ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 250 പേർ; നാല് ദിവസത്തിനിടെ 48 സൈനികരെ കൊലപ്പെടുത്തിയെന്ന് ഹമാസ്
ഇറാൻ ഉപദേശകന്റെ കൊലപാതകത്തിൽ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുന്നു. 250 പേരെയാണ് ഗസ്സയിൽ ഇന്നലെ മാത്രം ഇസ്രായേൽ കൊലപ്പെടുത്തിയത്. മരണ സംഖ്യ 20,674 ഉം പരിക്കേറ്റവരുടെ എണ്ണം 54,536ഉം ആയി ഉയർന്നു. ബന്ദികളെ തിരിച്ചെത്തിക്കാൻ പുതിയ നിർദേശം ചർച്ച ചെയ്യുന്നതായി പ്രതിരോധ മന്ത്രി ബന്ധുക്കളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
മഗാസി അഭയാർഥ ക്യാമ്പിൽ 70 പേരുൾപ്പെടെ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നുതള്ളിയത്. ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങിൽ വ്യാപക ആക്രമണമാണ് തുടരുന്നത്. നിരവധി താമസ കേന്ദ്രങ്ങളിൽ ഇന്നലെ രാത്രിയും ഇസ്രായേൽ ബേംബ് വർഷിച്ചു. ഗസ്സയുടെ കൂടുതൽ ഉൾഭാഗത്തേക്ക് കരയാക്രമണം വ്യാപിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. എത്ര നീണ്ടാലും ഹമാസിനെ തുരത്തി ബന്ദികളെ മടക്കി കൊണ്ടു വരുമെന്ന് യുദ്ധകാര്യ മന്ത്രിസഭാംഗം ബെന്നി ഗാൻറ്സ് പറഞ്ഞു. ബന്ദിമോചനത്തിന് പുതിയ നിർദേശം ചർച്ച ചെയ്യുന്നതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളൽ പദ്ധതിയുണ്ടെന്ന് ലികുഡ് പാർട്ടി യോഗത്തിൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അഭയാഥർഥികളായി ഇവരെ ഏറ്റെടുക്കാൻ താൽപര്യമുള്ള രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലെന്നും നെതന്യാഹു പറഞ്ഞു.
ഗസ്സയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്. മൂന്ന് ദിവസത്തിനിടെ 17 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയൻ തലസ്ഥാനമായ ദമസ്കസിനു നേർക്ക് നടത്തിയ ആക്രമണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ് ഉപദേശകൻ സയ്യിദ് റാസി മൂസവിയെ വധിച്ചതിനെ ന്യായീകരിച്ച് ഇസ്രായേൽ സൈന്യം പറയുന്നു. ലബനാൻ യുദ്ധത്തിൽ മികച്ച പ്രതിരോധമായിരിക്കും ഇതെന്ന് ഇസ്രായേൽ സൈനിക കമാർഡർ വ്യക്തമാക്കി.
എന്നാൽ കൊലക്ക് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ പ്രസിഡൻറ് മുന്നറിയിപ്പ് നൽകി. ഇറാന്‍റെ പ്രത്യാക്രമണ സാധ്യത മുൻനിർത്തി തയാറെടുക്കുന്നതായി ഇസ്രായേൽ സൈന്യം പറയുന്നു.. എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നതായി ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം. ചെങ്കടലിൽ യെമൻ സുരക്ഷാ സേന ലക്ഷ്യം വെക്കാത്ത മറ്റു കപ്പലുകൾ ഭയപ്പെടേണ്ടതില്ലെന്നും ഹൂതികൾ വ്യക്തമാക്കി
Adjust Story Font
16