യു.കെയിൽ 16-കാരി മെറ്റാവേഴ്‌സിൽ വിർച്വൽ പീഡനത്തിന് ഇരയായെന്ന് പരാതി
ശാരീരികമായ പരിക്കുകളില്ലെങ്കിലും യഥാർഥ ലോകത്ത് പീഡനത്തിനിരയായാൽ അനുഭവിക്കുന്ന എല്ലാ മാനസിക വൈകാരിക പ്രശ്‌നങ്ങളും പെൺകുട്ടിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
ന്യൂഡൽഹി: യു.കെയിൽ 16-കാരി മെറ്റവേഴ്‌സിൽ വിർച്വൽ പീഡനത്തിനിരയായെന്ന് പരാതി. വിർച്വൽ റിയാലിറ്റി ഗെയിമിനിടെ അഞ്ജാതരായ യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ശാരീരികമായ പരിക്കുകളില്ലെങ്കിലും യഥാർഥ ലോകത്ത് പീഡനത്തിനിരയായാൽ അനുഭവിക്കുന്ന എല്ലാ മാനസിക വൈകാരിക പ്രശ്‌നങ്ങളും പെൺകുട്ടിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ വിർച്വൽ ലൈംഗികാതിക്രമ കേസാണിത്. ശാരീരികമായ പരിക്കുകളേക്കാൾ ഗുരുതരമായതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ മാനസിക, വൈകാരിക പ്രശ്‌നങ്ങൾ വിർച്വൽ പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികൾ നേരിടേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വിർച്വൽ പീഡനം സംബന്ധിച്ച് നിലവിൽ നിയമങ്ങൾ ഇല്ലാത്തതിനാൽ അന്വേഷണം ദുഷ്‌കരമാവും. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് പെൺകുട്ടി ഏത് ഗെയിം ആണ് കളിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.
വിർച്വൽ ബലാത്സംഗക്കേസുകൾ അന്വേഷിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ചും പൊലീസ് ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ട്. അതേസമയം പെൺകുട്ടി കടുത്ത മെന്റൽ ട്രോമയാണ് നേരിടുന്നതെന്നും അന്വേഷണം അനിവാര്യമാണെന്നും യു.കെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവേർലി പറഞ്ഞു. ഇത് യഥാർഥമല്ലെന്ന് പറഞ്ഞു തള്ളിക്കളയാൻ എളുപ്പമാണ്. എന്നാൽ വിർച്വൽ ലോകം അവശ്വസനീയമായ വിധത്തിൽ ആഴത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16