Quantcast

അമേരിക്കൻ മുൻ പ്രസിഡന്റ് ട്രംപിനെ വെടിവെച്ചത് 20കാരൻ ? എഫ്.ബി.ഐ അന്വേഷണം തുടങ്ങി

സീക്രറ്റ് സർവീസ് സംഘമാണ് അക്രമിയെ വെടിവെച്ച് കൊന്നത്

MediaOne Logo

Web Desk

  • Published:

    14 July 2024 4:43 AM GMT

അമേരിക്കൻ മുൻ പ്രസിഡന്റ് ട്രംപിനെ വെടിവെച്ചത് 20കാരൻ ? എഫ്.ബി.ഐ അന്വേഷണം തുടങ്ങി
X

പെൻസിൽവാനിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോർട്ട്. പെൻസിൽവാനിയ സ്വദേശിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.​ഐ) തിരിച്ചറിഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ അറിയിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും സീക്രറ്റ് സർവീസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും എഫ്.ബി.ഐ വ്യക്തമാക്കി. ട്രംപിനെ നേരെ നടന്നതാണ് കൊലപാതക ശ്രമമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു

സീക്രറ്റ് സർവീസ് സംഘമാണ് അക്രമിയെ വെടിവെച്ച് കൊന്നത്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈയിടെയാണ് ട്രംപിന്റെ സുരക്ഷാസന്നാഹം വർധിപ്പിച്ചത്. അതേസമയം, നിലവിൽ ഭീഷണി ഒഴിഞ്ഞതായാണ് വിശ്വസിക്കുന്നതെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ തന്റെ ബന്ധുവിന് പരിക്കേറ്റതായി ടെക്സാസിലെ റിപ്പബ്ലിക്കൻ യു.എസ് പ്രതിനിധി റോണി ജാക്സൺ പറഞ്ഞു. കഴുത്തിലാണ് ഇയാൾക്ക് വെടിയേറ്റത്.

വെടിയേറ്റ് ചികിത്സയിലായിരുന്ന ട്രംപ് ആശുപത്രി വിട്ടതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്രംപുമായി ഫോണിൽ സംസാരിച്ചു. സംഭവത്തെ ബൈഡൻ അപലപിച്ചു.

ട്രംപിന്റെ വലത് ചെവിക്കാണ് ​വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.

യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. ട്രംപിന്റെ മുഖത്ത് രക്തം പുരണ്ട നിലയിലെ ദൃശ്യങ്ങളും പുറത്തുവന്നു. വെടിയേറ്റയുടൻ താഴേക്ക് കുനിഞ്ഞ ട്രംപിനെ സീക്രറ്റ് സർവീസ് സംഘമെത്തി സുരക്ഷയൊരുക്കി. തുടർന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും ട്രംപ് മൈക്കിനടുത്ത് വന്ന് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു.

വലത് ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറിയെന്ന് പിന്നീട് ട്രംപ് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് ഇത്തരമൊരു സംഭവം അരങ്ങേറുന്നത് അവിശ്വസനീയമാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് കൂട്ടിച്ചേർത്തു.







TAGS :

Next Story