ഓരോ മനുഷ്യനും 25 ലക്ഷം ഉറുമ്പുകള്‍; അപ്പോള്‍ ലോകത്ത് എത്ര ഉറുമ്പുകളുണ്ട്?
489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20,000,000,000,000,000(20 കഴിഞ്ഞ് 15 പൂജ്യങ്ങള്‍ അഥവാ 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു
ബോറടിച്ചിരിക്കുമ്പോള്‍ ഉറുമ്പുകളെ വരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് ചിലര്‍ തമാശയായി പറയാറുണ്ട്. ഉറുമ്പുകളെ അങ്ങനെയങ്ങ് എണ്ണാന്‍ സാധിക്കുമോ? എന്നാല്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20,000,000,000,000,000(20 കഴിഞ്ഞ് 15 പൂജ്യങ്ങള്‍ അഥവാ 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇവയുടെ സാന്ദ്രത കണക്കിലെടുക്കുമ്പോൾ കൃത്യമായ കണക്ക് പറയാനാകില്ലെന്ന് ഗവേഷക സംഘം വ്യക്തമാക്കി. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് വൂഴ്സ്ബര്‍ഗില്‍ ഗവേഷണം ചെയ്യുന്ന പാട്രിക് സ്കള്‍തീസ് ആയിരുന്നു പ്രധാന ഗവേഷകന്‍. 'പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്' 2022 സെപ്റ്റംബർ 19 ന് പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഈ ഉറുമ്പുകളുടെ ആകെ ഭാരമാകട്ടെ, 12 മെഗാടണ്‍ വരണ്ട കാര്‍ബണിന്‍റെ അത്രയും വരും. (ജീവികളുടെ ജൈവപിണ്ഡം അളക്കുന്നതിനുള്ള ഒരു മാനദണ്ഡമാണത്.) മണ്ണില്‍ നിന്ന് എല്ലാ ഉറുമ്പുകളേയും പെറുക്കിയെടുത്ത് ഒരു തുലാസിന്‍റെ ഒരു തട്ടില്‍ വച്ചാല്‍ ലോകത്തുള്ള എല്ലാ പക്ഷികളുടേയും സസ്തനികളുടേയും ആകെ ഭാരത്തക്കാള്‍ കൂടുതലാകുമത്രേ അത്. അങ്ങനെ നോക്കുമ്പോള്‍ ഓരോ മനുഷ്യനും 25 ലക്ഷം ഉറുമ്പുകളുണ്ട്.
"ലോകത്തെ നിയന്ത്രിക്കുന്ന ചെറിയ വസ്തുക്കളാണെന്ന് പ്രഗത്ഭ ജീവശാസ്ത്രജ്ഞനായ എഡ്വേർഡ് ഒ. വിൽസൺ ഒരിക്കൽ പറഞ്ഞിട്ടുള്ളത് ശരിയാണ്. പ്രത്യേകിച്ച് ഉറുമ്പുകൾ പ്രകൃതിയുടെ ഒരു നിർണായക ഭാഗമാണ്. ചില ജീവജാലങ്ങൾക്ക് ഉറുമ്പുകളില്ലാതെ നിലനിൽക്കാൻ കഴിയില്ല. മറ്റ് ജീവികളുമായുള്ള ഇറുകിയ ഇടപെടലുകളും ഇവ വികസിപ്പിച്ചെടുത്തിട്ടുണ്ട്ഉ. ദാഹരണത്തിന്, ചില പക്ഷികൾ ഇരയെ പുറന്തള്ളാൻ ഉറുമ്പുകളെ ആശ്രയിക്കുന്നു. ആയിരക്കണക്കിന് സസ്യജാലങ്ങൾ ഉറുമ്പുകളെ പോറ്റുകയോ സംരക്ഷിക്കുകയോ ചെയ്യുന്നു. പല ഉറുമ്പുകളും വേട്ടക്കാരാണ്, മറ്റ് പ്രാണികളുടെ എണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ ആവാസവ്യവസ്ഥയുടെ നാശവും ശിഥിലീകരണവും, രാസ ഉപയോഗം, അധിനിവേശ ജീവിവർഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികൾ കാരണം ആഗോള പ്രാണികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
എന്നാൽ പ്രാണികളുടെ ജൈവ വൈവിധ്യം സംബന്ധിച്ച വിവരങ്ങൾ വളരെ വിരളമാണ്. ഈ വിടവ് നികത്താൻ സഹായിക്കുന്നതാണ് തങ്ങളുടെ പഠനമെന്നും ഇത് കൂടുതൽ ഗവേഷണത്തിന് ഒരു അടിസ്ഥാനരേഖയാണെന്നും ഗവേഷകര്‍ പറയുന്നു.
Adjust Story Font
16