Quantcast

''ജനങ്ങള്‍ പ്രാണികളെപ്പോലെ മരിച്ചുവീഴുന്നു.. ബോംബുകള്‍ മഴപോലെ വന്നുപതിക്കുന്നു..''

MediaOne Logo
ജനങ്ങള്‍ പ്രാണികളെപ്പോലെ മരിച്ചുവീഴുന്നു.. ബോംബുകള്‍ മഴപോലെ വന്നുപതിക്കുന്നു..
X

''ജനങ്ങള്‍ പ്രാണികളെപ്പോലെ മരിച്ചുവീഴുന്നു.. ബോംബുകള്‍ മഴപോലെ വന്നുപതിക്കുന്നു..''

സിറിയയിലെ വ്യോമാക്രമണത്തിന്റെ ഭീകരതയുമായി ഏഴുവയസ്സുകാരിയുടെ ട്വീറ്റുകള്‍

യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്നത് കൂടുതലും കുട്ടികളാണ്... സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയും ദൈന്യതയും ലോകത്തോട് വിളിച്ചു പറഞ്ഞ ഒരുപാട് ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കുമിടയില്‍ ആഗോളമനഃസാക്ഷിയെ ഒന്നടങ്കം വേദനിപ്പിച്ച ഒരു മുഖമായിരുന്നു ഒംറാന്‍ ദാനിഷ് എന്ന അഞ്ചുവയസ്സുകാരന്റേത്. ബോംബേറില്‍ തകര്‍ന്ന ഒരു കെട്ടിടത്തില്‍ നിന്ന് ഒംറാനെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുമ്പോള്‍ പൊടിപടലങ്ങളിലും മുറിവില്‍ നിന്ന് ഒലിച്ചിറങ്ങിയ രക്തത്തിലും കുളിച്ചിരുന്നു ആ കുഞ്ഞ് മുഖവും ശരീരവും.

ഒംറാന്‍ ദാനിഷിന് മുമ്പ് ലോകത്തിന്റെ മനസ്സ് വിങ്ങി, തുര്‍ക്കി തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയെന്ന കുഞ്ഞിനെ കണ്ടപ്പോള്‍... സിറിയന്‍ യുദ്ധം സൃഷ്ടിച്ച പാലായനത്തിന്റെ ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി, കടലാഴങ്ങളില്‍ എന്നെന്നേക്കുമായി ഉറങ്ങിക്കിടന്ന ആ കുഞ്ഞ് ശരീരം.

യുദ്ധത്തിന്റെ ഭീകരത ലോകത്തോട് കുഞ്ഞുവാക്കുകളിലൂടെ വിവരിക്കാന്‍ സാധിക്കുന്നതും കുഞ്ഞുങ്ങള്‍ക്കാണ്... ഫലസ്തീനിലെ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യകുരുതികളുടെ ട്വീറ്റുകളുമായി വന്ന ഫറ ബക്കര്‍ എന്ന 16 കാരിയെ അതുകൊണ്ടാണ് ലോകം ശ്രദ്ധിച്ചത്.

ഇപ്പോഴിതാ, യുദ്ധത്തിന്റെ കെടുതികളുമായി ഒരു ഏഴുവയസ്സുകാരി, സിറിയയിലെ അലപ്പോയില്‍ നിന്ന്. ബന അലബെദ്, അതാണ് അവളുടെ പേര്.

2011 മാര്‍ച്ചില്‍ ആരംഭിച്ച അറബ് വസന്തത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച അസദ് സൈന്യത്തിന്റെ നടപടി, അഞ്ചര വര്‍ഷത്തിന് ശേഷവും സിറിയയില്‍ രക്തരൂക്ഷിതമായ ആഭ്യന്തര കലാപമായി തുടരുകയാണ്. താന്‍ കാണുന്ന, കേള്‍ക്കുന്ന യുദ്ധ ഭീകരതയെ തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ലോകത്തോട് വിളിച്ചു പറയുകയാണ് ബന അലബെദ്. കഴിഞ്ഞ സെപ്തംബര്‍ 24 നാണ് ബന ട്വിറ്റര്‍ അക്കൌണ്ട് ആരംഭിച്ചത്. എനിക്ക് സമാധാനം വേണമെന്നായിരുന്നു ട്വിറ്ററീലൂടെ അവള്‍ ലോകത്തിന് നല്‍കിയ ആദ്യ സന്ദേശം. ഇതിനകം 897000 ഫോളോവേഴ്സ് ആണ് ബനയുടെ ട്വിറ്ററിനുള്ളത്.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയുടെ യഥാര്‍ത്ഥ ചിത്രം അറിയണമെങ്കില്‍ ബനയുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ കടന്നുപോയാല്‍ മതിയാവും. അലപ്പോയിലെ ജീവിതത്തിനിടെ ദിവസവും താന്‍ അനുഭവിക്കുന്ന വ്യോമാക്രമണത്തിന്റെയും തുടര്‍ന്നുള്ള യുദ്ധക്കെടുതികളുടെയും നേര്‍ചിത്രങ്ങളാണ് അവളുടെ ഓരോ പോസ്റ്റുകളും.

ദിവസവും രാത്രി ബോംബാക്രമണങ്ങളെ പറ്റിയും പുലരുമ്പോള്‍ താന്‍ ജീവനോടെയുണ്ടാകുമോ എന്ന ആശങ്കയും അവള്‍ പങ്കുവെക്കുന്നു. രാവിലെ താന്‍ ജീവനോടെയുണ്ടെന്നും സുരക്ഷിതയാണെന്നുമുള്ള അപ്ഡേഷനും. സ്വജീവനിലുള്ള പേടി, അധ്യാപികയാവണമെന്ന സ്വപ്നത്തിനേറ്റ മങ്ങല്‍, തന്റെ നഗരത്തിലെ മരണസംഖ്യയിലുണ്ടാകുന്ന വര്‍ധനവ് എല്ലാം അവളുടെ ട്വീറ്റുകളിലൂടെ വായിച്ചെടുക്കാം.

കുഞ്ഞ് കുഞ്ഞ് സ്റ്റാറ്റസുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എല്ലാം ബനയുടെ ട്വീറ്റിലുണ്ടാവാറുണ്ട്. എല്ലാം യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നവ. അവളുടെ ഉറ്റകൂട്ടുകാരുടെ മരണം വരെ ട്വീറ്റിലൂടെ അവള്‍ക്ക് ലോകത്തെ അറിയിക്കേണ്ടിവന്നു.

This is my friend house bombed, she's killed. I miss her so much #Aleppo pic.twitter.com/5y59rorpeZ

— Bana Alabed (@AlabedBana) September 26, 2016

ജനങ്ങള്‍ ഇവിടെ പ്രാണികളെപ്പോലെ ചത്തുവീഴുന്നു.. അടുത്തതായി എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ല... ബോംബുകള്‍ മഴപോലെയാണ് വന്നുവീഴുന്നത് - എന്നാണ് ഈ ഏഴുവയസ്സുകാരിയുടെ ഒരു ട്വീറ്റ്. മറ്റൊന്നില്‍, എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ജീവിക്കണമെന്നുണ്ട് പക്ഷേ പകരം ഞാനാകെ മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നതെന്ന് അവള്‍ കുറിച്ചിരിക്കുന്നു.

യുദ്ധത്തെക്കുറിച്ച് മറക്കാന്‍ താന്‍ വായിച്ചുകൊണ്ടിരിക്കുന്നു എന്ന് അവളുടെ മറ്റൊരു ട്വീറ്റ്.. എന്തിനാണ് അവര്‍ ഞങ്ങളുടെ മേല്‍ ബോംബിടുന്നത്, എല്ലാ ദിവസവും നിഷ്ങ്കളക്കരായ ജനങ്ങളെ എന്തിനാണ് കൊല്ലുന്നത് -അവള്‍ ചോദിക്കുന്നു.

Why would they bomb us and kill innocent people everyday?. - Bana #Aleppo pic.twitter.com/XeF3Q7HKZ9

— Bana Alabed (@AlabedBana) November 21, 2016

ചില ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാത്രമാണ് അവളുടെ ട്വീറ്റുണ്ടാവുക. ഞങ്ങള്‍ ഭീകരല്ല, ഞങ്ങള്‍ ഐഎസ് അല്ല.. ഇവിടെയുള്ള ഞങ്ങളെല്ലാവരും നിഷ്ങ്കളക്കരാണ്... ഒരു കാരുണ്യവുമില്ലാതെയാണ് അവര്‍ ബോംബിട്ടുകൊണ്ടിരിക്കുന്നത് - ബന പറയുന്നു.

സൌരോര്‍ജ്ജത്തില്‍ നിന്നാണ് വീടിനാവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്. ഭക്ഷ്യക്ഷാമവും ഇല്ലാതില്ല. പലപ്പോഴും ഇന്റര്‍നെറ്റും ഫോണ്‍ കണക്ഷനും ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണെന്നും ബനയുടെ അമ്മ പറയുന്നു.

ബനയും അമ്മ ഫതെമായും കൂടിയാണ് അക്കൊണ്ട് ഓപ്പറേറ്റ് ചെയ്യുന്നത്. അധ്യാപികയാണ് ബനയുടെ അമ്മ. പിതാവ് അഭിഭാഷകനും. അഞ്ചുവയസ്സുള്ള മുഹമ്മദും മൂന്നുവയസ്സുള്ള നൂറുമാണ് ബനയുടെ സഹോദരങ്ങള്‍. നാലുവയസ്സുമുതല്‍ അമ്മ ഫതെമാ തന്നെയാണ് ബനയെ ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങിയത്.

I am sick now. The war started again, there's no medicine. Please pray for me dear world. - Bana #Aleppo #StandWithAleppo pic.twitter.com/tx9a72Ff8w

— Bana Alabed (@AlabedBana) November 9, 2016

Next Story