ടിബറ്റിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ നൂറുകടന്നു
ടിബറ്റിലെ തീർഥാടന കേന്ദ്രമായ ഷിഗാറ്റ്‌സെ നഗരത്തെയാണ് ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ചത്
ലാസ: ടിബറ്റിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ നൂറുകടന്നു. 126 പേർ മരിച്ചതായും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ പ്രവഹ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിൽ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.
ടിബറ്റിലെ തീർഥാടന കേന്ദ്രമായ ഷിഗാറ്റ്‌സെ നഗരത്തെയാണ് ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ മേഖലയിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നേപ്പാളിലും ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിന് ശേഷം വടക്കുപടിഞ്ഞാറൻ പ്രവിശ്യകളായ ഗാൻസു, ക്വിൻഹായ് എന്നിവിടങ്ങളിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 151 പേർ കൊല്ലപ്പെട്ടതിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവർത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സർവസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് അറിയിച്ചു.
ഇന്നലെ രാവിലെയായിരുന്നു ഒരു മണിക്കൂറിനുള്ളില്‍ ടിബറ്റിനെ പിടിച്ചുകുലുക്കിയ ആറ് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.
Adjust Story Font
16