Quantcast

ഒരു മണിക്കൂറിനുള്ളിൽ 249 കപ്പ് ചായ; റെക്കോർഡിട്ട് ദക്ഷിണാഫ്രിക്കൻ യുവതി

ഒരേസമയം നാല് കപ്പുകളിലാണ് ഇൻഗാർ വാലന്റൈൻ ചായയുണ്ടാക്കിയത്

MediaOne Logo

Web Desk

  • Published:

    19 Oct 2022 2:16 AM GMT

ഒരു മണിക്കൂറിനുള്ളിൽ 249 കപ്പ് ചായ; റെക്കോർഡിട്ട് ദക്ഷിണാഫ്രിക്കൻ യുവതി
X

ജോഹന്നാസ്ബർഗ്: ഒരുമണിക്കൂറിൽ ഏറ്റവും കൂടുതൽ ചായയുണ്ടാക്കി റെക്കോർഡ് സൃഷ്ടിച്ച് ആഫ്രിക്കൻ വനിത. ഗിന്നസ് വേൾഡ് റെക്കോർഡിലാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിനായയ ഇൻഗാർ വാലന്റൈൻ ഇടം നേടിയത്. വാലന്റൈൻ 249 കപ്പ് ചായയാണ് ഒരുമണിക്കൂറിനുള്ളിൽ ഉണ്ടാക്കിയത്. ദക്ഷിണാഫ്രിക്കയിൽ കാണുന്ന അസ്പാലാത്തസ് ലീനിയറിസ് ചെടിയിൽ നിന്നുണ്ടാക്കുന്ന ചുവന്ന ഹെർബൽ ടീയായ റൂയിബോസാണ് ഇവർ ഗിന്നസ് നേട്ടത്തിനായി ഉപയോഗിച്ചത്.

മണിക്കൂറിനുള്ളിൽ കുറഞ്ഞത് 150 കപ്പ് ചായ ഉണ്ടാക്കിയാൽ ഗിന്നസിൽ ഇടം നേടാമായിരുന്നു. എന്നാൽ വളരെ കൃത്യമായ ആസൂത്രണത്തോടെ 249 കപ്പ് ചായയാണ് അവര്‍ ഉണ്ടാക്കിയത്. ഒരു ടീബാഗ് കുറഞ്ഞത് 2 മിനിറ്റെങ്കിലും ചൂടുവെള്ളത്തിൽ ഇട്ടുവെക്കണം. എങ്കിൽ മാത്രമേ റൂയിബോസ് ചായയുടെ യഥാർഥ രുചി ലഭിക്കുകയൊള്ളൂ. റൂയിബോസിന്റെ ഒറിജിനൽ, വാനില, സ്‌ട്രോബെറി തുടങ്ങിയ ഫ്‌ളേവറുകളിലായിരുന്നു ചായയുണ്ടാക്കിയത്. ഒരേസമയം നാല് കപ്പുകളിലാണ് ഇൻഗാർ വാലന്റൈൻ ചായയുണ്ടാക്കിയത്.

അതേസമയം, ഉണ്ടാക്കിയ ചായയൊന്നും പാഴാക്കാനും ഇൻഗാർ വാലന്റൈൻ സമ്മതിച്ചില്ല. ചായകുടിക്കാൻ നാട്ടുകാരും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു സംഘം എത്തിയിരുന്നു. ഒരുമിനിറ്റിൽ നാലിലധികം ചായയാണ് ഇൻഗാർ വാലന്റൈൻ ഉണ്ടാക്കിയതെന്ന് ഗിന്നസ് അധികൃതർ വ്യക്തമാക്കി. അളവ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഒരു കപ്പ് ചായ കണക്കിൽ പെടുത്തിയിരുന്നില്ല.

ഏകദേശം 170 ചായയെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്നാണ് താൻ കരുതിയിരുന്നതെന്ന് ഇൻഗാർ വാലന്റൈൻ റെക്കോർഡ് നേട്ടത്തിന് ശേഷം പ്രതികരിച്ചു.2018 ലുണ്ടായ കാട്ടുതീയെ തുടർന്ന് ഇല്ലാതായ തന്റെ ഗ്രാമത്തിലെ ടൂറിസത്തിന് ഉണർവ് നൽകാൻ കൂടിയാണ് തന്റെ ഈ ശ്രമമെന്നും അവർ പറഞ്ഞു.


TAGS :

Next Story