കൊന്നുതളളിയത് 3 ദശലക്ഷം പേരെ; ആരാണ് ബംഗ്ലാദേശിൽ ചർച്ചയാകുന്ന റസാക്കാറുകൾ?
ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം കടക്കുന്നത് റസാക്കാറുകളെ ചൊല്ലിയാണ്
സർക്കാർ ജോലികൾക്കുള്ള ക്വാട്ട സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം ബംഗ്ലാദേശിൽ രാഷ്ട്രീയ വിഷയമായി മാറിയേക്കാമെന്ന അനുമാനത്തിലേക്ക് കടക്കുമ്പോൾ നിലവിൽ ചർച്ച ചെയ്യപ്പെടുന്നത് പ്രക്ഷോഭകാരികളായ വിദ്യാർഥികൾ ഉപയോഗിക്കുന്ന 'റസാക്കാർ' മുദ്രാവാക്യമാണ്. പ്രക്ഷോഭികാരികളെ റാസാക്കാർ എന്ന് വിളിച്ച പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്കുള്ള മറുമരുന്നായാണ് അവർ ഇപ്പോൾ റാസാക്കാർ ഉപയോഗിച്ച് വരുന്നത്. ഈ സാഹചര്യത്തിലാണ് എന്താണ് റസാക്കാറുകൾ? ആരാണ് റാസാക്കാറുകൾ? തുടങ്ങിയ ചോദ്യങ്ങൾ പരിശോധിക്കപ്പെടേണ്ടത്. നമുക്ക് നോക്കാം ആരാണ് റസാക്കാറുകൾ?
ആരാണ് റസാക്കാറുകൾ?
1971 ലെ ബംഗ്ലാദേശ് വിമോചന കാലത്ത് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ഒറ്റക്കൊടുത്ത് പാകിസ്താൻ പക്ഷം ചേർന്നവരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമാണ് ' റസാക്കാർ' എന്നത്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ, 'ബംഗാളിലെ കശാപ്പുക്കാരൻ' എന്ന് അറിയപ്പെട്ട കുപ്രസിദ്ധനായ ജനറൽ ടിക്കാ ഖാൻ പ്രാദേശികമായി റിക്രൂട്ട് ചെയ്ത അർദ്ധസൈനിക സേനയാണ് ഇവർ. പാക് സൈന്യവുമായി സഹകരിച്ച് സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ ഒറ്റിക്കൊടുത്ത റസാക്കാർമാർ അവരോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരകളായിരുന്നു. ബഹുഭൂരിപക്ഷം പാകിസ്ഥാൻ അനുകൂല ബംഗാളികളും ബിഹാറികളുമായിരുന്ന അവർ പാക് സൈന്യം നടത്തിയ റെയ്ഡുകളിൽ മുൻപന്തിയിൽ നിന്നു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. കുട്ടികളെയുൾപ്പെടെ കണക്കില്ലാത്ത നിരവധിപേരെ നിഷ്ക്കരുണം കൊന്നുകളഞ്ഞു. ആളുകളുടെ വാസസ്ഥലങ്ങൾക്ക് തീയിട്ടു.
അൽ-ബദർ, അൽ-ഷാംസ് തുടങ്ങിയ തീവ്ര മത മിലിഷ്യകൾക്കൊപ്പം ചേർന്ന് റസാക്കർമാർ തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപിച്ചു. ബംഗ്ലാദേശിലെ പാകിസ്ഥാൻ അധിനിവേശത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയർത്തിയ സാധാരണക്കാരെയും വിദ്യാർഥികളേയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും അവർ ലക്ഷ്യമിട്ടു. പിന്നെ ഇല്ലാതാക്കാനുള്ള ശ്രമം. ഇന്ത്യൻ സൈന്യത്തിൻ്റെ പിന്തുണയുള്ള ഗറില്ലാ പ്രതിരോധ പ്രസ്ഥാനമായ മുക്തി ബാഹിനിയെ ചെറുക്കാനായിരുന്നു അൽ-ബദറുൻേയും അൽ-ഷാമുമിന്റേയും കടന്നു വരവ്.
വഞ്ചനയുടെ പര്യായമായി മാറിയ റസാക്കർമാരുടെ ക്രൂരതകളുടെ അനന്തരഫലം തീർത്താൽ തീരാത്ത നഷ്ടങ്ങൾ മാത്രമായിരുന്നു. 3 ദശലക്ഷം ബംഗാളികൾ മരണപ്പെട്ടു. 4 ദശലക്ഷം സ്ത്രീകൾ ബലാത്സംഗത്തിനിരയായി. ഇത്രയും കിരാതമായ ചെയ്തികളുടെ ഉപജ്ഞാതക്കളായിരുന്ന റസാക്കറുകൾ അധികമാരും താരതമ്യപ്പെടുത്താൻപ്പോലും ആഗ്രഹിക്കാത്ത ചരിത്രത്തിൻ്റെ ഭാഗമാണ്. അവരാണ് വീണ്ടും ബംഗ്ലാദേശിനെ വേട്ടയാടുന്നത്.
ലിബറേഷൻ അനുകൂല ബംഗ്ലാദേശികളുടെ കണ്ണിൽ വഞ്ചനയുടെ പ്രതീകമായിരുന്ന റസാക്കർ പരാമർശം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ വികാരത്തെ വ്രണപ്പെടുത്തി. "നിങ്ങൾ ആരാണ്? ഞാൻ ആരാണ്? റസാക്കാർ, റസാക്കാർ!" ബംഗ്ലാദേശിലെ തെരുവുകളിലുടനീളമുള്ള വിദ്യാർത്ഥി പ്രക്ഷോഭകർക്ക് ഇപ്പോൾ ഇതൊരു യുദ്ധമുറണ്.
റസാക്കാറുകൾ ചർച്ചയായതെങ്ങനെ?
ജൂലൈ 14നായിരുന്നു പ്രധാനമന്ത്രി ഷെയ്ക് ഹസീന വിവാദ പരാമർശം നടത്തിയത്. പ്രകടനങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പരാമർശത്തെ തുടർന്നാണ് അക്രമം രൂക്ഷമായത്. "സ്വാതന്ത്ര്യ സമര സേനാനികളുടെ കൊച്ചുമക്കൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ, അത് ആർക്കാണ് ലഭിക്കുക? റസാക്കറുടെ കൊച്ചുമക്കൾക്കോ? എന്നായിരുന്ന അവരുടെ പരാർശം. ഇതിൽ ക്ഷുഭിതരായാണ് വിദ്യാർഥികൾ "തുയി കേ? ആമി കേ? റസാക്കർ, റസാക്കർ! (നിങ്ങൾ ആരാണ്? ഞാൻ ആരാണ്? റസാക്കർ, റസാക്കർ!)" മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പ്രക്ഷേഭം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം അവർ നർസിൻഡിയിലെ സെൻട്രൽ ജയിൽ ആക്രമിക്കുകയും തടവുകാരെ മോചിപ്പിക്കുകയും ജയിലിന് തീയിടുകയും ചെയ്തു. പ്രതിഷേധങ്ങൾക്കിടെ മരിച്ചത് കുറഞ്ഞത് 115 പേരാണ്.
പ്രക്ഷോഭ കാരണം
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം അടക്കം സർക്കാർ ജോലികളിൽ നിലനിൽക്കുന്ന ക്വാട്ട സംവരണം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ നയിക്കുന്ന ബംഗ്ലാദേശിൽ സംവരണവിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 2018ൽ സർക്കാർ ഈ സംവരണം നിർത്തിവെച്ചിരുന്നു. എന്നാൽ 2024ൽ ജൂൺ മാസത്തിൽ ഹൈക്കോടതി ഇത് പുന:സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നാലാഴ്ചത്തേയ്ക്ക് ഹൈക്കോടതി തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലായതോടെ തീരുമാനം കോടതി എടുക്കട്ടെയെന്ന നിലപാടിലാണ് ഷെയ്ഖ് ഹസീന. സുപ്രീം കോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും സമാധാനം പാലിക്കാനുമാണ് ഷേയ്ഖ് ഹസീന ആഹ്വാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് സർക്കാർ വാദം കേൾക്കാനാണ് സുപ്രിംകോടതിയുടെ കോടതിയുടെ തീരുമാനം.
Adjust Story Font
16