Quantcast

ലൈംഗികാരോപണം; ബൊളീവിയിലെ 35 കത്തോലിക്കാ പുരോഹിതന്‍മാര്‍ക്കെതിരെ അന്വേഷണം

2009ൽ ബൊളിവീയയില്‍ മരിച്ച സ്പാനിഷ് പുരോഹിതന്‍റെ സ്വകാര്യ ഡയറിയിലെ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    28 Jun 2023 10:20 AM GMT

Catholic Church
X

പ്രതീകാത്മക ചിത്രം

ലാ പാസ്: ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ഒരു ഡസനിലധികം പേരുടെ ആരോപണത്തത്തെ തുടര്‍ന്ന് ബൊളീവിയന്‍ കത്തോലിക്കാ സഭയിലെ 35 പുരോഹിതന്‍മാര്‍ക്കെതിരെ അന്വേഷണം. 2009ൽ ബൊളിവീയയില്‍ മരിച്ച സ്പാനിഷ് പുരോഹിതന്‍റെ സ്വകാര്യ ഡയറിയിലെ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. താന്‍ ലൈംഗിക ദുരുപയോഗം നടത്തിയിട്ടുണ്ടെന്ന കുറ്റസമ്മതമാണ് ഡയറിലുണ്ടായിരുന്നത്. ഈ കോലാഹലങ്ങള്‍ക്കിടെയാണ് പുരോഹിതന്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

“നിലവിൽ 35 പേർ പ്രതികളാണ്, അന്വേഷണം പുരോഗമിക്കുകയാണ്,” ബൊളീവിയൻ അറ്റോർണി ജനറലിന്‍റെ ഓഫീസിലെ ഡിപ്പാർട്ട്‌മെന്‍റ് മേധാവി ഡാനിയേല കാസെറസ് പത്രസമ്മേളനത്തിൽ പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയായ 17 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഇവരുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും ഡാനിയേല കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്പാനിഷ് പുരോഹിതന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1970-കളുടെ തുടക്കം മുതൽ ബൊളീവിയയിൽ 80-ലധികം പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗം ചെയ്തുവെന്നാണ് അൽഫോൻസോ പെദ്രജാസ് എന്ന പുരോഹിതന്‍ ഡയറിയില്‍ എഴുതിയിരുന്നത്. ഇതിനെക്കുറിച്ച് സ്പാനിഷ് ദിനപത്രമായ എൽ പൈസ് ഏപ്രിലിൽ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം.തന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് മുതിർന്ന പുരോഹിതന്മാർക്ക് അറിയാമായിരുന്നെന്നും അവര്‍ നിശബ്ദത പാലിച്ചുവെന്നും പുരോഹിതന്‍ ഡയറിയില്‍ കുറിച്ചിരുന്നു. പെദ്രജാസിന്‍റെ ഡയറിയുടെ ഒരു പകർപ്പ് ബൊളീവിയയിലെ സൊസൈറ്റി ഓഫ് ജീസസ് അവർക്ക് കൈമാറിയതായി പ്രോസിക്യൂട്ടർമാർ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

എന്നാൽ ഡയറി പൂർണ്ണമല്ലെന്നും ചില പേജുകൾ ഒഴിവാക്കുകയും ചില ഭാഗങ്ങൾ മായ്‌ക്കുകയും ചെയ്‌തതായി കാസെറസ് പറഞ്ഞു.ബൊളീവിയൻ അധികൃതർ മുഴുവൻ രേഖയും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അല്ലെങ്കിൽ സ്പാനിഷ് പ്രോസിക്യൂട്ടർമാരുടെ സഹകരണം അഭ്യർത്ഥിക്കുമെന്നും അവർ വ്യക്തമാക്കി. പുരോഹിതന്മാർ നടത്തിയ ലൈംഗികാതിക്രമങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ ലജ്ജയും നിരാശയും പ്രകടിപ്പിച്ചതായി ബൊളീവിയൻ പ്രസിഡന്‍റേ ലൂയിസ് ആർസെ ജൂൺ മധ്യത്തിൽ പുറത്തിറക്കിയ കത്തിൽ പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ള വൈദികർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആർസെസ് സർക്കാർ വത്തിക്കാനുമായി ചർച്ച നടത്തി.പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി കത്തോലിക്കാ സഭ നാല് കമ്മീഷനുകളും രൂപീകരിച്ചിട്ടുണ്ട്.

TAGS :

Next Story