റമദാനിലെ 27ാം രാവ്: അൽ അഖ്സ പള്ളിയിലെത്തിയത് രണ്ട് ലക്ഷം പേർ
ചൈതന്യവും രക്തവും കൊണ്ട് അൽ അഖ്സയെ വീണ്ടെടുക്കുമെന്ന് വിശ്വാസികൾ
ജെറുസലേം: ഇസ്രായേലിന്റെ കടുത്ത ഉപരോധങ്ങൾക്കിടയിലും അൽ അഖ്സ മസ്ജിദിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ. റമദാനിലെ 27ാം രാവിൽ രാത്രി നമസ്കാരത്തിനായി രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പള്ളിയിലെത്തിയത്.
ഒക്ടോബർ ഏഴിന് ശേഷം അൽ അഖ്സയിൽ ഇത്രയുമധികം വിശ്വാസികളെത്തുന്നത് ആദ്യമായാണ്. കൂടാതെ റമദാനിലെ അവസാനത്തെ ജുമുഅക്ക് 1.2 ലക്ഷം പേർ എത്തിയതായാണ് കണക്ക്.
പ്രാർഥനാ നിർഭരമായിരുന്നു അൽ അഖ്സയിലെ 27ാം രാവ്. നമസ്കാരത്തിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൈതന്യവും രക്തവും കൊണ്ട് ഞങ്ങൾ അൽ അഖ്സയെ വീണ്ടെുക്കുമെന്ന് വിശ്വാസികൾ ഉച്ചത്തിൽ പറയുന്നത് വീഡിയോയിൽ കേൾക്കാം. കൂടാതെ ഹമാസിന് കീഴിലുള്ള അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദയെയും ഇവർ പുകഴ്ത്തുന്നുണ്ട്.
അതേസമയം, ഇസ്രായേൽ സൈന്യം വിശ്വാസികൾക്ക് നേരെ ഡ്രോൺ വഴി കണ്ണീർ വാതകം പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജെറൂസലേമിൽ ഇസ്രായേൽ പൊലീസ് കൂടുതൽ പേരെ വിന്യസിച്ചിട്ടുണ്ട്. പഴയ നഗരത്തിലും അൽ അഖ്സ മസ്ജദിലുമായി 3600 പൊലീസുകാരാണുള്ളത്.
വിശ്വാസികൾക്ക് നേരെയുള്ള ഇസ്രായേൽ അതിക്രമത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ ശക്തമായി അപലപിച്ചു. വിഷലിപ്തമായ ഗ്യാസ് ബോംബും ടിയർ ഗ്യാസുമാണ് വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പൊലീസ് ഉപയോഗിച്ചത്. ഇത് കാരണം നിരവധി പേർക്കാണ് പരിക്കേറ്റത്. കൂടാതെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.
ആരാധനാ സ്വാതന്ത്ര്യത്തിനും അധിനിവേശ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയ്ക്കും മേലുള്ള എല്ലാ ലംഘനങ്ങളും നിർത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അനുഗ്രഹീതമായ അൽ-അഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവി സംരക്ഷിക്കേണ്ടതുണ്ട്. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും ഗസ്സയിലെ എല്ലാ ഭാഗങ്ങളിലും മാനുഷിക സഹായം ലഭ്യമാക്കാൻ യു.എൻ പ്രമേയങ്ങളും പൂർണ്ണമായും നടപ്പാക്കണമെന്നും ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.
ഗസ്സക്കെതിരായ ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യ 184 ദിവസമായിട്ട് തുടരുകയാണ്. ഇതുവരെ 33,091 പേരാണ് ഗസ്സയിലെ കൊല്ലപ്പെട്ടത്. കൂടാതെ 75,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാനിലും കടുത്ത ദുരിതത്തിലൂടെയാണ് ഫലസ്തീൻ ജനത കടന്നുപോകുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ജനം ദുരിതക്കയത്തിലാണ്. മാനുഷിക സഹായം എത്തിക്കുന്നവർക്ക് നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നുണ്ട്.
Adjust Story Font
16