Quantcast

കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ലഭിച്ചത് മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ 45 ബാഗുകള്‍

മെയ് 20 മുതൽ കാണാതായ ഏഴ് പേര്‍ക്കായുള്ള തെരച്ചിലിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗുകൾ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    2 Jun 2023 12:53 PM GMT

45 Bags With Human Body Parts Found In Mexico Ravine
X

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മലയിടുക്കിൽ നിന്ന് 45 ബാഗുകളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പടിഞ്ഞാറൻ മെക്‌സിക്കോയിലെ ജാലിസ്‌കോയിലാണ് സംഭവം. മെയ് 20 മുതൽ കാണാതായ ഏഴ് പേര്‍ക്കായുള്ള തെരച്ചിലിനിടെയാണ് ബാഗുകൾ കണ്ടെത്തിയത്. ഇതിൽ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുണ്ടെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

വ്യത്യസ്ത ദിവസങ്ങളിൽ അഞ്ച് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കാണാതായത്. അവരെല്ലാം ഒരേ കോൾ സെന്ററിൽ ജോലി ചെയ്തിരുന്നവരാണ്. മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയ അതേ പ്രദേശത്താണ് ഈ കോൾ സെന്റർ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ കാണാതായവരുടെ മൃതദേഹമാണോ ബാഗുകളിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. കോൾ സെന്റർ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ ഇവിടെ നിന്നും കഞ്ചാവ്, രക്തം പുരണ്ട തുണികൾ, ചില ഇടപാടുകളുടെ രേഖകൾ തുടങ്ങിയവ അധികൃതർ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരകളെ കുറ്റവാളികളാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് കാണാതായവരുടെ ബന്ധുക്കൾ ആരോപിച്ചു.

ജാലിസ്‌കോയില്‍ നിന്ന് നേരത്തെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 2021ൽ ജാലിസ്കോയിലെ ടൊണാല മുനിസിപ്പാലിറ്റിയിൽ 11 പേരുടെ മൃതദേഹാവശിഷ്ടങ്ങളുള്ള 70 ബാഗുകൾ കണ്ടെത്തി. 2019ൽ 29 പേരുടെ മൃതദേഹങ്ങൾ 119 ബാഗുകളിലായി സപ്പോപാനിലെ ജനവാസമില്ലാത്ത പ്രദേശത്ത് കണ്ടെത്തി. 2018 മാർച്ചിൽ മൂന്ന് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 33 പേരുടെ ശരീര ഭാഗങ്ങൾ ഈ മേഖലയിൽ നിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. 2006 ഡിസംബറിൽ ആരംഭിച്ച വിവാദമായ മയക്കുമരുന്ന് വേട്ടക്ക് ശേഷം മെക്‌സിക്കോയിൽ 3 ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തോളം പേരെ കാണാതായി.

Summary- At least 45 bags with human body parts were found in a ravine in the western Mexican state of Jalisco during a search for seven young people reported missing last week

TAGS :

Next Story