Quantcast

ജോഹന്നാസ്ബർഗില്‍ അഭയാര്‍ഥികള്‍ താമസിച്ച കെട്ടിടത്തിന് തീ പിടിച്ചു; 12 കുട്ടികളടക്കം 74 പേര്‍ വെന്തുമരിച്ചു

വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Published:

    1 Sep 2023 2:39 AM GMT

Johannesburg fire
X

ജോഹന്നാസ്ബർഗിലുണ്ടായ തീപിടിത്തം

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ അഭയാര്‍ഥികള്‍ താമസിച്ച അഞ്ചുനില കെട്ടിടത്തിന് തീപിടിച്ച് 74 പേര്‍ മരിച്ചു. ഇതില്‍ 12 പേര്‍ കുട്ടികളാണ്. ഗുരുതരമായി പൊളളലേറ്റ 61 പേര്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ജോഹന്നാസ്ബർഗിലേതെന്ന് അധികാരികള്‍ വ്യക്തമാക്കി. മരിച്ചവരില്‍ 24 സ്ത്രീകളും 40 പുരുഷന്‍മാരുമാണുള്ളത്. 10 മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് ജൊഹാനസ്ബർഗിലെ ഗൗട്ടെങ് പ്രവിശ്യയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ തലവൻ തെംബലെത്തു എംപഹ്‌ലാസ പറഞ്ഞു.കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശത്തെ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഉപേക്ഷിച്ചതിന് ശേഷം അഭയാര്‍ഥികളെ പാര്‍പ്പിക്കാനുള്ള ഇടമാക്കി മാറ്റിയതായി സിറ്റി അധികൃതർ പറഞ്ഞു.അവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും വിദേശികളാണെന്ന് ഒരു താമസക്കാരൻ പറഞ്ഞു.

"ജീവന്‍ തിരിച്ചുകിട്ടിയതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളിൽ പലരും ഓടി, തീയണക്കാന്‍ നോക്കി, പുക ശ്വസിച്ച് ധാരാളം ആളുകൾ ഒടുവിൽ മരിച്ചു," സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെ തീയിൽ കുടുങ്ങിയ കെന്നി ബുപെ പറഞ്ഞു. പൂട്ടിയ ഫയർ എസ്‌കേപ്പ് ഗേറ്റ് തകർത്ത് സുരക്ഷിത സ്ഥാനത്തേക്ക് ഓടിയ സംഘത്തിന്‍റെ ഭാഗമാണ് താനെന്ന് 28-കാരൻ എഎഫ്‌പിയോട് പറഞ്ഞു. മറ്റുള്ളവർ തീയിൽ നിന്ന് രക്ഷപ്പെടാൻ ജനാലകളിൽ നിന്ന് പുറത്തേക്ക് ചാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീയില്‍ നിന്നും രക്ഷിക്കുന്നതിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. മെഴുതിരികളില്‍ നിന്നോ സ്റ്റൗവില്‍ നിന്നോ തീ പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

TAGS :

Next Story