Quantcast

യമനിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് യുഎസ്; ഒരാൾ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉണ്ട്

MediaOne Logo

Web Desk

  • Published:

    24 March 2025 3:30 AM

യമനിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് യുഎസ്; ഒരാൾ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്
X

സനാ: യമൻ തലസ്ഥാനമായ സനായിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയായിരുന്നു യുഎസ് ബോംബാക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സനായിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ അസ്സറിലായിരുന്നു യുഎസിന്റെ വ്യോമാക്രമണം.

വളരെ അക്രമാസക്തമായ ആക്രമണങ്ങളാണ് പ്രദേശത്ത് യുഎസ് അഴിച്ച് വിടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉണ്ട്. വിഷയത്തിൽ യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. യെമന്റെ വടക്കൻ പ്രവിശ്യയായ സാദയിലും യുഎസ് വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഹൂതികളുടെ ശക്തികേന്ദ്രമായ പ്രവിശ്യകൾ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം.

ഇന്ന് രാവിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദയിലെ വിമാനത്താവളം ഉൾപ്പെടെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ യുഎസ് സൈന്യം വ്യോമാക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തിയിട്ടുണ്ട്. ഇവിടെ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ഇസ്രായേലിന് നേരെയുള്ള ഹൂതികളുടെ ആക്രമണമാണ് യുഎസിനെ ചൊടിപ്പിച്ചത്.

ട്രംപ് അധികാരമേറ്റതിനുശേഷം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക നടപടിയാണ് ഹൂതികള്‍ക്ക് നേരെ നടക്കുന്നത്. ഹൂതികളെ ഇല്ലാതാക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം ഭാവിയിൽ ഉണ്ടാകുന്ന ഹൂതി ആക്രമണങ്ങൾക്ക് ഇറാന്‍ ഉത്തരവാദിയാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്‍ഹൂം ഉൾപ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ അൽ-മവാസിയിലെ ഒരു ടെന്‍റിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് ഹമാസിന്‍റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ സലാഹ് അൽ-ബർദാവിലിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇത്.

TAGS :

Next Story