Quantcast

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ; പകരുന്നത് വവ്വാലില്‍ നിന്ന്

മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ വൈറസ് മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.

MediaOne Logo

Web Desk

  • Updated:

    2021-08-10 04:06:21.0

Published:

10 Aug 2021 3:56 AM GMT

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ; പകരുന്നത് വവ്വാലില്‍ നിന്ന്
X

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തു. ഗിനിയയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.

ഗ്വക്കെഡോയിൽ ആഗസ്റ്റ്​ രണ്ടിന്​ മരിച്ച രോഗിയിൽ നിന്ന്​ ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക്​ വിധേയമാക്കിയതിൽ നിന്നാണ്​ രോഗബാധ കണ്ടെത്തിയത്​. പോസ്റ്റ്മോർട്ടത്തിന്​ ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ്​ പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന്​ പേർ നിരീക്ഷണത്തിലാണ്​.

ഗിനിയൻ സർക്കാറും മാർബർഗ്​ കേസ്​ സ്​ഥിരീകരിച്ചു. റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ്​ മാർബർഗ്​ പടരാൻ സാധ്യത. രോഗവ്യാപനം​ തടയാനായി രാജ്യത്ത്​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന്​ അന്ത്യമായെന്ന്​ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച്​ രണ്ടു​ മാസം പിന്നിടുമ്പോഴാണ്​ മാർബർഗ്​ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം തു​ടങ്ങിയ എബോള ബാധയിൽ 12 ജീവനുകളാണ്​ നഷ്​ടമായത്​.

മാര്‍ബര്‍ഗ് വൈറസ് ബാധ; കാരണങ്ങള്‍, ലക്ഷണങ്ങള്‍

രോഗം ബാധിച്ചാല്‍ 88 ശതമാനം വരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ്, എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ്​ ഈ പേര്​ ലഭിച്ചത്. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിലൂടെയോ ആണ്​ മാർബർഗ്​ പകരുന്നതെന്നാണ്​ ഡബ്ല്യു.എച്ച്​.ഒ പറയുന്നത്.

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളില്‍ രോഗബാധ പ്രകടമാകും. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക്​ റിപബ്ലിക്​ ഓഫ്​ കോംഗോ എന്നിവിടങ്ങളിൽ നേര​ത്തെ മാർബർഗ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇവിടങ്ങളില്‍ 24 മുതൽ 88 ശതമാനം വരെയാണ്​ മരണനിരക്ക്​.

പടിഞ്ഞാറൻ ആഫ്രിക്കയില്‍ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പ്രത്യേക ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് മാര്‍ബര്‍ഗ് വൈറസ് ബാധയേറ്റ രോഗികള്‍ക്ക് നല്‍കുന്നത്. അംഗീകൃത വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ല.

TAGS :

Next Story