Quantcast

യെമനിൽ ഇസ്രായേൽ ​വ്യോമാക്രമണം: 3 പേർ കൊല്ലപ്പെട്ടു

തെൽ അവീവ് ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരമാണ്​ ഹുദൈദക്ക്​ നേരെയുള്ള സൈനിക നടപടിയെന്ന്​ ഇസ്രായേൽ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    21 July 2024 1:00 AM GMT

യെമനിൽ  ഇസ്രായേൽ ​വ്യോമാക്രമണം:  3 പേർ കൊല്ലപ്പെട്ടു
X

ഹുദൈദ: യെമനിലെ ഹുദൈദയിൽ ഇസ്രായേൽ നടത്തിയ ​വ്യോമാക്രമണത്തിൽ മൂന്ന് മരണം. ഹുദൈദ തുറമുഖത്തോടുചേർന്ന എണ്ണ സംഭരണ, വൈദ്യുത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നത്. 87 പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക ടെലിവിഷൻ ചാനലായ അൽമസീറ ടി.വി അറിയിച്ചു. വ്യാപക നാശനഷ്ടം സംഭവിച്ചതായാണ്​ റിപ്പോർട്ട്​.

തെൽ അവീവ് ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരമാണ്​ ഹുദൈദക്ക്​ നേരെയുള്ള സൈനിക നടപടിയെന്ന്​ ഇസ്രായേൽ അറിയിച്ചു. ആ​ക്രമണത്തിൽ തങ്ങൾ നേരിട്ട്​ പ​ങ്കെടുത്തില്ലെന്നാണ്​ അമേരിക്കൻ പ്രതികരണം. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക്​ നേരെ കഴിഞ്ഞ മാസങ്ങളിൽ ഹൂതികൾ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇരുനൂറോളം ഡ്രോണുകൾ ഹൂതികൾ ഇസ്രായേലിനു നേരെ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടയിൽ അയച്ചതായും എന്നാൽ ഇപ്പോൾ മാത്രമാണ്​ തങ്ങൾ തിരിച്ചടിക്കുന്നതെന്നും സൈനിക നേതൃത്വം അറിയിച്ചു.

ഹൂതികൾക്കും അവരെ പിന്തുണക്കുന്നവർക്കുമുള്ള മുന്നറിയിപ്പാണിതെന്നും പറഞ്ഞു. എന്നാൽ ഗസ്സക്കുള്ള പിന്തുണയിൽ മാറ്റമില്ലെന്നും ഇസ്രായേലിനു കടുത്ത മറുപടി ഉറപ്പാണെന്നും ഹൂതികൾ മുന്നറിയിപ്പ്​ നൽകി. ഈലാത്​ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽ പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. യെമന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ഇറാനും ഈജിപ്​തുമടക്കമുള്ള രാജ്യങ്ങൾ അപലപിച്ചു. ​ഇതോടെ ഗസ്സ യുദ്ധത്തിന് കൂടുതൽ വ്യാപ്​തി വന്നേക്കുമെന്ന ആശങ്കയും വ്യാപകമാണ്​.

മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയ മൂന്ന് വ്യോമാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. നുസൈറത്ത്, ബുറൈജ് അഭയാർഥി ക്യാമ്പുകളിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടും. അതേസമയം, വെടിനിർത്തൽ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ യാഥാർഥ്യമാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.


TAGS :

Next Story