് ചരിത്രത്തിൽ ഇപ്പോഴും കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ല.

ഫാത്തിമ ശൈഖിനെപ്പോലുള്ള ജാതി വിരുദ്ധ പരിഷ്കർത്താക്കളെ അവഗണിച്ചതിന് മേൽജാതി/അധീശ ജാതി ചരിത്രകാരന്മാരെ കുറ്റപ്പെടുത്താൻ കഴിയുമെങ്കിലും, അവരുടെ ജീവിതത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും സൂചന നൽകാൻ കഴിയുന്നത്ര രേഖകൾ ലഭ്യമല്ല എന്ന വസ്തുത നാം ഒരുപരിധിവരെ അംഗീകരിക്കേണ്ടിവരും

വിവര്‍ത്തനം: സിബ്ഗത്തുല്ല സാക്കിബ്

TAGS :

Next Story