Quantcast

'കല്യാണം കഴിക്കൂ, കുട്ടികളുണ്ടാക്കൂ'; നേടാം 25 ലക്ഷത്തിന്‍റെ ലോൺ

മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങിയാൽ നികുതി ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട് ഭരണകൂടം. പ്രസവ-പിതൃത്വ അവധികൾ കൂട്ടുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 Dec 2021 3:21 PM GMT

കല്യാണം കഴിക്കൂ, കുട്ടികളുണ്ടാക്കൂ; നേടാം 25 ലക്ഷത്തിന്‍റെ ലോൺ
X

ലോകജനസംഖ്യയിൽ ഇന്ത്യയ്ക്ക് തൊട്ടുമുൻപിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും ചൈനയുടെ സ്ഥാനം. 140 കോടിയാണ് നിലവിൽ ചൈനയിലെ ജനസംഖ്യ. എന്നാൽ, അവിടെയിപ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല. കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ് ചൈന ഇപ്പോൾ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇതിനുള്ള പരിഹാരനടപടികളും അവിടത്തെ പ്രവിശ്യാ ഭരണകൂടങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയാണ് ഏറ്റവുമൊടുവിൽ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവർക്ക് രണ്ടു ലക്ഷം യുവാൻ(ഏകദേശം 25 ലക്ഷം രൂപ) ലോൺ നൽകാനായി ബാങ്കുകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നാണ് ജിലിൻ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. 'മാര്യേജ് ആൻഡ് ബർത്ത് കൺസ്യൂമർ ലോൺസ്' എന്ന പേരിലുള്ള പുതിയ പദ്ധതിയിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പലിശനിരക്കിലും ഇളവുണ്ടാകും.

ജനസംഖ്യാ വർധനയ്ക്കായി വേറെയും ക്ഷേമപദ്ധതികൾ ജിലിൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പ്രവിശ്യകളിലെ കുട്ടികളുള്ള ദമ്പതികൾ ഇവിടെ രജിസ്റ്റർ ചെയ്താൽ അവർക്ക് റസിഡൻസ് പെർമിറ്റ് നൽകും. പ്രവിശ്യയിലെ എല്ലാ പൊതുസേവനങ്ങളും അവർക്കു ലഭിക്കുകയും ചെയ്യും. മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങിയാൽ നികുതി ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രസവാവധിയും പിതൃത്വ അവധിയും ജിലിൻ ഭരണകൂടം നീട്ടിയിട്ടുണ്ട്. നേരത്തെ 158 ദിവസമായിരുന്നു പ്രസവാവധി. ഇത് 180 ആക്കി നീട്ടിയിട്ടുണ്ട്. പിതൃത്വ അവധി 15ൽനിന്ന് 25 ആക്കിയും ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികൾക്ക് മൂന്നു വയസാകുംവരെ ഒാരോ വർഷവും 20 ദിവിസം മാതൃത്വ-പിതൃത്വ അവധിയും ലഭിക്കും.

ഒരുകാലത്ത് വൻ കൽക്കരി, ഉരുക്ക് വ്യവസായകേന്ദ്രമായിരുന്ന ചൈനീസ് മേഖലയാണ് ജിലിൻ. എന്നാൽ, വ്യാവസായികരംഗത്തെ തകർച്ചയെ തുടർന്ന് ഈ പ്രവിശ്യകൾ 1970കൾക്ക് ശേഷം തുരുമ്പുമേഖല(rust belt) എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേസമയം, ഇപ്പോഴും വലിയ വ്യാവസായിക, കാർഷിക മേഖല തന്നെയാണ് ജിലിൻ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജനസംഖ്യയിൽ വൻ ഇടിവാണ് ഇവിടെയുണ്ടായത്. ഇത് സാമ്പത്തിക വളർച്ചയെയും സാരമായി ബാധിച്ചിട്ടുണ്ട്.

Summary: Jilin province in northeast China will support banks to provide up to 200,000 yuan(about ₹25 lakh) of 'marriage and birth consumer loans' to married couples

TAGS :

Next Story