Quantcast

24 ഇന്ത്യൻ ക്രൂ അംഗങ്ങളുള്ള എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍ നാവിക സേന

ഒമാൻ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചാണ് ഇറാന്റെ നടപടി.

MediaOne Logo

Web Desk

  • Published:

    29 April 2023 10:09 AM GMT

24 Indian crew on US-bound tanker seized by Iran
X

തെഹ്റാൻ: 24 ഇന്ത്യൻ ക്രൂ അം​ഗങ്ങളുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ നാവികസേന. യു.എസിലേക്ക് പോവുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് ഒമാന്‍ ഉള്‍ക്കടല്‍ ഭാഗത്ത് വച്ച് പിടിച്ചെടുത്തത്. യു.എസ് നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്ലീറ്റാണ് ഇറാന്‍ പിടിച്ചെടുത്ത കപ്പലിനെ തിരിച്ചറിഞ്ഞത്.

ഒമാൻ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചാണ് ഇറാന്റെ നടപടി. ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒമാന്‍ തലസ്ഥാന നഗരത്തിന് വടക്കുള്ള ഉള്‍ക്കടലിലിലൂടെയാണ് കപ്പല്‍ നീങ്ങിയിരുന്നത്. കുവൈത്തിൽ നിന്ന് പുറപ്പെട്ട കപ്പല്‍ യു.എസിലെ ഹൂസ്റ്റണിലേക്കായിരുന്നു യാത്ര ചെയ്തിരുന്നത്.

കപ്പൽ അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയ്ക്കു വിഘാതം സൃഷ്ടിക്കുന്നതാണെന്നും ഫിഫ്ത് ഫ്ലീറ്റ് പ്രതിനിധികള്‍ പറഞ്ഞു. ഇറാന്‍ എത്രയും പെട്ടെന്ന് കപ്പൽ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, ഇറാന്റെ അര്‍ധ റെവല്യൂഷണറി ഗാര്‍ഡ് കപ്പല്‍ പിടിച്ചെടുത്തെന്നാണ് നാവികസേന ആദ്യം അറിയിച്ചത്. ഇറാന്‍ നാവികസേന കപ്പല്‍ പിടിച്ചെടുത്തെന്ന വിവരം അമേരിക്കന്‍ നാവിക വിമാനമാണ് പിന്നീട് സ്ഥിരീകരിച്ചത്.

ടാങ്കർ തങ്ങളുടെ ഒരു കപ്പലിൽ ഇടിച്ചെന്നും രണ്ട് ജീവനക്കാരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഇറാൻ പറഞ്ഞു. ടാങ്കർ നിർത്താൻ ആവശ്യപ്പെട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാവാത്തതാണ് പിടിച്ചെടുക്കാൻ പ്രേരിപ്പിച്ചതെന്നും ഇറാൻ വിശദീകരിച്ചു. അതേസമയം, ഇറാന്റെ നടപടിക്കെതിരെ രം​ഗത്തെതതിയ അമേരിക്ക, കപ്പൽ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾക്കെതിരായ ഉപരോധം പാശ്ചാത്യ രാജ്യങ്ങൾ കർശനമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ പിടിച്ചെടുക്കൽ. ഇറാനും വൻശക്തികളും തമ്മിലുള്ള സുപ്രധാന ആണവ കരാറിൽ നിന്ന് യു.എസ് പിന്മാറുകയും ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്ത 2018 മുതൽ ഇത്തരം സംഭവങ്ങൾ കൂടിയിട്ടുണ്ട്. ഇതോടെ കരാർ പുനഃസ്ഥാപിക്കാനുള്ള മാരത്തൺ ശ്രമങ്ങൾ സ്തംഭിക്കുകയും ചെയ്തു.

TAGS :

Next Story