മൊറോക്കോയില്‍ വന്‍ഭൂചലനം; 296 മരണം
പരിക്കേറ്റ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
People take shelter and check for news on their mobile phones after an earthquake in Rabat
റബത്ത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വന്‍ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിനു പുറത്താണ് ഏറ്റവും കൂടുതല്‍നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, നാശനഷ്ടത്തിന്‍റെ തോത് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മാരാക്കേക്കിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ (43.5 മൈൽ) തെക്ക് അറ്റ്ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.വെള്ളിയാഴ്ച രാത്രി 11.11നുണ്ടായ ഭൂചലനത്തിന്‍റെ തീവ്രത 6.8 ആയിരുന്നുവെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏതാനും സെക്കന്‍ഡുകളോളം ഇതു നീണ്ടുനിന്നു. 19 മിനിറ്റിനുശേഷം റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ഏജൻസി അറിയിച്ചു. മൊറോക്കോയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ആഫ്രിക്കയിൽ ഭൂകമ്പങ്ങൾ താരതമ്യേന അപൂർവമാണ്. എന്നാല്‍ 1960ല്‍ അഗാദിറിന് സമീപം റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി."മൊറോക്കോയിലെ ഭൂകമ്പത്തിൽ നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. ഈ ദുരന്ത മണിക്കൂറിൽ, എന്‍റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു'' മോദി എക്സില്‍ കുറിച്ചു.
Adjust Story Font
16