റഷ്യൻ ആക്രമണത്തിൽ 198 സാധാരണക്കാർ കൊല്ലപ്പെട്ടു: യുക്രൈൻ ആരോഗ്യ മന്ത്രാലയം
റഷ്യൻ സൈന്യം പീരങ്കികളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് തലസ്ഥാനമായ കിയവ് ഉൾപ്പെടെയുള്ള ഉക്രേനിയൻ നഗരങ്ങൾ തകർത്തിട്ടുണ്ട്
റഷ്യൻ ആക്രമണത്തിൽ 198 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായി യുക്രൈൻ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോയും വ്യക്തമാക്കി.
റഷ്യൻ സൈന്യം പീരങ്കികളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് തലസ്ഥാനമായ കിയവ് ഉൾപ്പെടെയുള്ള ഉക്രേനിയൻ നഗരങ്ങൾ തകർത്തിട്ടുണ്ട്. തെക്കുകിഴക്കൻ നഗരമായ മെലിറ്റോപോൾ പിടിച്ചെടുത്തതായി റഷ്യയുടെ ഇന്റർഫാക്‌സ് വാർത്താ ഏജൻസി അറിയിച്ചു.മെലിറ്റോപോളിന്റെ ഗതിയെക്കുറിച്ച് പ്രതികരിക്കാൻ ഉക്രേനിയൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
ഏകദേശം 150,000 ജനസംഖ്യയുള്ള നഗരം ഇപ്പോഴും യുക്രൈന്റെ അധീനതയിൽ തന്നെയാണെന്നാണ് കരുതുന്നത്. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിനെതിരായി യുക്രൈൻ ശക്തമായ ചെറുത്തുനിൽപ്പ് തന്നെയാണ് നടത്തുന്നത്. നഗരത്തിൽ ഒറ്റരാത്രികൊണ്ട് നടന്ന ഏറ്റുമുട്ടലിൽ രണ്ട് കുട്ടികളടക്കം 35 പേർക്ക് പരിക്കേറ്റതായി കിയവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
കിയവിൽ നിലവിൽ വലിയ റഷ്യൻ സൈനിക സാന്നിധ്യം ഇല്ലെന്ന് ക്ലിറ്റ്ഷ്‌കോ വ്യക്തമാക്കി. എന്നാൽ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മെട്രോ സംവിധാനം ഇപ്പോൾ നഗരവാസികളുടെ അഭയകേന്ദ്രമായി മാത്രം പ്രവർത്തിക്കുകയാണെന്നും ട്രെയിനുകൾ ഓട്ടം നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മിസൈൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ പതിച്ചതായി കിയവിലെ അധികൃതർ അറിയിച്ചു. മറ്റൊരു മിസൈൽ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് പതിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
Adjust Story Font
16