തോക്കുമായി കളിക്കാനിറങ്ങി; അഫ്ഗാനിൽ കൂട്ടുകാരന്റെ വെടിയേറ്റ് 10 വയസുകാരന് ദാരുണാന്ത്യം
താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം കുഴിബോംബുകളും യുദ്ധത്തിന്റെ അവശിഷ്ടങ്ങളും മൂലം അഫ്ഗാനിസ്ഥാനിൽ 301 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് റിപ്പോർട് വ്യക്തമാക്കുന്നു.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി 10 വയസുകാരൻ മരിച്ചു. രാജ്യത്തിന്റെ വടക്കൻ പ്രവിശ്യയായ ഫർയാബിലെ കൊഹിസ്ഥാൻ ജില്ലയിലെ ഹാഷ്തോമിൻ ഗ്രാമത്തിലാണ് ദാരുണ സംഭവം.
കൊല്ലപ്പെട്ട മുഹമ്മദ് നദീർ 11കാരനായ കൂട്ടുകാരൻ അബ്ദുൾ റഹ്മാനും മറ്റ് രണ്ടുകുട്ടികൾക്കുമൊപ്പം കലാഷ്നിക്കോവ് തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. അഫ്ഗാനിൽ സമാന സംഭവങ്ങൾ നേരത്തെയും റിപ്പോർട് ചെയ്തിട്ടുണ്ട്. കുട്ടികളാണ് കൂടുതലും ഇരകളാവാറുള്ളത്. ഉപേക്ഷിക്കപ്പെട്ട തോക്കുകൾ, പൊട്ടാത്ത മോർട്ടാർ ഷെല്ലുകൾ, യുദ്ധത്തിന്റെ മറ്റ് അവശിഷ്ടങ്ങൾ എന്നിവ കുട്ടികളുടെ കണ്ണിൽ പെടുകയും അവർ അപകടമറിയാതെ അതുമായി കളിക്കാനിറങ്ങുകയും ചെയ്യും. ഇത്തരത്തിൽ അഫ്ഗാനിൽ മരണം ഏറ്റുവാങ്ങിയ കുഞ്ഞുങ്ങളുടെ എണ്ണം കുറവല്ല.
താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം കുഴിബോംബുകളും യുദ്ധത്തിന്റെ അവശിഷ്ടങ്ങളും മൂലം അഫ്ഗാനിസ്ഥാനിൽ 301 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് റിപ്പോർട് വ്യക്തമാക്കുന്നു.
അതേസമയം, അഫ്ഗാനിൽ സ്ഥിതി കൂടുതൽ രൂക്ഷമാവുകയാണ്. 23 ദശലക്ഷത്തിലധികം ജനങ്ങൾക്ക് സഹായം ആവശ്യമാണെന്നാണ് അന്താരാഷ്ട്ര വിലയിരുത്തലുകൾ. കഴിഞ്ഞ വർഷം ആഗസ്തിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. മനുഷ്യാവകാശങ്ങൾക്കായി നിരന്തരം പോരാടേണ്ട അവസ്ഥയിലാണ് അഫ്ഗാൻ ജനത. യുദ്ധം അവസാനിച്ചെങ്കിലും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും നിലനിൽപ്പ് തന്നെ ഭീഷണിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Adjust Story Font
16