Quantcast

കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് ലബനാൻ; ഇസ്രായേൽ വ്യോമാക്രമണത്തിൽ മരണം 274 ആയി; 1000ലേറെ പേർക്ക് പരിക്ക്

​ഗസ്സയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലി‍ന്റെ ആക്രമണം.

MediaOne Logo

Web Desk

  • Updated:

    2024-09-23 18:16:16.0

Published:

23 Sep 2024 4:36 PM GMT

274 killed, over 1,000 wounded in Israel attacks in Lebanon
X

ബെയ്റൂത്ത്: ​ഗസ്സയിൽ 41,000ലേറെ പേരെ കൊന്നുതള്ളിയതിനു ശേഷം ‌ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. 1000ലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിൽ ആരംഭിച്ച വ്യോമാക്രമണത്തിലാണ് ഇത്രയും ജീവനുകൾ നഷ്ടമായത്. ഇതിൽ 21 പേർ കുട്ടികളും 39 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ജനവാസകേന്ദ്രങ്ങളിലാണ് ഇസ്രായേൽ ബോംബിട്ടത്.

​ഗസ്സയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലി‍ന്റെ ആക്രമണം. വീടുകൾക്കും ആരോ​ഗ്യകേന്ദ്രങ്ങൾക്കും വ്യാപാര- താമസ കെട്ടിടങ്ങൾക്കും നേരെയാണ് ഇസ്രായേൽ സേന ആക്രമണം അഴിച്ചുവിടുന്നത്. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ആബുലൻസുകളെ പോലും ഇസ്രായേൽ സൈന്യം വെറുതിവിടുന്നില്ലെന്നും ആക്രമണം ഭയന്ന് വാഹനങ്ങളിൽ കയറി രക്ഷപെടുന്നവരെയും ആക്രമിക്കുകയാണെന്നും ആരോ​ഗ്യമന്ത്രി ഫിറാസ് അബ്‌യാദ്‌ പറഞ്ഞു.

നേരത്തെ വടക്കൻ ഇസ്രായേൽ മേഖലയിൽ ലബനാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാത്രമായിരുന്നു ആക്രമണമെങ്കിൽ തിങ്കളാഴ്ച വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന അഥവാ യൂണിഫിൽ തെക്കൻ ലബനാനിൽ താമസിക്കുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സുരക്ഷയിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര പരിഹാരത്തിനുള്ള ആഹ്വാനം ആവർത്തിക്കുകയും സിവിലിയൻ ജീവിതത്തിന് മുൻഗണന നൽകാനും അവരെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാനും എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നതായി യൂണിഫിൽ എക്സിൽ കുറിച്ചു.

ലബനനിലുടനീളം 300ലധികം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കു നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേൽ വാദമെങ്കിലും ഇരയാകുന്നവർ സാധാരണക്കാരാണ്. പടിഞ്ഞാറൻ ബെക്കയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലബായയിലെയും യഹ്‌മോറിലെയും വീടുകളും പെട്രോൾ പമ്പും സഹ്‌മോറിലെ വീടുകളും തകർന്നതായി ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ലബനാൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. ബെയ്‌റൂത്തിൻ്റെ വിവിധ ഭാഗങ്ങളിലും തെക്കൻ പ്രാന്തപ്രദേശങ്ങളിലും ബെക്കാ താഴ്‌വരയിലും നിരവധി സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ നഴ്സറികളും അടച്ചുപൂട്ടാൻ തീരുമാനമുണ്ട്.

ഇസ്രായേൽ ആക്രമണത്തിൻ്റെ ഫലമായി തെക്കൻ ഗവർണറേറ്റുകൾ, നബാത്തി, ബെക്ക എന്നിവിടങ്ങളിലെ നിരവധി വീടുകളിലും ഫാക്ടറികളിലും വെയർഹൗസുകളിലും തീപിടിച്ചു. തീ അണയ്ക്കാൻ തങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ലബനീസ് സിവിൽ ഡിഫൻസ് അറിയിച്ചു. ഉദ്യോഗസ്ഥർ പരിക്കേറ്റവരെ ചികിത്സിക്കുന്നത് തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുകയും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാൻ ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു- സംഘടന അറിയിച്ചു.

അതേസമയം, വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഒഴിയണമെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ലെബനനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് ഇസ്രായേലിൽനിന്ന് 80,000ത്തിലധികം കോളുകൾ ലഭിച്ചതായി ലെബനാൻ ടെലികോം ഓപ്പറേറ്റർ ഒഗെറോയുടെ തലവൻ ഇമാദ് ക്രീദി പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ലെബനാനിലെയും തലസ്ഥാനമായ ബെയ്‌റൂത്തിലെയും ആളുകൾക്ക് കോളുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്.

ആളുകളെ പേടിപ്പിച്ച് ഓടിക്കാനും ലബനാനിൽ നാശവും കുഴപ്പവും ഉണ്ടാക്കാനുമുള്ള ഇസ്രായേലിന്റെ മനഃശാസ്ത്രപരമായ യുദ്ധമാണിതെന്നും ഇമാദ് ചൂണ്ടിക്കാട്ടി. ഒഴിയാനുള്ള നിർദേശത്തിനു പിന്നാലെ ആളുകൾ പലരും വീടുകൾ വിട്ട് മറ്റ് പലയിടങ്ങളിലേക്കും പോവുകയാണ്. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് തങ്ങളുടെ ഓഫീസിലേക്കും ഫോൺകോൾ വന്നതായി വാർത്താവിതരണ മന്ത്രി പറഞ്ഞു. എന്നാൽ സർക്കാർ കെട്ടിടങ്ങളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നും പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച യുഎൻ, ഇത് എത്രയും വേ​ഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ശക്തമായി തിരിച്ചടിക്കാനാണ് ഹിസ്ബുല്ലയുടെയും സഖ്യസേനകളുടേയും തീരുമാനം.

ലബനാനിൽ 37 പേർ കൊല്ലപ്പെട്ട പേജർ, വാക്കി-ടോക്കി സഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പര ആക്രമണം ശക്തമാക്കിയിരുന്നു. ഹിസ്ബുല്ല വടക്കൻ ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ രണ്ട് തവണ മിസൈൽ അയച്ചതായും ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ നിരവധി സാധാരണക്കാരെ ഇസ്രായേൽ വധിച്ചതിനുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെ, ​ഗസ്സയിലും ആക്രമണം തുടരുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനിടെ ​40 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ​ഫലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ​ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 41,434 ആയി ഉയർന്നു. 95,818 പേർക്കാണ് പരിക്കേറ്റത്. ​ഗസ്സയ്ക്കു പിന്നാലെ ലബനാനിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ പശ്ചിമേഷ്യ സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാവുകയാണ്.

TAGS :

Next Story