17 ദിവസത്തിനിടെ ഗസ്സയില്‍ ഇസ്രായേൽ നരനായാട്ടില്‍ കൊല്ലപ്പെട്ടത് 2,000 കുഞ്ഞുങ്ങൾ
യു.എസ് സൈന്യം എത്തുന്നതുവരെ കരയുദ്ധം നീട്ടാനാണ് ഒടുവിൽ ഇസ്രായേൽ തീരുമാനം
ഗസ്സ: മൂന്ന് ആഴ്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 2,000 കടന്നു. ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,000 പിന്നിടുമ്പോഴാണു ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ കണക്കും പുറത്തുവരുന്നത്. ഇന്നലെ രാത്രി മാത്രം ഗസ്സ മുനമ്പിൽ നടന്ന ഇസ്രായേൽ ബോംബ് വർഷത്തിൽ 436 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 182 കുട്ടികളും ഉൾപ്പെടും.
ഒക്ടോബർ ഏഴു മുതൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിലാണ് ദിവസവും നൂറുകണക്കിനു കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുവീഴുന്നത്. 5,087 ആണ് ഗസ്സയിലെ പുതിയ മരണസംഖ്യ. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്യുന്നു.
15,273 പേർ പരിക്കുകളുമായി ആശുപത്രികളിലും മറ്റും കഴിയുന്നുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും നിരവധിയാണ്. 800ലേറെ കുട്ടികൾ ഉൾപ്പെടെ 1,500 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ എത്രപേർ ജീവനോടെയുണ്ടെന്ന് വ്യക്തമല്ല. ഇടതടവുകളില്ലാതെ ഇസ്രായേൽ ബോംബ് വർഷം തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌ക്കരമായിരിക്കുകയാണ്.
അതിനിടെ, നേരത്തെ പ്രഖ്യാപിച്ചിരുന്ന കരയുദ്ധം വൈകിപ്പിക്കുകയാണ് ഇസ്രായേൽ. കൂടുതൽ യു.എസ് സൈനികരെ വിന്യസിക്കുന്നതുവരെ കാത്തിരിക്കാനാണു തീരുമാനം. കരയുദ്ധം നീട്ടിവയ്ക്കാൻ നേരത്തെ യു.എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ 2,000 നാവികസേനയെ വിന്യസിക്കാനാണ് യു.എസ് നീക്കം. രണ്ട് വിമാന വാഹിനി കപ്പലുകളും ഇവിടെ എത്തിക്കും.
Summary: Palestinian death toll reaches 5,000, including 2,000 children
Adjust Story Font
16