'ഒറ്റ രാത്രിയിൽ 36 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു'; വെളിപ്പെടുത്തി ജൂത പുരോഹിതൻ
ഇസ്രായേൽ സൈന്യത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയ കാര്യമാണ് റബ്ബി ഒരു ആരാധനാലയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെ തുറന്നുപറഞ്ഞത്.
ജെറുസലേം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കുള്ള തിരിച്ചടിയിൽ ഒറ്റ രാത്രി 36 സൈനികരെ ഹമാസ് വകവരുത്തിയെന്ന വെളിപ്പെടുത്തലുമായി മുതിർന്ന ജൂത പുരോഹിതൻ. ഇസ്രായേലി റബ്ബിയായ ബറൂച്ച് റോസെൻബ്ലമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രായേൽ സൈന്യത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയ കാര്യമാണ് റബ്ബി നവംബർ ഒമ്പതിന് ഒരു ആരാധനാലയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെ തുറന്നുപറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
ഗസ്സയിൽ ഒറ്റ രാത്രി മൂന്ന് ഇസ്രായേലി 'നമെർ' കവചിത വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും അതിലുണ്ടായിരുന്ന 36 ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും ചെയ്തെന്ന് ഇസ്രായേൽ സൈന്യത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നോടു പറഞ്ഞതായി റബ്ബി ബറൂച്ച് റോസെൻബ്ലം പറഞ്ഞു. ഗസ്സയിൽ ആരംഭിച്ച ഇസ്രായേൽ കൂട്ടക്കുരുതിയുടെ രണ്ടാം വാരത്തിലായിരുന്നു ഇത്തരമൊരു തിരിച്ചടി ലഭിച്ചത്.
റബ്ബി നടത്തിയ പ്രസംഗത്തിൽ നിന്ന്- ''നമ്മളിപ്പോൾ ഗസ്സയിലെ യുദ്ധത്തിന്റെ രണ്ടാം വാരത്തിലാണ്. ഇന്നലെ ഞാനൊരു ഉന്നത ഉദ്യോഗസ്ഥനുമായി സംസാരിച്ചു. അദ്ദേഹമെന്റെ വിദ്യാർഥികളിൽ ഒരാളാണ്. എന്താണ് താങ്കളുടെ അവസ്ഥയെന്നും കഴിഞ്ഞ രാത്രി എത്ര മണിക്കൂർ താങ്കൾ ഉറങ്ങിയെന്നും ഞാനദ്ദേഹത്തോട് ചോദിച്ചു. മിക്ക പോരാട്ടവും രാത്രിയിലാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ടെന്നും അദ്ദേഹമെന്നോട് പറഞ്ഞു. അക്കാര്യം നിങ്ങൾക്ക് കേൾക്കണോ എന്നും ചോദിച്ചു''.
''തുടർന്ന് അദ്ദേഹം പറഞ്ഞു തുടങ്ങി- 'ഞാൻ കഴിഞ്ഞ രാത്രി ഓപറേഷൻ കമാൻഡ് സ്‌റ്റേഷനിലേക്ക് പോയപ്പോൾ കണ്ട കാര്യമാണ്. മുറിയിൽ വലിയ സ്‌ക്രീനുകൾ വച്ചിട്ടുണ്ട്. എല്ലാ സൈനികരുടെയും മുകളിൽ നിന്നുള്ള ദൃശ്യം നിങ്ങൾക്ക് ആ സക്രീനിൽ കാണാം. എന്തൊക്കെയാണ് ഓരോയിടത്തും സംഭവിക്കുന്നതെന്നും കാണാം. കമാൻഡ് സ്‌റ്റേഷനിൽ ഞാൻ പ്രവേശിക്കുന്നത് പോലും എനിക്ക് കാണാം. അവിടെയിരുന്ന എല്ലാവരും ഓർഡറുകൾ കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിനിടെ കമാൻഡർമാർ തലയിൽ കൈവച്ചിരിക്കുന്നത് ഞാൻ കണ്ടു. എന്തുപറ്റിയെന്ന് ഞാൻ അവരോട് ചോദിച്ചു. എന്ത് പറ്റിയെന്ന് വന്ന് സ്‌ക്രീനിൽ നോക്കാൻ അവരെന്നോടു പറഞ്ഞു'.
'ഞാൻ നോക്കിയപ്പോൾ മൂന്ന് സായുധ വാഹനങ്ങൾ നിന്നുകത്തുകയാണ്. അവ 'നമെർ' വിഭാഗത്തിൽപ്പെട്ട സായുധ വാഹനങ്ങളാണെന്ന് ഞാൻ അവരോട് പറഞ്ഞു. അവയിൽ മൂന്നെണ്ണം അഗ്നിക്കിരയാവുകയാണ്. ഓരോ വാഹനത്തിലും 12 സൈനികർ വീതമുണ്ടായിരുന്നു. ആ മൂന്നു വാഹനങ്ങളും ഒന്നിനുപിറകെ ഒന്നായി ആക്രമിക്കപ്പെടുകയായിരുന്നു. 36 സൈനികർ കൊല്ലപ്പെട്ടു. ഇതുകണ്ട് എല്ലാ കമാൻഡർമാരും തലയിൽ കൈവച്ച് പറയുകയാണ്, 'യുദ്ധം ആരംഭിച്ച് ഇതുവരെ ഒറ്റ രാത്രി 36 സൈനികർ കൊല്ലപ്പെട്ട ദിവസം ഉണ്ടായിട്ടില്ല' എന്ന്. നോക്കൂ. ഒരു രാത്രി അവരെത്ര വലിയ ഭയത്തിലായിരുന്നു എന്ന് ((പുരോഹിതൻ പറയുന്നു). അവരതേ ഇരുപ്പ് ഏതാണ്ട് 15 മിനിറ്റോളം ഇരുന്നു'.
'തുടർന്ന് അവരിലൊരു കമാൻഡർ മറ്റൊരു സൈനികനെ ബന്ധപ്പെട്ട് ചോദിച്ചു- 'നിങ്ങൾക്കെന്നെ കേൾക്കാനാവുന്നുണ്ടോ'. ഉണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, നിങ്ങളെവിടെയാണെന്ന് കമാൻഡർ ചോദിച്ചു. ആദ്യ വാഹനത്തിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിയോടിയെന്ന് സൈനികൻ പറഞ്ഞു. ഞങ്ങൾ കുടുങ്ങി, ഞങ്ങൾക്ക് അനങ്ങാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ തന്നെ കുടുങ്ങിക്കഴിയേണ്ടിവന്നാൽ ഹമാസിന്റെ ആയുധങ്ങൾ ഞങ്ങളെ തേടിയെത്തുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങളെ ആക്രമിക്കുമെന്നും അറിയാമായിരുന്നു. അവർ ഞങ്ങൾക്കു നേരെ വെടിയുതിർപ്പോൾ ഞങ്ങൾക്കത് തടയാനായില്ല. വാതിൽ തുറന്ന് ഇറങ്ങിയോടാൻ ഞാൻ പറഞ്ഞു. അങ്ങനെ ആദ്യ വാഹനത്തിലുണ്ടായിരുന്ന 12 സൈനികരും ഇറങ്ങിയോടി. അവരോടൊപ്പം ഞങ്ങളും ഇറങ്ങിയോടി. ഒപ്പം രണ്ടാമത്തെയും മൂന്നാമത്തെയും വാഹനത്തിലുള്ളവരും ഇറങ്ങിയോടി. എന്നാൽ ഞങ്ങൾ ഓടുന്നത് ഹമാസ് കണ്ടു. അവർ ടാങ്ക് മേധ മിസൈലുകൾ സൈനികർക്കുനേരെ തൊടുത്തുവിട്ടു. മൂന്നു നമെർ സായുധ വാഹനങ്ങളും തകർത്തു''- സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി റബ്ബി വിശദീകരിച്ചു.
അതേസമയം, ഇതുവരെ 391 ഇസ്രായേലി സൈനികരാണ് ഹമാസ് ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ ദി ടൈസിനെ ഉദ്ധരിച്ച് തുർക്കിഷ് വാർത്താ ഏജൻസിയായ അനാദൊലു റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഗസ്സയിൽ താൽക്കാലികമായി വെടിനിർത്തിയെങ്കിലും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ആറ് ഫലസ്തീനികളാണ് ഇന്ന് ഇസ്രായേൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
Adjust Story Font
16